Image

ഓപ്പറേഷൻ തൂഫാൻ: ഇതുവരെ പിടിച്ചെടുത്തത് 10 കോടിയുടെ ലഹരിയെന്ന് മന്ത്രി രമേശ് ചെന്നിത്തല; മോഹന്‍ലാല്‍ തൂഫാന്‍ വോറിയര്‍

Published on 16 June, 2026
ഓപ്പറേഷൻ തൂഫാൻ: ഇതുവരെ പിടിച്ചെടുത്തത് 10 കോടിയുടെ ലഹരിയെന്ന്  മന്ത്രി രമേശ് ചെന്നിത്തല;   മോഹന്‍ലാല്‍ തൂഫാന്‍ വോറിയര്‍

തിരുവനന്തപുരം: കഴിഞ്ഞ 15 ദിവസമായി പൊലീസ് എക്‌സൈസ് വിഭാഗങ്ങൾ ആരോഗ്യ, വിദ്യാഭ്യാസ വകുപ്പുകളുടെ സഹായത്തോടെ നടത്തുന്ന ഓപ്പറേഷൻ തൂഫാൻ വഴി പത്ത് കോടിയിലധികം വരുന്ന നിരോധിത മയക്ക് മരുന്ന്, നിരോധിത പുകയില ഉൽപ്പന്നങ്ങൾ എന്നിവ പിടിച്ചെടുത്തെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ഓപ്പഷേൻ തൂഫാൻ്റെ പ്രവർത്തനം സംബന്ധിച്ച് വിവിധ കേന്ദ്ര ഏജൻസികളുടെ ഉദ്യോഗസ്ഥർ പങ്കെടുത്ത യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം.

ഐബി, ആർപിഎഫ്, സെൻട്രൽ നർക്കോട്ടിക്ക് കൺട്രോൾ ബ്യൂറോ,ഡിആർഐ,കസ്റ്റംസ്, കോസ്റ്റ് ഗാർഡ്, മൈറൻ എൻഫോഴ്‌മെന്റ് തുടങ്ങിയ വിഭാഗങ്ങളുടെ തെക്കേ ഇന്ത്യയിലെ ഉന്നത ഉദ്യോഗസ്ഥരാണ് യോഗത്തിൽ പങ്കെടുത്തത്. തൂഫാൻ വോറിയറായി മോഹൻലാൽ ചേർന്നുവെന്നും ചെന്നിത്തല വ്യക്തമാക്കി. ഇന്നലെ തൊടുപുഴയിൽ വച്ചാണ് അദ്ദേഹം തൂഫാൻ വോറിയറായത്. ഓപ്പറേഷന്‍ തൂഫാന് എല്ലാവിധ പിന്തുണയും മോഹൻലാൽ അറിയിച്ചിട്ടുണ്ട്.

കേരളത്തിലേക്ക് മയക്ക് മരുന്ന് എത്തുന്നതിൻ്റെ ഉറവിടം സംബന്ധിച്ച വിവരങ്ങളിൽ പൊലീസിന് വ്യക്തത ലഭിച്ചിട്ടുണ്ട്. കേരളത്തിൻ്റെ അതിർത്തി വിട്ടാണ് ഇത് എത്തുന്നത്. കേന്ദ്ര ഏജൻസികളുടെ സമ്പൂർണ്ണ സഹകരണം ഇനിയുള്ള പ്രവർത്തനങ്ങളിൽ ഉണ്ടാവും. ശാസ്ത്രീയമായി മയക്ക് മരുന്നിനെ ഇല്ലാതാക്കാൻ മൾട്ടി ഡിജിറ്റൽ ഇൻ്റഗ്രേറ്റഡ് പദ്ധതി സംസ്ഥാനത്ത് നടപ്പാക്കും. തൂഫാൻ സംബന്ധിച്ചുള്ള പൊലീസിൻ്റെ പ്രവർത്തനങ്ങളിൽ മാറ്റം വരുത്തും. പൊലീസ് നായകൾക്ക് മയക്കുമരുന്ന് കണ്ടെത്താനുള്ള പരിശീലനം നൽകും. മയക്ക് മരുന്ന് എവിടെ നിന്ന് വരുന്നു, ആര് കൊണ്ട് വരുന്നു, ഏതെല്ലാം രീതിയിൽ വരുന്നു തുടങ്ങിയ കാര്യങ്ങൾ യോഗത്തിൽ ചർച്ചയായി. ലഹരി മാഫിയയുടെ വേരറുക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു യോഗം.

കേരളത്തിലേക്ക് മയക്ക്‌ മരുന്ന് എത്തിച്ച് വിൽപ്പന നടത്തുന്ന സംഘങ്ങൾ ഓപ്പറേഷൻ തൂഫാനിൽ പരിശോധന വ്യാപകമായതോടെ നിലവിൽ വിൽപ്പന മരവിപ്പിച്ചെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.

മക്കളുടെ ലഹരി ഉപയോഗത്തെക്കുറിച്ച് തനിക്ക് വരുന്ന അമ്മമാരുടെ കത്തുകൾ വായിച്ചാൽ കണ്ണ് നിറയുമെന്നും അദ്ധേഹം പറഞ്ഞു. തൂഫാൻ കെയറിനായി ഡീ അഡിക്ക്ഷൻ സെൻ്ററുകൾ വിട്ട് നൽകാമെന്ന് ക്രൈസ്‌തവ, മുസ്ലീം മതനേതാക്കളും സംഘടനകളും വാഗ്‌ദാനം ചെയ്‌തിട്ടുണ്ട്ന്ന് രമേശ് ചെന്നിത്തല പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക