Image

മുട്ടിൽ മരംമുറി കേസ്: കോടികൾ വിലമതിക്കുന്ന തടികൾ ലേലം ചെയ്യാൻ വനംവകുപ്പിന് അനുമതി

Published on 16 June, 2026
മുട്ടിൽ മരംമുറി കേസ്: കോടികൾ വിലമതിക്കുന്ന തടികൾ ലേലം ചെയ്യാൻ വനംവകുപ്പിന് അനുമതി

മുട്ടില്‍ മരംമുറി കേസിൽ നിർണായക വഴിത്തിരിവ്. കേസിൽ പിടിച്ചെടുത്ത ഏകദേശം നാല് കോടി രൂപ മൂല്യം വരുന്ന മരത്തടികൾ ലേലം ചെയ്യാൻ വനംവകുപ്പിന് ബത്തേരി മജിസ്ട്രേറ്റ് കോടതി അനുമതി നൽകി. കേസിൽ ഈട്ടിത്തടികൾ കണ്ടുകെട്ടിയതിനെതിരെ പ്രതികളായ അഗസ്റ്റിൻ സഹോദരന്മാർ നൽകിയ ഹർജി കൽപ്പറ്റ ജില്ലാ കോടതി തള്ളിയതിന് പിന്നാലെയാണ് വനംവകുപ്പ് ലേലത്തിനായി വിചാരണ കോടതിയെ സമീപിച്ചത്.

ലേല നടപടികൾക്ക് മുന്നോടിയായി, പിടിച്ചെടുത്ത മരത്തടികളുടെ കൃത്യമായ കണക്കുകൾ ഉൾപ്പെടുത്തിയ മഹസർ വനംവകുപ്പ് കോടതിയിൽ സമർപ്പിച്ചിരുന്നു. മരങ്ങൾ തങ്ങളുടേതാണെന്ന് തെളിയിക്കുന്ന രേഖകളൊന്നും ഹാജരാക്കാൻ പ്രതിഭാഗത്തിന് സാധിച്ചില്ലെന്നും കോടതി നിരീക്ഷിച്ചു. വനംമന്ത്രി ഷിബു ബേബി ജോൺ വ്യക്തമാക്കിയത് പ്രകാരം, കോടതിയുടെ അനുമതി ലഭിച്ച സാഹചര്യത്തിൽ തുടർനടപടികൾ വേഗത്തിലാക്കുകയും ലേല നടപടികളുമായി മുന്നോട്ടുപോവുകയും ചെയ്യും.

കേസിൽ നേരത്തെ സുൽത്താൻബത്തേരി ഫസ്റ്റ് ക്ലാസ് ജുഡിഷ‍്യൽ മജിസ്ട്രേറ്റ് കോടതിയിൽ പൊലീസ് കുറ്റപത്രം സമർപ്പിച്ചിരുന്നു. റോജി അഗസ്റ്റിൻ, ജോസുകുട്ടി അഗസ്റ്റിൻ, ആന്‍റോ അഗസ്റ്റിൻ എന്നിവരാണ് കേസിലെ പ്രതികൾ.

2020-21 കാലഘട്ടത്തിൽ റവന്യൂ സെക്രട്ടറി പുറത്തിറക്കിയ വിവാദ ഉത്തരവിന്‍റെ മറവിൽ മുട്ടിൽ സൗത്ത് വില്ലേജിൽ നിന്ന് അഗസ്റ്റിൻ സഹോദരന്മാർ ഈട്ടിത്തടികൾ മുറിച്ചു കടത്തുകയായിരുന്നു. പതിനഞ്ച് കോടിയോളം വില വരുന്ന തടികളാണ് മുറിച്ച് കടത്തിയത്. സര്‍ക്കാര്‍ ഉത്തരവിന്‍റെ മറവില്‍ 105 മരങ്ങള്‍ മുറിച്ചുമാറ്റിയെന്നാണ് കേസ്. പൊതുമുതല്‍ നശിപ്പിക്കല്‍, വ്യാജരേഖ ചമയ്ക്കല്‍ വഞ്ചന, ഗുഢാലോചന എന്നിവയാണ് പ്രധാനകുറ്റങ്ങള്‍.

അഗസ്റ്റിന്‍ സഹോദരന്‍മാരെ കൂടാതെ ഇവരുടെ ഡ്രൈവറായ ബിനീഷ്, ചാക്കോ, സുരേഷ്, അബൂബക്കര്‍, രവി, നാസര്‍ അന്നത്തെ വില്ലേജ് ഓഫീസറായിരുന്ന കെ.കെ. ആജി, സെപ്ഷ്യല്‍ വില്ലേജ് ഓഫീസര്‍ കെ.കെ. സിന്ധു എന്നിവരാണ് മറ്റ് പ്രതികള്‍.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക