Image

സംസ്ഥാനത്ത് ഇന്ന് മാത്രം എട്ടുപേർക്കാണ് ഷിഗെല്ല രോഗബാധ കണ്ടെത്തിയിട്ടുള്ളത്

Published on 16 June, 2026
സംസ്ഥാനത്ത് ഇന്ന് മാത്രം എട്ടുപേർക്കാണ് ഷിഗെല്ല രോഗബാധ കണ്ടെത്തിയിട്ടുള്ളത്

കട്ടപ്പന: സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു. ഇടുക്കി കഞ്ഞിക്കുഴി സ്വദേശികളായ രണ്ട് വിദ്യാർത്ഥികൾക്കാണ് രോഗം ബാധിച്ചത്. ഇടുക്കി ജില്ലയിൽ ആദ്യമായാണ് ഷിഗെല്ല റിപ്പോർട്ട് ചെയ്യുന്നത്. രോഗം സ്ഥിരീകരിച്ച ഒരു വിദ്യാർത്ഥിയെ ഇടുക്കി മെഡിക്കൽ കോളജിലും മറ്റൊരാളെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇരുവർക്കും ആവശ്യമായ ചികിത്സകൾ നൽകിവരികയാണെന്നും ആരോഗ്യനില തൃപ്തികരമാണെന്നും ആരോഗ്യവകുപ്പ് അധികൃതർ വ്യക്തമാക്കി. സംസ്ഥാനത്ത് ഇന്ന് മാത്രം എട്ടുപേർക്കാണ് ഷിഗെല്ല രോഗബാധ കണ്ടെത്തിയിട്ടുള്ളത്.

​തിരഞ്ഞെടുപ്പ് തിരക്കുകൾ കാരണം മഴക്കാല പൂർവ ശുചീകരണ പ്രവർത്തനങ്ങളിൽ ഉണ്ടായ പാളിച്ചയാണ് പകര്‍ച്ചവ്യാധികൾ പടരാൻ കാരണമായതെന്ന് ആരോഗ്യമന്ത്രി കെ. മുരളീധരൻ പറഞ്ഞു. തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പും പിന്നാലെ നിയമസഭാ തിരഞ്ഞെടുപ്പും വന്നതോടെ എല്ലാവരും ഇലക്ഷൻ മൂഡിലായതാണ് ശുചീകരണ പ്രവർത്തനങ്ങളെ ബാധിച്ചത്. തദ്ദേശ സ്ഥാപനങ്ങൾ അടക്കം എല്ലാവർക്കും ഇതിൽ ഉത്തരവാദിത്തമുണ്ടെന്നും മുൻവർഷങ്ങളെ അപേക്ഷിച്ച് ഇത്തവണ പകര്‍ച്ചവ്യാധികളുടെ എണ്ണം കൂടുതലാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.

​രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പരിശോധനകൾ കൂടുതൽ ഊർജിതമാക്കാൻ ആരോഗ്യവകുപ്പ് തീരുമാനിച്ചിട്ടുണ്ട്. രോഗപ്രതിരോധ നടപടികൾ ചർച്ച ചെയ്യുന്നതിനായി ആരോഗ്യവകുപ്പിന്റെ അടിയന്തര യോഗം ചേർന്നു. പകർച്ചവ്യാധികൾ നിയന്ത്രിക്കുന്നതിനായി വിദഗ്ധരെ ഉൾപ്പെടുത്തി ഹൈപ്പവർ കമ്മിറ്റി രൂപീകരിക്കാനും ഓരോ സീസണിലും വരാൻ സാധ്യതയുള്ള രോഗങ്ങളെ മുൻകൂട്ടി കണ്ട് പ്രതിരോധിക്കാൻ 'പകർച്ചപ്പനി നിയന്ത്രണ കലണ്ടർ' തയ്യാറാക്കാനും യോഗത്തിൽ തീരുമാനമായി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക