
കരിപ്പൂർ സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട കവർച്ചാ കേസിൽ അന്വേഷണം അർജുൻ ആയങ്കിയിലേക്കും. സ്വർണ്ണം തട്ടിയെടുക്കാൻ കണ്ണൂരിൽ നിന്ന് സംഘത്തെ അയച്ചത് അർജുൻ ആയങ്കിയുടെ നിർദ്ദേശപ്രകാരമാണോ എന്ന് പോലീസ് വിശദമായി പരിശോധിക്കുകയാണ്. കേസിൽ അറസ്റ്റിലായ പ്രതികൾക്ക് അർജുൻ ആയങ്കിയുമായി അടുത്ത ബന്ധമുണ്ടെന്ന വിവരം ലഭിച്ചതിനെത്തുടർന്നാണ് അന്വേഷണ സംഘം ഇയാളിലേക്ക് ശ്രദ്ധ തിരിച്ചത്. ശക്തമായ തെളിവുകൾ ലഭിച്ചാൽ അർജുൻ ആയങ്കിയെ കേസിൽ പ്രതി ചേർക്കുമെന്ന് അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കി.
റിമാൻഡിൽ കഴിയുന്ന പ്രതികളെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യുന്നതോടെ കേസിൽ കൂടുതൽ വ്യക്തത വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. വിദേശത്തുനിന്ന് സ്വർണം കൊണ്ടുവന്നത് എ.ആർ. നഗർ സ്വദേശിക്ക് വേണ്ടിയാണെന്നും ഇയാൾക്കായി തിരച്ചിൽ ഊർജ്ജിതമാക്കിയതായും പോലീസ് അറിയിച്ചു. കഴിഞ്ഞ ഞായറാഴ്ച സംശയാസ്പദമായ സാഹചര്യത്തിൽ കരിപ്പൂർ വിമാനത്താവളത്തിന് പരിസരത്തുനിന്ന് പോലീസ് കസ്റ്റഡിയിലെടുത്ത സംഘം നൽകിയ വിവരങ്ങളാണ് കേസിലെ വഴിത്തിരിവായത്