Image

ബം​ഗാളിൽ മോഷ്ടാവെന്ന് സംശയിച്ച് ആൾക്കൂട്ടം തല്ലിക്കൊന്നത് മലയാളിയായ സന്ദീപ് നായരെ എന്ന് സൂചന

Published on 15 June, 2026
ബം​ഗാളിൽ മോഷ്ടാവെന്ന് സംശയിച്ച് ആൾക്കൂട്ടം തല്ലിക്കൊന്നത്  മലയാളിയായ സന്ദീപ് നായരെ എന്ന് സൂചന

പശ്ചിമ ബം​ഗാളിൽ മോഷ്ടാവെന്ന് സംശയിച്ച് ആൾക്കൂട്ട മർദ്ദനത്തിൽ കൊല്ലപ്പെട്ടത് സന്ദീപ് നായർ എന്ന  മലയാളി യുവാവ്  ആണെന്ന് സൂചന. പോലീസ് അധികൃതരിൽ നിന്നും ശേഖരിച്ച വിവരങ്ങളനുസരിച്ച് ന്യൂസ് 18 ബംഗ്ലാ റിപ്പോർട്ട് പ്രകാരമാണിത്. എന്നാൽ, മരിച്ച യുവാവിന്റെ വിവരങ്ങൾ പൂർണമായി ശേഖരിച്ച് തിരിച്ചറിഞ്ഞ് വ്യക്തമായി സ്ഥിരീകരിക്കാൻ പൊലീസിന് കഴിഞ്ഞിട്ടില്ല..


ജൂൺ 9 ന് സൗത്ത് 24 പർഗനാസിലെ കുൽത്താലി സാങ്കിജഹാൻ പ്രദേശത്താണ് സംഭവം. യുവാവ് താമസിച്ചിരുന്ന വീടിന്റെ ഉടമ അദ്ദേഹത്തെ സന്ദീപ് നായർ എന്നാണ് തിരിച്ചറിഞ്ഞതെന്ന് കുൽത്താലിയിലെ പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചു. എന്നാൽ കേരളത്തിലെ അധികാരികളുമായി ബന്ധപ്പെട്ടപ്പോൾ ആ പേരിൽ തിരിച്ചറിയലോ വിലാസമോ ഇതുവരെ സ്ഥിരീകരിക്കപ്പെട്ടിട്ടില്ല. കൂടുതൽ വിവരങ്ങൾക്കായി പ്രാദേശിക ഭരണകൂടം കേരള സർക്കാരുമായി ബന്ധപ്പെടുന്നുണ്ട് എന്ന് സൂചനയുണ്ട്. സ്ഥിരീകരിക്കപ്പെട്ട വിവരങ്ങളുടെ അഭാവം മൂലം കുടുംബവുമായി ബന്ധപ്പെടാനും ഇതുവരെ സാധിച്ചിട്ടില്ല.

ആക്രമണത്തിൽ അഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പ്രായപൂർത്തിയാകാത്ത രണ്ട് പേരുൾപ്പെടെയാണ് അറസ്റ്റിലായത്. ഇയാളെ കെട്ടിയിട്ട് ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്തുകയായിരുന്നു എന്നാണ് റിപ്പോർട്ട്. ജോലി ആവശ്യത്തിനായി കേരളത്തിൽ നിന്നും കുൽതാലിയിലെ സങ്കീജ​ഹാൻ എന്ന സ്ഥലത്ത് എത്തിയ ഇയാളോടൊപ്പം സുഹൃത്തുക്കളുമുണ്ടായിരുന്നു.

യുവാവ് ഏകദേശം രണ്ട് ആഴ്ച മുമ്പ് കുൽത്താലിയിലെ സാങ്കിജഹാനിലുള്ള  പരിചയക്കാരന്റെ വീട്ടിലെത്തി.

 പ്രാദേശിക മാർക്കറ്റിൽ പോയി മടങ്ങുന്നതിനിടെ വഴി തെറ്റി അബദ്ധത്തിൽ മറ്റൊരു പ്രദേശത്തേക്ക് കടന്നു. പരിചയമില്ലാത്ത ഒരു യുവാവ് പ്രദേശത്ത് അലഞ്ഞുനടക്കുന്നത് കണ്ട നാട്ടുകാർ സംശയിച്ചു.ഭാഷ മനസ്സിലാക്കാൻ കഴിയാതിരുന്നതിനെ തുടർന്ന് ബംഗാളി സംസാരിക്കുന്ന നാട്ടുകാർ സംശയിക്കാൻ തുടങ്ങി. ബംഗാളി അറിയാത്തതിനാൽ അവിടുത്തെ ആളുകൾക്ക് തന്നെക്കുറിച്ച് വിശദീകരിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞില്ല. “കള്ളൻ” എന്ന് വിളിച്ചു  കയറുകൊണ്ട് കെട്ടിയിട്ടു മൃഗീയമായി മർദിച്ചു.

ആൾക്കൂട്ട ആക്രമണത്തിന്റെ വീഡിയോ പിന്നീട് സോഷ്യൽ മീഡിയയിൽ വൈറലായി.  കയറുകൊണ്ട് കെട്ടിയിട്ട നിലയിൽ ക്രൂരമായ മർദനത്തിനിരയായ യുവാവിന്റെ ദയനീയ നിലവിളികൾ അതിൽ കേൾക്കാം. താൻ യാതൊരു തെറ്റും ചെയ്തിട്ടില്ലെന്ന് പറഞ്ഞ് തന്നെ വിട്ടയക്കണമെന്ന് ആവർത്തിച്ച് അപേക്ഷിക്കുന്നതും കേൾക്കാം. എന്നാൽ അപേക്ഷ ആരും ചെവിക്കൊണ്ടില്ല. വേദനയോടെയുള്ള അദ്ദേഹത്തിന്റെ നിലവിളികൾ ആൾക്കൂട്ടത്തിന്റെ ആക്രമണം തടയാൻ കഴിഞ്ഞില്ല.
തുടർന്ന് ഇയാളെ ആരൊക്കെയോ ചേർന്ന് രക്ഷപെടുത്തി ജോയ്നഗർ കുൽത്താലി ഗ്രാമീണ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും സമയം ഏറെ വൈകിയിരുന്നു. ഗുരുതരമായ പരിക്കുകൾ മൂലം യുവാവ് ആശുപത്രിയിൽ വെച്ച് മരണത്തിന് കീഴടങ്ങി..
 
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക