Image

താമരശേരിയിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം; കെ.പി.സി.സി അംഗം എ. അരവിന്ദനെതിരെ കേസ്

Published on 16 June, 2026
താമരശേരിയിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം; കെ.പി.സി.സി അംഗം എ. അരവിന്ദനെതിരെ കേസ്

താമരശേരി: താമരശേരിയിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയിൽ കെ.പി.സി.സി. അംഗത്തിനെതിരെ താമരശേരി പോലീസ് കേസെടുത്തു. കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റും താമരശേരി മുൻ പഞ്ചായത്ത് പ്രസിഡന്റുമായ എ. അരവിന്ദനെതിരെയാണ് പോലീസ് നടപടി. താമരശേരി പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിൽ സ്ഥാപനം നടത്തുന്ന യുവതി നൽകിയ പരാതിയിലാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

​സ്ഥാപനത്തിന്റെ പ്രവർത്തന കാലാവധി അടുത്ത മാസം അവസാനിക്കാനിരിക്കെ, ഇതുമായി ബന്ധപ്പെട്ട് സംസാരിക്കാനുണ്ടെന്ന് പറഞ്ഞ് അരവിന്ദൻ യുവതിയെ ഫോണിൽ വിളിച്ച് സ്വന്തം വീട്ടിലേക്ക് വരുത്തുകയായിരുന്നു എന്ന് പരാതിയിൽ പറയുന്നു. അരവിന്ദൻ പഞ്ചായത്ത് പ്രസിഡന്റായിരുന്ന കാലയളവിലാണ് യുവതിക്ക് സ്ഥാപനം നടത്താനായി പഞ്ചായത്ത് കെട്ടിടത്തിൽ അനുമതി നൽകിയിരുന്നത്.

​ഉച്ചയ്ക്ക് രണ്ട് മണിയോടെ അരവിന്ദന്റെ വീട്ടിലെത്തിയ തനിക്കെതിരെ ഇയാൾ ലൈംഗികാതിക്രമത്തിനും മാനഭംഗത്തിനും ശ്രമിച്ചെന്നും, തുടർന്ന് അവിടെനിന്ന് ഓടി രക്ഷപ്പെടുകയുമായിരുന്നു എന്നുമാണ് യുവതിയുടെ പരാതി. യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ലൈംഗികാതിക്രമം, മാനഭംഗശ്രമം തുടങ്ങിയ ഗുരുതര വകുപ്പുകൾ ചുമത്തിയാണ് പോലീസ് കേസന്വേഷണം ആരംഭിച്ചിരിക്കുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക