Image

ഏദനിലെ താമസക്കാർ (നോവല്‍-19: ലൈല അലക്‌സ്)

Published on 15 June, 2026
ഏദനിലെ താമസക്കാർ (നോവല്‍-19: ലൈല അലക്‌സ്)

ബീന മുറിയിലേക്ക് പോയി. കംപ്യുട്ടർ ഓണാക്കി ടൈപ് ചെയ്തു തുടങ്ങി: 
'ദിവാകർ, തിങ്സ് ആർ ഗെറ്റിംഗ് ഡെയ്ഞ്ചറസ്. എന്തെങ്കിലും ചെയ്തേ മതിയാവൂ. ഇവിടെ ആരോടും ഒന്നും പറയാനാവാതെ വീർപ്പുമുട്ടുകയാണ് ഞാൻ. എത്ര നാൾ പിടിച്ചു നിൽക്കാൻ കഴിയുമെന്ന് എനിക്ക് അറിയില്ല. 
നീ എന്നാണ് ഇങ്ങോട്ടു വരുന്നത്? എൻറെ നെഞ്ചിലെ വീർപ്പുമുട്ടൽ ആരോടെങ്കിലും ഒന്ന് പറയാൻ. നിനക്ക് മാത്രമേ എന്റെ പ്രശ്നങ്ങൾ മനസ്സിലാവൂ. എന്നെ മനസ്സിലാവൂ. നീ എനിക്ക് എത്ര പ്രിയപ്പെട്ടവനാണെന്ന്  നീ അറിയുന്നുണ്ടോ? ഈ ഇ-മെയിലുകൾ ആണ് എൻറെ ആശ്വാസം. മനസിൻറെ ഭാരങ്ങൾ ഇറക്കി വെക്കാൻ ഉള്ള അത്താണി ... 
ഇന്ന് എന്താണ് നടന്നതെന്ന് അറിയില്ല. വനജ ഹോസ്പിറ്റലിൽ ആണ്. മുറിവുകൾ സാരമില്ല എന്ന് എല്ലാവരും പറയുന്നു. പാവം.... പോലീസ് അന്വേഷിക്കുന്നുണ്ടെന്നാണ് പറഞ്ഞത്. എനിക്ക് വിശ്വാസമില്ല, അവർക്കു കണ്ടുപിടിക്കാനാവുമെന്ന്.  
വനജയെക്കുറിച്ചു ഞാൻ പറഞ്ഞില്ലേ, ഷി റിമൈൻഡ്സ് മി ഒഫ് സം വൺ ഓർ സം തിങ് എന്ന്. ഐ നോ വാട് ഇറ്റ് ഈസ്: ഞാൻ ചെറിയ കുട്ടിയായിരുന്നപ്പോൾ മമ്മി പറഞ്ഞു തരാറുണ്ടായിരുന്ന കഥയിൽ എനിക്ക് ഒരു സഹോദരി ഉണ്ടായിരുന്നു. പിന്നെ അവൾ ഞങ്ങളെ വിട്ടു ദൂരെ ദൂരേയ്ക്ക് പോയി. ഞാൻ ഓർക്കുന്നുണ്ട്- അയൽക്കാരായിരുന്ന ഒരു കുടുംബം മറ്റെവിടേയ്ക്കോ സ്ഥലം മാറി പോയപ്പോൾ, ആ കുടുംബത്തിലെ  എൻറെ കൂട്ടുകാരിയെ പിരിഞ്ഞപ്പോൾ ഞാൻ  ഒരുപാടു കരഞ്ഞ ദിവസം- അന്നാണ് മമ്മി ആ കഥ എനിക്കായി മെനെഞ്ഞത്. ആ സഹോദരിയെ തേടി നടക്കലായി പിന്നെയുള്ള കഥകളുടെ കാതൽ. വനജയെ ആദ്യം കണ്ടപ്പോൾ മുതൽ അവർ പണ്ട് മലേഷ്യയിൽ ഉണ്ടായിരുന്നോ എന്ന് ചോദിക്കണമെന്ന് ഒരു തോന്നൽ. പക്ഷേ, ആ നിർദോഷമായ ചോദ്യം പോലും ചോദിക്കാൻ എനിക്ക് കഴിഞ്ഞിട്ടില്ല. എനിക്ക് എന്താണ്?
എനിക്ക് ഇതൊന്നും എബിയോട് പറയാൻ കഴിയില്ല. എൻറെ മനസിൻറെ നോവുകൾ എബിയ്ക്ക് മനസിലാക്കാൻ കഴിയില്ല എന്ന് എനിക്ക് ഉറപ്പാണ്.... നോവുകൾ മാത്രമല്ല, എൻറെ കൊച്ചു കൊച്ചു സന്തോഷങ്ങളും.  ആരും സ്നേഹക്കുറവ് കാണിക്കാറില്ലെങ്കിലും 'മനോരോഗി' എന്ന ലേബൽ ഒരു ഭാരം തന്നെയാണ്. ആരുടേയും ഏതു നോക്കിലും, വാക്കിലും അറിയാതെ എങ്കിലും കടന്നു കൂടുന്ന പരിഗണന, പാലിക്കുന്ന ജാഗ്രത  എന്നെ തളർത്തുന്നു. ഞാൻ ഒഴിഞ്ഞു മാറുകയാണ്, എല്ലാത്തിൽ നിന്നും, എല്ലാവരിൽ നിന്നും. 
നീ ചോദിച്ചില്ലേ, എബിക്കു എന്നോട് സ്നേഹമില്ലേ എന്ന്? ഉണ്ട്, ഉണ്ടെന്നു എനിക്കറിയാം. എന്നോട് സ്നേഹത്തോടെയേ പെരുമാറാറുള്ളൂ. ഒരു വാക്കുകൊണ്ടുപോലും നോവിക്കാതെ... പരിപാലിക്കാനേല്പിച്ച അമൂല്യമായ ഏതോ വസ്തു കാക്കുംപോലെ... രാത്രികളിൽ എബിയുടെ നെഞ്ചിൽ പറ്റിച്ചേർന്നു കിടക്കുമ്പോൾ, എൻറെ നെഞ്ചിൽ വീണമീട്ടുന്ന ആ വിരലുകളിൽ കൂടി അരിച്ചിറങ്ങുന്ന സ്നേഹം ഞാൻ അറിയുന്നുണ്ട്. ഒരു ഡോക്ടറുടെ കൃത്യത ഇല്ലാത്ത ദിനചര്യ എനിക്ക് അലോസരമുണ്ടാക്കരുത് എന്ന കരുതൽ വേണ്ടുവോളം അനുഭവിക്കുന്നുമുണ്ട്. എബി മാത്രമല്ല, ഇവിടെ എല്ലാവരും സ്നേഹത്തോടെ, ദയയോടെയേ ഇടപെടാറുള്ളൂ. എബിയുടെ സ്നേഹമുള്ള ഭാര്യയായി, ഈ വീട്ടിലെ മരുമകളായി സന്തോഷമായി ജീവിക്കണമെന്ന് തന്നെയാണ് എനിക്ക് ആഗ്രഹം.  
പക്ഷേ, കഴിയുന്നില്ല. ശത്രുവിൻറെ സാന്നിധ്യം ഓരോ തുരുമ്പിലും ഞാൻ അറിയുന്നു. എന്നെ തിന്നൊടുക്കാൻ വായും പിളർത്തിയിരിക്കുന്ന പെരുമ്പാമ്പ് ഈ കുടുംബത്തെയും ചുറ്റിയിരിക്കുന്നതുപോലെ...  അത് എന്നെ ഞെരിക്കുകയാണ്. സുമചേച്ചിയുടെ പാവക്കുട്ടികളുടെ കഴുത്തിലെ നെക്ലേസ് പോലെ. ഓ… പറഞ്ഞില്ലല്ലോ ചേച്ചിക്ക് പാവക്കുട്ടികളുടെ ഒരു  ശേഖരം തന്നെയുണ്ട്. എല്ലാ നിറത്തിലും, വലുപ്പത്തിലും ഉള്ളവ. കുട്ടികൾ ഇല്ലാത്ത ചേച്ചിക്ക് അവയോട് വല്ലാത്ത സ്നേഹമാണ്. അവയ്ക്കു ഉടുപ്പുകൾ തുന്നിയും മാലകൾ കോർത്ത്  അണിയിച്ചും  സ്വീകരണമുറിയിലെ അലമാരിയിൽ അവയെ ഒരുക്കി വെച്ചേക്കുന്നത്  കാണേണ്ടത് തന്നെ. അക്കൂട്ടത്തിൽ ശ്വാസം മുട്ടിക്കുമ്പോലെ കഴുത്തിൽ ഇറുക്കിപ്പിടിച്ചു കിടക്കുന്ന നെക്ലേസുകൾ ഉറപ്പിച്ചിരിക്കുന്നതാകട്ടെ കഴുത്തിന് ചുറ്റും ക്രൂരമായി കുത്തിയിറക്കിയ കൂർത്ത മൊട്ടുസൂചികൾക്കൊണ്ടും. ആ മൊട്ടുസൂചികൾ എന്നിൽ വല്ലാത്ത അസ്വസ്ഥതയാണ് ഉളവാക്കുന്നത്. ആരുടേയും കണ്ണിൽ പെടാതെ ഒളിച്ചിരുന്ന് കുത്തിക്കീറുകയാണ് അവ..… 
നീ എന്നാണ് ഇങ്ങോട്ടു വരുന്നത്? ഇനിയും താമസിക്കരുത്. ആരോടും ഒന്നും പറയരുത് എന്ന് നീ പറഞ്ഞത് ഞാൻ ഇന്ന് വരെയും അനുസരിച്ചു. പക്ഷേ ഈ ഒളിച്ചുകളി അധികനാൾ തുടരാനാവുമെന്നു എനിക്ക് തോന്നുന്നില്ല. ദിവസങ്ങൾ കഴിയുന്തോറും പ്രശ്നങ്ങൾ കൂടുകയാണ്.  
നീ അന്ന് എന്തിനാണ് എന്നെ രക്ഷപെടുത്തിയത്? ഞാൻ എൻറെ മമ്മിയുടെ അടുത്തേക്ക് പൊയ്ക്കോളുമായിരുന്നല്ലോ. ആർക്കും ഭാരമാവാതെ... ഡാഡിക്കും, എബിക്കും, എബിയുടെ വീട്ടുകാർക്കും, അയൽക്കാർക്കും  ആർക്കും…
ഇന്നും ആ രാത്രിയിൽ എന്താണ് ഉണ്ടായതെന്ന് ആരും എന്നോട് പറഞ്ഞിട്ടില്ല. മമ്മി ഉറങ്ങുന്ന സെമിത്തേരിയിൽ ആ രാത്രി ഞാൻ എങ്ങനെ എത്തി എന്ന് ഇന്നും എനിക്ക് അറിയില്ല. മമ്മിയുടെ വഴി ഞാൻ അറിഞ്ഞുകൊണ്ട് തെരെഞ്ഞെടുത്തതല്ല. എൻറെ രക്തത്തിൽ എൻറെ വെളുത്ത മരുന്നുകൾ അത്ര കൂടിയ അളവിൽ ആര് കുത്തിവെച്ചു എന്നും എനിക്കറിയില്ല. ആ ദിവസങ്ങളിൽ എനിക്ക് ചുറ്റും എന്താണ് നടക്കുന്നത് എന്ന് പലപ്പോഴും ഞാൻ അറിഞ്ഞിരുന്നില്ലല്ലോ. കോളേജിൽ നിന്നും വീട്ടിലേക്കു പോരാൻ ഡാഡി അയച്ച കാറിൽ കയറിയത് മാത്രമേ എനിക്കറിയൂ…
ഒന്നും പറയാതെ, നീ എൻറെ ജീവനും ആയുസ്സിനും കാവലായി. നിൻറെ ആ കരുതലാണ് ഇന്ന് എന്നെ ജീവിപ്പിക്കുന്നത്. ഭ്രാന്ത് പിടിപ്പിക്കുന്ന ഏകാന്തയിൽ, അനാഥമായ ബാല്യത്തിൻറെ അരക്ഷിതാവസ്ഥയിൽ എൻറെ വെളുത്ത മരുന്നുകൾ നൽകിയിരുന്ന ആശ്വാസം... നീ എന്നെ ഒരിക്കലും കുറ്റപ്പെടുത്തിയില്ല; ചേർത്തുപിടിച്ചിട്ടേയുള്ളൂ, സാന്ത്വനം ആയിട്ടേയുള്ളൂ. 
ബീന ടൈപ് ചെയ്യുന്നത് നിർത്തി, താൻ എഴുതിയത് വായിച്ചു നോക്കി. വേദന കലർന്ന വികൃതമായ ഒരു ചിരി അവളുടെ ചുണ്ടിൽ എത്തി.
നോ.. ദിവാകർ. ഞാൻ ഇത് നിനക്ക് അയക്കില്ല. 
എൻറെ സങ്കടങ്ങൾ കൊണ്ട് ഞാൻ നിന്നെ ഇനിയും ബുദ്ധിമുട്ടിക്കില്ല. ഞാൻ പ്രായപൂർത്തിയായ ഒരു പെണ്ണാണ്, എൻറെ പ്രശ്നങ്ങൾ ഞാൻ തന്നെ പരിഹരിക്കണം. എൻറെ ജീവനും, ജീവിതത്തിനും ഉത്തരവാദിത്തം എനിക്ക് തന്നെയാണ്. പിന്നെ, ഡാഡിയുടെ കമ്പനിയും.... നീയല്ലേ പറഞ്ഞത്, ഇന്നല്ലെങ്കിൽ നാളെ അതും ഞാൻ ഏറ്റെടുത്തേ മതിയാവൂ എന്ന്. ഒന്നിൽ നിന്നും ഒളിച്ചോടി രക്ഷപ്പെടാനാവില്ല എന്ന്... ഞാൻ ശ്രമിക്കട്ടെ? നീ എൻറെ കൂടെ നിൽക്കുമല്ലോ അല്ലേ ? 
പിന്നെ, നിശ്ചയിച്ചുറപ്പിച്ചപോലെ ഡിലീറ്റ് ബട്ടണിൽ അവളുടെ വിരൽ അമർന്നു. കംപ്യുട്ടർ സ്ക്രീൻ ശൂന്യമായി. ജീവിതത്തിലെ കറുത്ത ഏടുകളും ഇങ്ങനെ ഒരു ബട്ടൺ ക്ലിക് ചെയ്തു മായ്ക്കാൻ, മറക്കാൻ കഴിഞ്ഞിരുന്നെങ്കിൽ നന്നായേനേ എന്ന് അവൾ വെറുതെ ഓർത്തു. 
എന്നിട്ടു കാര്യമാത്രപ്രസക്തമായ ഒരു കുറിപ്പ് മാനേജരായ ദിവാകറിന് അയച്ചു: 'ദിവാകർ, തിങ്സ് ആർ ഗെറ്റിംഗ് ഡെയ്ഞ്ചറസ്. എന്തെങ്കിലും ചെയ്തേ മതിയാവൂ. നീ തന്നെ അന്വേഷിക്കണം... വേണ്ടിവന്നാൽ, ഇവിടം വരെ വന്നു തന്നെ കാര്യങ്ങൾ നീക്കണം… എപ്പോഴാണ് വരുന്നത് എന്ന് അറിയിക്കുക.'  

Read More: https://www.emalayalee.com/writer/69

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക