
ഹരിപ്പാട്: പതിനഞ്ചുവയസുകാരിയായ പത്താം ക്ലാസ് വിദ്യാർഥിനിയെ ക്രൂരമായ പീഡനത്തിന് ഇരയാക്കിയ സംഭവത്തിൽ മൂന്ന് ബന്ധുക്കൾ ഉൾപ്പെടെ നാലുപേർക്കെതിരെ പോലീസ് കേസെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ വീയപുരം പോലീസ് അറസ്റ്റ് ചെയ്തു. കേസിൽ ഉൾപ്പെട്ട മറ്റ് രണ്ടുപ്രതികൾ നിലവിൽ ഒളിവിലാണ്. ഇവർക്കായുള്ള തിരച്ചിൽ പോലീസ് ശക്തമാക്കിയിട്ടുണ്ട്. അറസ്റ്റിലായ പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
വീയപുരം സ്വദേശിനിയായ പെൺകുട്ടിയെ കാണാനില്ലെന്ന് കാണിച്ച് കഴിഞ്ഞ ദിവസം ബന്ധുക്കൾ പോലീസിൽ പരാതി നൽകിയിരുന്നു. കഴിഞ്ഞ ദിവസം പെൺകുട്ടി സുഹൃത്തിനൊപ്പം ആലപ്പുഴയിലെ വിനോദസഞ്ചാര കേന്ദ്രത്തിൽ പോയതിന് പിന്നാലെയായിരുന്നു ഇത്. തുടർന്ന് പോലീസ് നടത്തിയ ഊർജിതമായ അന്വേഷണത്തിനൊടുവിലാണ് പെൺകുട്ടിയെയും സുഹൃത്തിനെയും കണ്ടെത്തിയത്.
തുടർന്ന് സ്റ്റേഷനിലെത്തിച്ച് പോലീസ് പെൺകുട്ടിയെ വിശദമായി ചോദ്യം ചെയ്യുന്നതിനിടയിലാണ് താൻ നേരിട്ട ക്രൂരമായ പീഡനവിവരം കുട്ടി തുറന്നുപറയുന്നത്. പെൺകുട്ടിയെ പീഡിപ്പിച്ചവരിൽ മൂന്നുപേരും കുട്ടിയുടെ ഏറ്റവും അടുത്ത ബന്ധുക്കളാണെന്നാണ് പോലീസ് നൽകുന്ന സൂചന. മാതാവ് ഒപ്പമില്ലാത്ത പെൺകുട്ടി നിലവിൽ അച്ഛന്റെ കൂടെയാണ് താമസിച്ചുവരുന്നത്. ഒളിവിലുള്ള പ്രതികളെ ഉടൻ തന്നെ വലയിലാക്കുമെന്ന് പോലീസ് അറിയിച്ചു.