Image

ഇൻഡിഗോ വിമാനത്തിലെ മർദ്ദനക്കേസ്; ഇ.പി ജയരാജനെതിരായ മർദ്ദന പരാതിയിൽ തുടരന്വേഷണത്തിന് എസ്.ഐ.ടി

Published on 17 June, 2026
ഇൻഡിഗോ വിമാനത്തിലെ മർദ്ദനക്കേസ്; ഇ.പി ജയരാജനെതിരായ മർദ്ദന പരാതിയിൽ തുടരന്വേഷണത്തിന് എസ്.ഐ.ടി

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഇന്‍ഡിഗോ വിമാനത്തില്‍ വെച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകർ പ്രതിഷേധിച്ച സംഭവത്തിൽ, എൽ.ഡി.എഫ് മുൻ കൺവീനറും സി.പി.എം നേതാവുമായ ഇ.പി. ജയരാജനെതിരായ മർദ്ദന പരാതി അന്വേഷിക്കാൻ പ്രത്യേക സംഘത്തെ (എസ്.ഐ.ടി) നിയോഗിച്ചു. സിറ്റി പൊലീസ് കമ്മീഷണറുടെ പ്രത്യേക തീരുമാനപ്രകാരമാണ് എ.സി.പിയുടെ നേതൃത്വത്തിലുള്ള എസ്.ഐ.ടി രൂപീകരിച്ചത്. സംഭവത്തിൽ ഇ.പി. ജയരാജനെ കുറ്റവിമുക്തനാക്കി പൊലീസ് സമർപ്പിച്ച റഫർ റിപ്പോർട്ട് തിരുവനന്തപുരം ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി തള്ളിയതിന് തൊട്ടുപിന്നാലെയാണ് പൊലീസിന്റെ അടിയന്തര നടപടി. പരാതിയിൽ വിശദമായ തുടരന്വേഷണം നടത്തി പുതിയ റിപ്പോർട്ട് സമർപ്പിക്കാൻ കോടതി ഉത്തരവിട്ടിരുന്നു.

​2022 ജൂൺ 13-നായിരുന്നു കേരള രാഷ്ട്രീയത്തിൽ വൻ വിവാദങ്ങൾക്ക് വഴിവെച്ച കേസിനാസ്പദമായ സംഭവം നടക്കുന്നത്. സ്വർണ്ണക്കടത്ത് വിവാദം കത്തുന്ന സമയത്ത് കണ്ണൂരിൽ നിന്നും തിരുവനന്തപുരത്തേക്ക് വരികയായിരുന്ന മുഖ്യമന്ത്രിക്ക് നേരെ വിമാനത്തിനുള്ളിൽ വെച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ കറുത്ത വസ്ത്രമണിഞ്ഞ് മുദ്രാവാക്യം വിളിക്കുകയായിരുന്നു. ഈ സമയത്ത് മുഖ്യമന്ത്രിയുടെ സുരക്ഷ ഉറപ്പാക്കാനെന്നോണം ഇടപെട്ട ഇ.പി ജയരാജനും മുഖ്യമന്ത്രിയുടെ ഗൺമാൻമാരും ചേർന്ന് തങ്ങളെ ക്രൂരമായി മർദ്ദിച്ചെന്നാണ് യൂത്ത് കോൺഗ്രസ് നേതാക്കളുടെ പരാതി. സംഭവത്തിൽ മുൻപ് വ്യോമയാന കമ്പനിയായ ഇന്‍ഡിഗോ സ്വന്തം നിലയ്ക്ക് അന്വേഷണം നടത്തുകയും ഇ.പി ജയരാജന് മൂന്ന് ആഴ്ചത്തെ യാത്രാവിലക്ക് ഏർപ്പെടുത്തുകയും ചെയ്തിരുന്നു.

​പൊലീസ് നേരത്തെ കേസ് ഒതുക്കിത്തീർക്കാൻ ശ്രമിച്ചെന്ന ആക്ഷേപം ശക്തമായി നിലനിൽക്കെയാണ് കോടതി ഇടപെടലിലൂടെ കേസ് വീണ്ടും സജീവമാകുന്നത്. ജയരാജനെതിരെ ഗുരുതരമായ വകുപ്പുകൾ ചുമത്തി അന്വേഷണം നടത്തണമെന്ന യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ ഹർജി പരിഗണിച്ചാണ് കോടതിയുടെ പുതിയ നിർദ്ദേശം. പൊലീസിന്റെ പ്രത്യേക അന്വേഷണ സംഘം വിമാനത്തിലെ ജീവനക്കാരുടെയും മറ്റ് യാത്രക്കാരുടെയും മൊഴികൾ വീണ്ടും രേഖപ്പെടുത്തുമെന്നാണ് സൂചന. കേസിൽ കോടതി നേരിട്ട് മേൽനോട്ടം വഹിക്കുന്ന പശ്ചാത്തലത്തിൽ വരും ദിവസങ്ങളിൽ ഇ.പി ജയരാജൻ ഉൾപ്പെടെയുള്ളവർക്കെതിരെയുള്ള അന്വേഷണം ഊർജ്ജിതമാക്കാനാണ് എസ്.ഐ.ടിയുടെ തീരുമാനം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക