Image

പിഎം ശ്രീ പദ്ധതി: മുഖ്യമന്ത്രി വി.ഡി. സതീശൻ കള്ളം പറയുന്നു, യു.ഡി.എഫ് സർക്കാർ ബി.ജെ.പിക്ക് കീഴടങ്ങിയെന്ന് എം.വി. ഗോവിന്ദൻ;

Published on 17 June, 2026
പിഎം ശ്രീ പദ്ധതി: മുഖ്യമന്ത്രി വി.ഡി. സതീശൻ കള്ളം പറയുന്നു, യു.ഡി.എഫ് സർക്കാർ ബി.ജെ.പിക്ക് കീഴടങ്ങിയെന്ന് എം.വി. ഗോവിന്ദൻ;

​കണ്ണൂർ: പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വി.ഡി. സതീശൻ ജനങ്ങളോട് കള്ളം പറയുകയാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. മുൻ എൽ.ഡി.എഫ് സർക്കാർ പദ്ധതിയിൽ ഒപ്പിട്ട് പണം വാങ്ങിയെന്ന മുഖ്യമന്ത്രിയുടെ വാദം പൂർണമായും തെറ്റാണെന്നും അദ്ദേഹം കണ്ണൂരിൽ മാധ്യമങ്ങളോട് പറഞ്ഞു. യു.ഡി.എഫ് സർക്കാർ അധികാരത്തിൽ വന്നതോടെ ബി.ജെ.പിക്ക് മുന്നിൽ പൂർണമായി കീഴടങ്ങുന്ന നിലപാടാണ് സ്വീകരിക്കുന്നതെന്നും എം.വി. ഗോവിന്ദൻ കുറ്റപ്പെടുത്തി.

​പിഎം ശ്രീ പദ്ധതി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് മുൻപ് പ്രതിപക്ഷത്തിരുന്നപ്പോൾ യു.ഡി.എഫും ലീഗ് നേതാക്കളും ഉന്നയിച്ച ആരോപണങ്ങൾ എം.വി. ഗോവിന്ദൻ ചൂണ്ടിക്കാട്ടി. ഇത് സി.പി.എമ്മും ബി.ജെ.പിയും തമ്മിലുള്ള ഡീലാണെന്നും, അധികാരത്തിൽ വന്നാൽ ഒരു കാരണവശാലും പദ്ധതി തുടരില്ലെന്നും സതീശൻ അന്ന് അടിവരയിട്ട് പറഞ്ഞിരുന്നു. പദ്ധതി അറബിക്കടലിൽ തള്ളുമെന്ന് പറഞ്ഞവർ ഇപ്പോൾ ഭരണപക്ഷത്തെത്തിയപ്പോൾ നിലപാട് മാറ്റുക മാത്രമല്ല, ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ വലിയ കള്ളങ്ങൾ പ്രചരിപ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

​മുൻ ഇടതുപക്ഷ സർക്കാർ പദ്ധതിയുടെ ഭാഗമായി ഒരു നയാപൈസ പോലും വാങ്ങിയിട്ടില്ലെന്ന് എം.വി. ഗോവിന്ദൻ വ്യക്തമാക്കി. ഏതെല്ലാം സ്കൂളുകളിലാണ് ഇത് നടപ്പാക്കേണ്ടതെന്ന് പോലും തീരുമാനിച്ചിരുന്നില്ലെന്നും, പദ്ധതി പൂർണമായി മരവിപ്പിക്കുകയാണ് മുൻ സർക്കാർ ചെയ്തതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, പിഎം ശ്രീ പദ്ധതിയുമായി മുന്നോട്ട് പോകുമെന്നും ഇടതു സർക്കാർ നേരത്തെ ഒപ്പുവെച്ചതിനാൽ കേരളം ഇതിനകം തന്നെ പദ്ധതിയുടെ ഭാഗമാണെന്നുമാണ് മന്ത്രിസഭാ യോഗത്തിന് ശേഷം മുഖ്യമന്ത്രി വി.ഡി. സതീശൻ മാധ്യമങ്ങളോട് വ്യക്തമാക്കിയത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക