Image

ഹാറ്റ് ട്രിക്കോടെ അരങ്ങേറ്റം, ഏറ്റവുമധികം ഗോളടിച്ച റെക്കോർഡ്: മെസി മിന്നിയപ്പോൾ 3-0 (പിപിഎം)

Published on 17 June, 2026
ഹാറ്റ് ട്രിക്കോടെ അരങ്ങേറ്റം, ഏറ്റവുമധികം ഗോളടിച്ച റെക്കോർഡ്: മെസി മിന്നിയപ്പോൾ 3-0 (പിപിഎം)

ഫിഫ 2026 വേൾഡ് കപ്പിൽ ഹാറ്റ് ട്രിക്കോടെ അരങ്ങേറ്റം കുറിച്ച് ലയണൽ മെസി ലോക ചാമ്പ്യന്മാരായ അർജന്റീനയ്ക്കു ആഫ്രിക്കൻ അറബ് കരുത്തന്മാരായ അൾജീരിയയുടെ മേൽ 3-0 വിജയം നേടിക്കൊടുത്തു. ലോകത്തെ ഏറ്റവും മികച്ച കാൽപ്പന്തു കളിക്കാരന്റെ രംഗപ്രവേശം കാണാൻ കൻസാസ് സിറ്റി സ്റ്റേഡിയം തിങ്ങി നിറഞ്ഞ ആരാധകർക്ക് 37കാരൻ നൽകിയത് അവിസ്മരണീയമായ മൂന്നു ഗോളുകളുടെ സ്നേഹമുത്തം.

വേൾഡ് കപ്പിൽ 16 ഗോളുകൾ ഇതോടെ അടിച്ച മെസി ജർമനിയുടെ മിറോസ്ലാവ് ക്ളോസിന്റെ റെക്കോർഡിനു തുല്യമെത്തി.

അർജന്റീനയെ ഏറ്റവുമധികം തവണ നയിച്ച മെസി അവർക്കു വേണ്ടി ഏറ്റവുമധികം ഗോളടിച്ച ബഹുമതിയും നേടി. ഏറ്റവുമധികം വേൾഡ് കപ്പ് മത്സരങ്ങൾ --26-- കളിച്ച കളിക്കാരനുമായി.

മെസി ആദ്യം അടിച്ച ഗോളും അൾജീരിയയുടെ ഫറസ്‌ ചൈബി അടിച്ചിട്ട ഗോളും ഓഫ്-സൈഡ് ആയി. സ്വന്തം നെറ്റിൽ ഗോൾ വീണതോടെയാണ് അർജന്റീനയ്ക്കു വാലിൽ തീ പിടിച്ചത്. ആഞ്ഞടിച്ചു മുന്നേറിയ ചാമ്പ്യന്മാർക്കു വേണ്ടി 17ആം മിനിറ്റിൽ വളഞ്ഞു കയറിയ ഇടതുകാലൻ അടി മെസി ഗോളാക്കി.  

അൾജീരിയ അതോടെ കടുത്ത പ്രതിരോധം ഉയർത്തി. മെസിയുടെ പാസുകൾ മുതലാക്കുന്ന വൈദഗ്ധ്യം പക്ഷെ അർജന്റീനയുടെ പല കളിക്കാരും ഇക്കുറി പ്രകടിപ്പിച്ചു കണ്ടില്ല. കഴിഞ്ഞ കപ്പിൽ കണ്ട മിന്നലുകൾ ഇക്കുറി കാണാൻ കഴിയാഞ്ഞത് നിരാശയായപ്പോൾ സൂപ്പർ ഹീറോ മെസി നേടിയ ഹാട്രിക്ക് ആരാധകർക്ക് ആശ്വാസത്തിലേറെയായി. 

രണ്ടാം പകുതിയിലും മെസിയിൽ കേന്ദ്രീകരിച്ചു തന്നെയാണ് അര്ജന്റീന നീങ്ങിയത്. അവർക്കു കനത്ത വെല്ലുവിളി ഉയർത്തിയ ആക്രമണങ്ങൾ കൊണ്ട് അൾജീരിയയും ഫുട്‍ബോൾ പ്രേമികളെ ഹരം പിടിപ്പിച്ചു.

ജൂൺ 22നു ഓസ്ട്രിയയെ അര്ജന്റീന നേരിടുമ്പോൾ ക്ളോസിന്റെ റെക്കോർഡ് തകർക്കാൻ മെസിക്ക് അവസരമാവും.  

Messi hattrick joy unlimited for Argentine fans 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക