Image

ബംഗാളില്‍ ആള്‍ക്കൂട്ട കൊലപാതകത്തില്‍ കൊല്ലപ്പെട്ടത് മലയാളിയല്ല; അഞ്ച് പേര്‍ അറസ്റ്റില്‍

Published on 16 June, 2026
ബംഗാളില്‍ ആള്‍ക്കൂട്ട കൊലപാതകത്തില്‍ കൊല്ലപ്പെട്ടത് മലയാളിയല്ല; അഞ്ച് പേര്‍ അറസ്റ്റില്‍

കൊല്‍ക്കത്ത: ബംഗാളില്‍ ആള്‍ക്കൂട്ടക്കൊലപാതകത്തില്‍ കൊല്ലപ്പെട്ടത് മലയാളിയല്ലെന്ന് സ്ഥിരീകരിച്ച് പോലീസ്. സംഭവുമായി ബന്ധപ്പെട്ട് അഞ്ചുപേരെ പോലീസ് അറസ്റ്റ് ചെയ്തു. ഇതില്‍ രണ്ടുപേര്‍ പ്രായപൂര്‍ത്തിയാകാത്തവരാണ്. കൊല്ലപ്പെട്ടയാള്‍ മംഗളുരു സ്വദേശിയാണെന്ന് ബംഗാള്‍ പോലീസ് പറഞ്ഞു. ജൂണ്‍ 9ന് കുള്‍ത്താലിയിലാണ് ആള്‍ക്കൂട്ടക്കൊലപാതകം നടന്നത്. ദിവസങ്ങള്‍ക്കുശേഷം അക്രമത്തിന്റെ വീഡിയോ സാമൂഹിക മാധ്യമത്തില്‍ പ്രചരിച്ചതോടെയാണ് സംഭവത്തില്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയത്. 

ആദ്യഘട്ടത്തില്‍ കൊല്ലപ്പെട്ട ആള്‍ സന്ദീപ് നായര്‍ ആണെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. ഇയാള്‍ കേരളത്തില്‍ നിന്നുള്ളയാളാണെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ കരുതിയിരുന്നത്. എന്നാല്‍ പിന്നീട് നടത്തിയ വിശദമായ അന്വേഷണത്തിലാണ് കൊല്ലപ്പെട്ടയാള്‍ മംഗളുരു സ്വദേശി സന്ദീപ് നായിക് ആണെന്ന് പോലീസ് കണ്ടെത്തിയത്.

 രണ്ട് ആഴ്ച മുമ്പ് ഒരു സുഹൃത്തിനൊപ്പമാണ് സന്ദീപ് കുള്‍ത്താലിയില്‍ എത്തിയതെന്ന് പോലീസ് പറയുന്നു. ജൂണ്‍ 9ന് രാവിലെ ഇയാള്‍ സമീപത്തെ മാര്‍ക്കറ്റിലേക്ക് പോയി. വഴിതെറ്റിയെത്തിയത് മറ്റ് സ്ഥലത്തായിരുന്നു. അപരിചിതനായ ഒരാള്‍ പ്രദേശത്ത് അലക്ഷ്യമായി നടക്കുന്നത് കണ്ട് നാട്ടുകാര്‍ക്ക് സംശയം തോന്നി. ഗ്രാമീണര്‍ ഇയാളെ തടഞ്ഞുനിര്‍ത്തി ചോദ്യം ചെയ്യുകയും ഐഡന്റിറ്റി കാര്‍ഡ് ചോദിക്കുകയും ചെയ്തു. എന്നാല്‍ സന്ദീപിന് ബംഗാളി ഭാഷ അറിയാത്തതിനാല്‍ നാട്ടുകാരുമായി ആശയവിനിമയം നടത്താന്‍ കഴിഞ്ഞില്ല. ഇതോടെ ഒരു കൂട്ടം ഗ്രാമീണര്‍ ചേര്‍ന്ന് സന്ദീപിനെ കയറുകൊണ്ട് കെട്ടിയിടുകയും മോഷ്ടാവാണെന്ന് ആരോപിച്ച് ക്രൂരമായി മര്‍ദ്ദിക്കുകയുമായിരുന്നു.

 ഗര്‍ഭിണിയായ സ്ത്രീയോട് ഇയാള്‍ മോശമായി പെരുമാറിയെന്ന ആരോപണവും അക്രമത്തിന് കാരണമായതായി നാട്ടുകാര്‍ അവകാശപ്പെടുന്നു. എന്നാല്‍ ഇക്കാര്യം സ്ഥിരീകരിക്കാനായിട്ടില്ലെന്ന് പോലിസ് പറയുന്നു. റോഡരികില്‍ ഗുരുതരമായി പരുക്കേറ്റ് ഒരാള്‍ കിടക്കുന്നുണ്ടെന്ന വിവരത്തെ തുടര്‍ന്നാണ് കുള്‍ത്താലി പോലീസ് സ്ഥലത്തെത്തിയത്. ഉടന്‍ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക