Image

കുട്ടികളെ തുടർച്ചയായി ലൈംഗിക പീഡനത്തിനിരയാക്കിയ കേസ്: സ്‌നേഹ മെർലിനെതിരെ നടപടി ശക്തമാക്കാൻ പോലീസ്; കേസുകളുടെ എണ്ണം നാലായി

Published on 13 June, 2026
കുട്ടികളെ തുടർച്ചയായി ലൈംഗിക പീഡനത്തിനിരയാക്കിയ കേസ്: സ്‌നേഹ മെർലിനെതിരെ നടപടി ശക്തമാക്കാൻ പോലീസ്; കേസുകളുടെ എണ്ണം നാലായി

കണ്ണൂർ: കുട്ടികൾക്കെതിരെ തുടർച്ചയായി ലൈംഗികാതിക്രമം നടത്തുന്ന തളിപ്പറമ്പ് പുളിപറമ്പ് സ്വദേശിനി സ്നേഹ മെർലിനെതിരെ (25) നിയമനടപടികൾ ശക്തമാക്കാൻ പോലീസ് നീക്കം തുടങ്ങി. സ്വന്തം വീട്ടിൽ ഉറങ്ങിക്കിടക്കുകയായിരുന്ന 16 വയസുകാരിയെ പലതവണ ലൈംഗികമായി പീഡിപ്പിച്ച കേസിൽ സ്നേഹയ്‌ക്കെതിരെ കൂടുതൽ വിവരങ്ങളാണ് പോലീസ് അന്വേഷണത്തിൽ പുറത്തുവന്നിട്ടുള്ളത്. വെള്ളിയാഴ്ചയാണ് ഈ പെൺകുട്ടിയുടെ പരാതിയിൽ മേൽപ്പറമ്പ് പോലീസ് സ്നേഹക്കെതിരെ പോക്സോ നിയമപ്രകാരം പുതിയ കേസെടുത്തത്. ഇതോടെ ഇവർക്കെതിരെയുള്ള പോക്സോ കേസുകളുടെ എണ്ണം നാലായി ഉയർന്നു.

​ലഹരി വിൽപ്പനക്കേസിലെ പ്രതിയായ പെൺകുട്ടിയുടെ അമ്മയുമായി കണ്ണൂരിലെ വനിതാ ജയിലിൽ വെച്ചാണ് സ്നേഹ പരിചയപ്പെടുന്നത്. തുടർന്ന് ജാമ്യത്തിലിറങ്ങിയ സ്നേഹ ഒരു വർഷത്തോളം കുട്ടിയുടെ വീട്ടിൽ താമസിച്ചിരുന്നു. പെൺകുട്ടിയുടെ അമ്മ വീട്ടിലുള്ളപ്പോൾ പോലും പീഡനം നടന്നതായാണ് വിവരം. ഇതേ പെൺകുട്ടിയെ മുൻപ് പീഡിപ്പിച്ച കേസിൽ പിതാവും പോക്സോ ചുമത്തപ്പെട്ട് ജയിലിലാണ്. മാതാപിതാക്കൾ ജയിലിലായതിനെ തുടർന്ന് പെൺകുട്ടിയെ ഷെൽട്ടർ ഹോമിലേക്ക് മാറ്റിയതിനു ശേഷം നടത്തിയ കൗൺസിലിങ്ങിലാണ് സ്നേഹയുടെ ക്രൂരതകൾ കുട്ടി പുറത്തുപറഞ്ഞത്.

​2025 ഫെബ്രുവരിയിലാണ് സ്നേഹക്കെതിരെയുള്ള ആദ്യ പോക്സോ കേസ് രജിസ്റ്റർ ചെയ്യുന്നത്. പന്ത്രണ്ടുകാരിയായ കുട്ടിയെ പീഡിപ്പിച്ച കേസിൽ അന്ന് ഇവരെ റിമാൻഡ് ചെയ്തിരുന്നു. കുട്ടിയുടെ ബാഗിൽ നിന്ന് ലഭിച്ച ഫോൺ പരിശോധിച്ച അധ്യാപകർക്ക് തോന്നിയ സംശയമാണ് അന്ന് വഴിത്തിരിവായത്. തുടർന്ന് ചൈൽഡ് ലൈൻ നടത്തിയ കൗൺസിലിങ്ങിലാണ് പീഡനവിവരം പുറത്തുവന്നത്. കുട്ടിയോട് അതിയായ വാത്സല്യമുണ്ടെന്ന് വരുത്തിത്തീർക്കാൻ സ്നേഹ കുട്ടിക്ക് സ്വർണ്ണ ബ്രേസ്‌ലെറ്റ് സമ്മാനമായി നൽകിയിരുന്നു. പിന്നീട് ഈ കുട്ടിയുടെ സഹോദരനായ 15 വയസുകാരനെയും സ്നേഹ പീഡിപ്പിച്ചതായി വ്യക്തമാവുകയും കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പോലീസ് മറ്റൊരു പോക്സോ കേസ് കൂടി രജിസ്റ്റർ ചെയ്യുകയുമായിരുന്നു.

​ഇതുകൂടാതെ, 14 വയസുകാരനായ മറ്റൊരു ആൺകുട്ടിയെ പീഡിപ്പിക്കുകയും ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തി ഭീഷണിപ്പെടുത്തുകയും ചെയ്തതിനും സ്നേഹക്കെതിരെ കേസുണ്ട്. കുട്ടികൾക്കെതിരെയുള്ള ലൈംഗികാതിക്രമങ്ങൾക്ക് പുറമെ ക്രിമിനൽ കേസുകളിലും ഇവർ പ്രതിയാണ്. 2024 ഫെബ്രുവരിയിൽ തളിപ്പറമ്പിലെ സിപിഐ നേതാവ് കോമത്ത് മുരളീധരനെ സാമ്പത്തിക തർക്കത്തെത്തുടർന്നുള്ള മധ്യസ്ഥ ചർച്ചയ്ക്കിടെ ഹെൽമെറ്റ് കൊണ്ട് ആക്രമിച്ച കേസിൽ രണ്ടാം പ്രതിയാണ് സ്നേഹ മെർലിൻ. സമാനതകളില്ലാത്ത കുറ്റകൃത്യങ്ങൾ ആവർത്തിക്കുന്ന പ്രതിക്കെതിരെ അതീവ ഗൗരവത്തോടെയുള്ള അന്വേഷണമാണ് പോലീസ് നടത്തുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക