
ചെന്നൈ: കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളുമെന്ന പ്രഖ്യാപനവുമായി മുഖ്യമന്ത്രി. 75000 രൂപ വരെയുള്ള കടങ്ങളാണ് പൂര്‍ണമായും എഴുതിത്തള്ളുന്നത്. 2025 മെയ് ഒന്നുമുതല്‍ 2026 ഫെബ്രുവരി 28 വരെ സഹകരണബാങ്കുകളില്‍ നിന്ന് കര്‍ഷകരെടുത്ത വായ്‌പകളാണ് എഴുതിത്തള്ളാന്‍ തീരുമാനിച്ചിരിക്കുന്നതെന്നും തമിഴ്‌നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ് അറിയിച്ചു.
സര്‍ക്കാരിന്‍റെ പുതിയ തീരുമാനം സംസ്ഥാനത്തെ 14.43 ലക്ഷം കര്‍ഷകര്‍ക്ക് ഗുണകരമാകും. ഇത് കര്‍ഷകര്‍ക്ക് വലിയ ആശ്വാസമാകുന്ന തീരുമാനമാണെങ്കിലും സംസ്ഥാന സര്‍ക്കാരിന് 5,932 കോടി രൂപയുടെ അധിക ബാധ്യത സൃഷ്‌ടിക്കും.
എഴുപത്തയ്യായിരത്തിന് മുകളില്‍ വായ്‌പ എടുത്തിട്ടുള്ളവരുടെ കടത്തില്‍ നിന്ന് 35000 ഒഴിവാക്കുമെന്നും സെക്രട്ടറിയേറ്റില്‍ മന്ത്രിമാരുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും യോഗത്തിന് ശേഷം വിജയ് അറിയിച്ചു. മൃഗീയ ഭൂരിപക്ഷം നേടിയ തമിഴ് വെട്രി കഴകം സത്യപ്രതിജ്ഞ ചെയ്‌ത് അധികാരമേറ്റതിന് തൊട്ടുപിന്നാലെ അന്‍പതിനായിരം രൂപ വരെയുള്ള കാര്‍ഷിക വായ്‌പകള്‍ എഴുതിത്തള്ളുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഇതേ തുടര്‍ന്ന് കര്‍ഷക പ്രതിനിധികള്‍ മുഖ്യമന്ത്രിയെ കണ്ട് കൂടുതല്‍ ഇളവുകള്‍ ആവശ്യപ്പെട്ടതിന്‍റെ അടിസ്ഥാനത്തിലാണ് 75000 രൂപവരെയുള്ള കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളാന്‍ തീരുമാനിച്ചിരിക്കുന്നത്. കാര്‍ഷിക വായ്‌പകള്‍ എഴുതിത്തള്ളുമെന്നത് ടിവികെയുടെ സുപ്രധാന തെരഞ്ഞെടുപ്പ് വാഗ്‌ദാനം ആയിരുന്നു.
റിസര്‍വ് ബാങ്ക് പുറപ്പെടുവിച്ചിട്ടുള്ള സര്‍ക്കാര്‍ വായ്‌പ എഴുതിത്തള്ളല്‍ ചട്ടങ്ങള്‍ക്ക് വിധേയമായി 45 മുതല്‍ അറുപത് ദിവസത്തിനകം മുഴുവന്‍ തുകയും സര്‍ക്കാര്‍ നല്‍കേണ്ടതുണ്ട്.