Image

ബംഗാളിൽ കള്ളനെന്ന് ആരോപിച്ച് മലയാളി യുവാവിനെ തല്ലിക്കൊന്നു; 5 പേർ അറസ്റ്റിൽ

Published on 15 June, 2026
ബംഗാളിൽ കള്ളനെന്ന് ആരോപിച്ച് മലയാളി യുവാവിനെ തല്ലിക്കൊന്നു; 5 പേർ അറസ്റ്റിൽ

കൊൽക്കത്ത: പശ്ചിമബംഗാളിലെ സൗത്ത് 24 പർഗനാസ് ജില്ലയിൽ കള്ളനെന്ന് ആരോപിച്ച് മുപ്പതുകാരനായ മലയാളി യുവാവിനെ ആൾക്കൂട്ടം തല്ലിക്കൊന്നു. സംഭവത്തിൽ അഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്യുകയും പ്രായപൂർത്തിയാകാത്ത രണ്ട് പേരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.


കുൽതാലിയിലെ സങ്കിജഹാൻ പ്രദേശത്ത് ജൂൺ ഒൻപതിനാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. കേരളത്തിൽ ജോലി ചെയ്തിരുന്ന സുഹൃത്തുക്കൾക്കൊപ്പം രണ്ടാഴ്ച മുൻപാണ് യുവാവ് കുൽതാലിയിൽ എത്തിയത്. ചൊവ്വാഴ്ച രാവിലെ പ്രദേശത്തെ മാർക്കറ്റിലേക്ക് ഒറ്റയ്ക്ക് പോയ യുവാവിന് വഴിതെറ്റുകയായിരുന്നു.

അപരിചിതമായ മറ്റൊരു പ്രദേശത്ത് എത്തിയ യുവാവിനെ കണ്ട നാട്ടുകാർ തടഞ്ഞുനിർത്തി ചോദ്യം ചെയ്തു. എന്നാൽ ബംഗാളി ഭാഷ അറിയാത്തതിനാൽ താൻ ആരാണെന്നോ എന്തിനാണ് അവിടെ വന്നതെന്നോ കൃത്യമായി വിശദീകരിക്കാൻ യുവാവിന് സാധിച്ചില്ല. ഇതോടെ തിരിച്ചറിയൽ കാർഡ് കാണിക്കാൻ ചിലർ ആവശ്യപ്പെട്ടു.

ഭാഷാപരമായ തടസങ്ങൾ കാരണം കാര്യങ്ങൾ വിശദീകരിക്കാൻ കഴിയാതെ വന്നതോടെ യുവാവ് കള്ളനാണെന്ന് നാട്ടുകാർ ആരോപിച്ചു. തുടർന്ന് ഒരു കൂട്ടം ആളുകൾ ചേർന്ന് യുവാവിനെ കയറുകൊണ്ട് കെട്ടിയിട്ട് ക്രൂരമായി മർദിക്കുകയായിരുന്നു. റോഡിൽ ഗുരുതരമായി പരിക്കേറ്റ നിലയിൽ കിടക്കുന്നതായി വിവരമറിഞ്ഞ് കുൽതാലി പൊലീസ് സ്ഥലത്തെത്തി. തുടർന്ന് പരിക്കേറ്റ യുവാവിനെ ജോയ്‌നഗർ-കുൽതാലി റൂറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഡോക്ടർമാർ മരണം സ്ഥിരീകരിച്ചു. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി അയച്ചിരിക്കുകയാണ്.

 കൊല്ലപ്പെട്ടയാളുടെ പേരുവിവരങ്ങൾ ഇതുവരെ ലഭ്യമായിട്ടില്ല. യുവാവിൻ്റെ കൃത്യമായ വിവരങ്ങൾ കണ്ടെത്താൻ കേരള പൊലീസുമായി ബന്ധപ്പെടാൻ ഒരുങ്ങുകയാണ് അന്വേഷണ സംഘം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക