
തിരുവനന്തപുരം: സംസ്ഥാനത്തെ സ്ത്രീകൾക്കും ട്രാൻസ്ജെൻഡർ വ്യക്തികൾക്കും കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സൗജന്യ യാത്ര അനുവദിക്കുന്ന 'പ്രിയദർശിനി' പദ്ധതി ജൂൺ 15 മുതൽ ആരംഭിക്കും. തിരുവനന്തപുരം തമ്പാനൂർ ബസ് ടെർമിനലിൽ മുഖ്യമന്ത്രി വി.ഡി സതീശൻ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കും. ഉദ്ഘാടന സർവീസിന്റെ ഡ്രൈവറും കണ്ടക്ടറും വനിതകളായിരിക്കും. ഇന്ദിരാ ഗ്യാരണ്ടി പദ്ധതിയുടെ ഭാഗമായാണ് പ്രിയദർശിനി നടപ്പാക്കുന്നത്.
ആദ്യഘട്ടത്തിൽ കെഎസ്ആർടിസിയുടെ 3,125 ഓർഡിനറി ബസുകളിലാണ് പദ്ധതി നടപ്പാക്കുന്നത്. പ്രായഭേദമെന്യേ എല്ലാ സ്ത്രീകൾക്കും ട്രാൻസ്ജെൻഡർ വ്യക്തികൾക്കും ഓർഡിനറി സർവീസുകളിൽ സൗജന്യ യാത്ര ലഭ്യമാകും. വരുമാനപരിധിയോ സാമൂഹിക പദവിയോ ഉൾപ്പെടെ യാതൊരു മാനദണ്ഡവും ബാധകമല്ല.
സ്ത്രീകൾക്ക് സൗജന്യമായി യാത്ര ചെയ്യാൻ പ്രത്യേക രജിസ്ട്രേഷനോ രേഖകളോ ആവശ്യമില്ല. യാത്രയ്ക്കിടെ കണ്ടക്ടറിൽ നിന്ന് 'സീറോ ടിക്കറ്റ്' അല്ലെങ്കിൽ 'പ്രിയദർശിനി' ടിക്കറ്റ് കൈപ്പറ്റിയാൽ മതിയാകും. ഇതുവഴി ഓരോ യാത്രയുടെയും കൃത്യമായ വിവരങ്ങൾ രേഖപ്പെടുത്തുകയും സുതാര്യമായ കണക്കെടുപ്പ് ഉറപ്പാക്കുകയും ചെയ്യും. പദ്ധതിയുമായി ബന്ധപ്പെട്ട സാമ്പത്തിക ബാധ്യത പൂർണമായും സംസ്ഥാന സർക്കാർ വഹിക്കുമെന്ന് മന്ത്രി അറിയിച്ചു.