Image

ഇറാനുമായുള്ള ധാരണയിൽ അവ്യക്തത, കോൺഗ്രസിൽ വിശദീകരിക്കണമെന്നു ഡെമോക്രാറ്റുകൾ (പിപിഎം)

Published on 16 June, 2026
ഇറാനുമായുള്ള ധാരണയിൽ അവ്യക്തത, കോൺഗ്രസിൽ വിശദീകരിക്കണമെന്നു ഡെമോക്രാറ്റുകൾ (പിപിഎം)

യുഎസ്-ഇറാൻ ധാരണയെ കുറിച്ച് സുതാര്യത വേണമെന്ന ആവശ്യവുമായി ഡെമോക്രാറ്റുകൾ. നവംബർ തിരഞ്ഞെടുപ്പിൽ ഇറാൻ കരാർ പ്രയോജനപ്പെടുത്താൻ ട്രംപ് ശ്രമം തുടങ്ങിയിരിക്കെ അതിന്റെ വ്യവസ്ഥകൾ വെളിപ്പെടുത്തണമെന്നു കോൺഗ്രസിലെ ഡെമോക്രാറ്റിക് നേതാക്കൾ ആവശ്യപ്പെട്ടു.  

കോൺഗ്രസ് കണ്ടിട്ടില്ലാത്ത ഒരു ഡീൽ അംഗീകരിക്കുന്നത് എങ്ങിനെയെന്ന് അവർ ചോദിച്ചു.

സെനറ്റ് ഡെമോക്രാറ്റിക് നേതാവ് ചക് ഷൂമർ ആണ് പാർട്ടിയുടെ നീക്കത്തിനു ചുക്കാൻ പിടിക്കുന്നത്. "ഇറാനുമായുള്ള ധാരണയായെന്നു പ്രസിഡന്റ് ട്രംപ് പ്രഖ്യാപിച്ചിട്ട് 24 മണിക്കൂറോളമായി, എന്നിട്ടും നമുക്ക് വിശദാംശങ്ങൾ അറിയില്ല," അദ്ദേഹം സെനറ്റ് ഫ്ലോറിൽ വച്ചു വിമർശിച്ചു.

"യുദ്ധം കഴിഞ്ഞെന്ന അവകാശവാദം നമ്മൾ ഡസൻ കണക്കിനു തവണ കേട്ടു. അത്രയും തവണ തന്നെ നമ്മൾ നിരാശരുമായി.

"ഭരണകൂടത്തിലെ പലരും മഹത്തായ ചർച്ചകളെ കുറിച്ച് പറഞ്ഞു കൊണ്ടിരിക്കുന്നു. പക്ഷെ നമുക്ക് അറിയേണ്ടത് ഏറ്റവും പ്രധാന കാര്യമാണ് -- വിശദാംശങ്ങൾ. പക്ഷെ ട്രംപ് ഇതുവരെ ഇറാനുമായുള്ള അദ്ദേഹത്തിന്റെ ധാരണയുടെ ഉള്ളടക്കം പുറത്തു വിട്ടിട്ടില്ല."

കോൺഗ്രസിൽ ഉടൻ വിശദീകരണം നൽകണമെന്നു ഷൂമർ പറഞ്ഞു. "കരാറിൽ കൃത്യമായി എന്താണ് ഉള്ളതെന്ന് അറിയാൻ അമേരിക്കൻ ജനതയ്ക്കു അവകാശമുണ്ട്. ട്രംപ് അക്കാര്യം കോൺഗ്രസിനോടും ജനങ്ങളോടും ഉടൻ വിശദീകരിക്കയും ഈ യുദ്ധം എന്നേക്കുമായി ഉടൻ അവസാനിപ്പിക്കയും ചെയ്യണം."

അമേരിക്കൻ സേനയെ മിഡിൽ ഈസ്റ്റിൽ നിലനിർത്തുകയാണോ എന്നു ട്രംപ് വിശദീകരിക്കണമെന്നും ഷൂമർ ആവശ്യപ്പെട്ടു. "അവർ തുടർന്നും അപകട മേഖലയിൽ തന്നെ ആയിരിക്കുമോ? വെളിവുകെട്ട യുദ്ധത്തിൽ ട്രംപ് എങ്ങിനെയാണ് ലക്ഷ്യങ്ങൾ നേടാൻ പോകുന്നത്? '60 ദിവസത്തെ ചർച്ച' എന്ന പരിപാടി കൊണ്ട് എന്താണ് നേടുക?"  

യുദ്ധം യുഎസിനെ ദുർബലമാക്കിയെന്നു ഷൂമർ വിമർശിച്ചു. "ഇറാൻ ഭരണകൂടം ട്രംപിന്റെ യുദ്ധം തുടങ്ങുന്നതിനു മുൻപത്തെ അപേക്ഷിച്ചു ഇപ്പോൾ കൂടുതൽ തീവ്രവാദികളായി. യുദ്ധത്തിനു മുൻപത്തേക്കാൾ ഹോർമുസിന്റെ മേൽ ഇപ്പോൾ ഇറാനു കൂടുതൽ നിയന്ത്രണമുണ്ട്. ഇന്ധന വിലകൾ യുദ്ധം ആരംഭിക്കുന്നതിനു മുൻപുള്ള നിലയിൽ നിന്ന് ഏറെ ഉയർന്നു. അതങ്ങിനെ ഏറെക്കാലം തുടരുകയും ചെയ്യും.

"അപ്പോൾ ഇറാൻ യുദ്ധം കൊണ്ട് നമ്മൾ എന്താണ് നേടിയതെന്നു അമേരിക്കൻ ജനത ആലോചിക്കയാണ്."

നൂറു ദിവസം കടന്ന യുദ്ധം അവസാനിപ്പിക്കാനുള്ള ചർച്ചകളെ സ്വാഗതം ചെയ്യുന്നുവെന്നു വിർജിനിയയിലെ ഡെമോക്രാറ്റിക് സെനറ്റർ ടിം കെയ്ൻ പറഞ്ഞു. "എന്നാൽ മരിച്ചവരെ തിരിച്ചു കൊണ്ടുവരാൻ ആവില്ല, ഗ്യാസ് വിലകൾ യുദ്ധത്തിനു മുൻപുള്ള നിലയിലേക്ക് എത്തുകയുമില്ല."

തികച്ചും അനാവശ്യമായ യുദ്ധമായിരുന്നു അതെന്നു കെയ്ൻ പറഞ്ഞു. "ഇറാൻ അണ്വായുധം ഉണ്ടാക്കില്ലെന്നു ഉറപ്പു വരുത്താൻ ചർച്ചകൾ തന്നെയാണ് വേണ്ടത്. കരാറിന്റെ വിശദാംശങ്ങൾ സൂക്ഷ്മമായി പരിശോധിക്കേണ്ടതുണ്ട്."

സെനറ്റ് ഫോറിൻ റിലേഷൻസ് കമ്മിറ്റിയിലെ റാങ്കിംഗ് മെംബറായ ജീൻ ഷഹീൻ കരാറിന്റെ ഉള്ളടക്കത്തെ കുറിച്ച് ആശങ്ക പ്രകടിപ്പിച്ചു. "ഈ യുദ്ധത്തിന്റെ പ്രധാന ലക്ഷ്യങ്ങൾ നേടിയിട്ടില്ല. ഇറാനിൽ ഭരണമാറ്റം ഉണ്ടായിട്ടില്ല, അവരുടെ ആണവ പദ്ധതി അവസാനിച്ചിട്ടില്ല, അയൽ രാജ്യങ്ങളെ ഡ്രോണുകളും മിസൈലുകളും വിട്ടും പ്രോക്സികളെ ഉപയോഗിച്ചും വിരട്ടാനുളള അവരുടെ കഴിവ് ഇല്ലാതായിട്ടില്ല."

ആണവ കരാർ കോൺഗ്രസിന്റെ വിലയിരുത്തലിനു വിടണമെന്നു അവർ ആവശ്യപ്പെട്ടു. "ഈ കരാറിന്റെ വിശദാംശങ്ങൾ ഉടൻ കോൺഗ്രസിനെ അറിയിക്കണം. അത് നിയമാനുസൃതം കോൺഗ്രസ് പരിശോധിക്കയും ചെയ്യണം."

പ്രസിഡന്റിന്റെ പുതിയ കരാർ നിലവിലുള്ള വെടിനിർത്തൽ നീട്ടാൻ മാത്രമുള്ളതാണെന്നു റെപ്. ബെറ്റി മാക്കോളം വിമർശിച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള അടിസ്ഥാന തർക്കങ്ങൾ പരിഹരിച്ചിട്ടില്ല.

US Democrats demand transparency on Iran deal 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക