
ടെക്സസിലെ ഫ്രിസ്കോയിൽ കുടിയേറ്റക്കാർക്കെതിരെ നടന്ന പ്രതിഷേധ പ്രകടനത്തിനിടയിൽ ക്ലെയ്റ്റൻ വാക്കർ എന്നയാൾ ഇന്ത്യൻ ത്രിവർണ പതാക വലിച്ചു കീറിയതിൽ ഇന്ത്യൻ അമേരിക്കൻ ജനപ്രതിനിധികൾ പ്രതിഷേധം രേഖപ്പെടുത്തി. യുഎസ് കോൺഗ്രസിലെ ആറു അംഗങ്ങൾ സംയുക്തമായി ഇറക്കിയ പ്രസ്താവനയിൽ അത് ഇന്ത്യക്കാർക്കെതിരെ വിദ്വേഷവും അക്രമവും ഉണ്ടാക്കുന്ന നടപടിയാണെന്നു ചൂണ്ടിക്കാട്ടി.
ടെക്സസിൽ ഇന്ത്യൻ അമേരിക്കൻ ജനസംഖ്യ വർധിച്ചു വരുന്നതിനിടയിൽ കൂടിവരുന്ന വിദ്വേഷത്തിന്റെ പശ്ചാത്തലത്തിലാണ് പതാക കീറുകയും ഇന്ത്യക്കാർക്കെതിരെ മുദ്രാവാക്യം വിളിക്കുകയും ചെയ്തതിനെ കോൺഗ്രസ് അംഗങ്ങളായ റെപ്. രാജാ കൃഷ്ണമൂർത്തി, ആമി ബെറ, പ്രമീള ജയപാൽ, റോ ഖന്ന, ശ്രീ തനെദർ, സുഹാസ് സുബ്രമണ്യം എന്നിവർ അപലപിച്ചത്.
ഫ്രിസ്കോ സിറ്റി ഹാളിനു മുന്നിൽ നടന്ന അതിക്രമം വ്യാപകമായ ശ്രദ്ധ ആകർഷിക്കയും യുഎസിലെ ഇന്ത്യൻ അമേരിക്കൻ സമൂഹത്തെ മൊത്തം അസ്വസ്ഥരാക്കുകയും ചെയ്തു.
ജനപ്രതിനിധികൾ പ്രസ്താവനയിൽ പറഞ്ഞു: "എല്ലാ അമേരിക്കക്കാർക്കും ഭരണഘടന നൽകുന്ന അഭിപ്രായ സ്വാതന്ത്ര്യത്തെ ഞങ്ങൾ ശക്തമായി പിന്താങ്ങുന്നു. അതേ സമയം, ഫ്രിസ്കോ സിറ്റി ഹാളിനു മുന്നിൽ ഇന്ത്യൻ പതാക വലിച്ചു കീറുകയും ഇന്ത്യക്കാർക്കെതിരെ വിദ്വേഷം നിറഞ്ഞ മുദ്രാവാക്യം വിളിക്കുകയും ചെയ്തതിനെ ഞങ്ങൾ അപലപിക്കുന്നു.
"ഏതു സമൂഹത്തെയും ലക്‌ഷ്യം വയ്ക്കുന്ന വിദ്വേഷവും ഭീഷണിയും അസ്വീകാര്യമാണ്. അതിനു ഈ രാജ്യത്തു സ്ഥാനമില്ല.
"രാഷ്ട്രീയ അഭിപ്രായ പ്രകടനം എന്നതിനപ്പുറം കടന്നു പോയ ഈ സംഭവം ഇന്ത്യൻ അമേരിക്കൻ സമൂഹത്തിനു അരക്ഷിത ബോധം ഉണ്ടാക്കുന്നു. സമൂഹത്തിന്റെ സ്വീകാര്യതയെ കുറിച്ച് ആശങ്ക ഉയർത്തുകയും ചെയ്യുന്നു.
"ഇന്ത്യൻ അമേരിക്കൻ സമൂഹം ഈ രാജ്യത്തിൻറെ സുപ്രധാന ഭാഗമാണ്. സുരക്ഷയും ബഹുമാനവും അവർ അർഹിക്കുന്നു. ഇന്ത്യൻ അമേരിക്കൻ, സൗത്ത് ഏഷ്യൻ സമൂഹങ്ങൾ ഭീഷണിയും വിദ്വേഷവും നേരിടുമ്പോൾ നേതാക്കൾ വ്യക്തമായി സംസാരിക്കണം. ഏതു സമൂഹത്തെയും ലക്‌ഷ്യം വയ്ക്കുന്ന വിദ്വേഷം അവഗണിക്കാൻ കഴിയുന്നതല്ല.
ടെക്സസിലും യുഎസിന്റെ മറ്റു ഭാഗങ്ങളിലും ജീവിക്കുന്ന എല്ലാ ഇന്ത്യക്കാർക്കും ജന പ്രതിനിധികൾ പിന്തുണ അറിയിച്ചു. "എല്ലാവര്ക്കും അന്തസോടെയും സുരക്ഷിതമായും ജീവിക്കാൻ അവകാശമുണ്ട്. ഭീതിയും പീഢനവും വിവേചനവും പാടില്ല."
കഴിഞ്ഞ രണ്ടു പതിറ്റാണ്ടിനിടെ വൻ തോതിൽ ഇന്ത്യൻ അമേരിക്കൻ ജനസംഖ്യ വളർന്നിട്ടുള്ള മേഖലയാണ് ഡാളസിനു വടക്കുള്ള ഫ്രിസ്കോ. സാങ്കേതിക, ആരോഗ്യ, സാമ്പത്തിക മേഖലകളിൽ ജോലി ചെയ്യുന്നവരാണ് അധികവും.
Indian American lawmakers condemn anti-India act in Texas