
തമിഴ് സിനിമയിലെ പ്രശസ്ത നടനും സംവിധായകനുമായ രാഘവ ലോറൻസ് രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുന്നു. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ‘എക്സി’ലൂടെയാണ് താരം തന്റെ രാഷ്ട്രീയ പ്രഖ്യാപനം നടത്തിയത്. തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയുമായുള്ള സൗഹൃദവും നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളുമാണ് താൻ ഇങ്ങനെയൊരു തീരുമാനത്തിലേക്ക് എത്തിച്ചതെന്ന് ലോറൻസ് വ്യക്തമാക്കി.
തിരുച്ചിറപ്പള്ളി ഈസ്റ്റ് മണ്ഡലത്തിൽ നടക്കാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പിൽ രാഘവ ലോറൻസ് ടിവികെ സ്ഥാനാർത്ഥിയായി മത്സരിച്ചേക്കുമെന്ന അഭ്യൂഹങ്ങൾ ശക്തമാണ്. നിയമസഭാ തെരഞ്ഞെടുപ്പിൽ വിജയിച്ച രണ്ട് സീറ്റുകളിൽ ഒന്നായ പെരമ്പൂർ വിജയ് നിലനിർത്തുകയും, തിരുച്ചിറപ്പള്ളി ഈസ്റ്റ് സീറ്റ് ഒഴിയുകയും ചെയ്ത സാഹചര്യത്തിലാണിത്. പണത്തിനോ അധികാരത്തിനോ വേണ്ടിയല്ല മറിച്ച്, താൻ വിശ്വസിക്കുന്ന ഒരാൾക്കൊപ്പം ചേർന്ന് സമൂഹത്തെ സേവിക്കുക മാത്രമാണ് തന്റെ ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു. താൻ ഒരിക്കലും രാഷ്ട്രീയത്തിൽ വരുമെന്ന് കരുതിയിരുന്നില്ലെന്നും സാഹചര്യങ്ങളാണ് ഇതിലേക്ക് നയിച്ചതെന്നും ലോറൻസ് കൂട്ടിച്ചേർത്തു.
സിനിമയിലെയും ജീവകാരുണ്യ പ്രവർത്തനങ്ങളിലെയും തന്റെ സജീവസാന്നിധ്യത്തിന് ശേഷം രാഷ്ട്രീയത്തിലേക്ക് ചുവടുവെക്കുന്ന ലോറൻസിന്റെ തീരുമാനത്തെ ആരാധകരും രാഷ്ട്രീയ നിരീക്ഷകരും ഏറെ പ്രതീക്ഷയോടെയാണ് ഉറ്റുനോക്കുന്നത്. സത്യസന്ധമായും അമ്മയുടെ അനുഗ്രഹത്തോടെയും പ്രവർത്തിക്കുമെന്നും, ജനങ്ങളുടെ ഉപദേശവും മാർഗ്ഗനിർദ്ദേശങ്ങളും തനിക്ക് അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു