
കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്റൽ കോളജ് വിദ്യാർത്ഥി നിതിൻ രാജിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത ലോൺ ആപ്പ് കേസിലെ മുഖ്യപ്രതി അറസ്റ്റിൽ. ഉത്തർപ്രദേശ് സ്വദേശിയായ സൗരവ് (22) ആണ് ഡൽഹിയിൽ വെച്ച് കണ്ണൂർ ക്രൈംബ്രാഞ്ച് ഇൻസ്പെക്ടർ ശ്രീജിത്ത് കോടേരിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്റെ പിടിയിലായത്. കേസിൽ നേരത്തെ ഹരിയാന സ്വദേശി ജയ് പ്രകാശ്, ഉത്തർപ്രദേശ് സ്വദേശികളായ പ്രശാന്ത് കേവൽ, ഋഷികേശ് തിവാരി എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതോടെ കേസിൽ പിടിയിലായവരുടെ എണ്ണം നാലായി.
കണ്ണൂർ ക്രൈംബ്രാഞ്ച് എസ്.പി പി. ബാലകൃഷ്ണൻ നായരുടെ മേൽനോട്ടത്തിൽ ഡിവൈ.എസ്.പി ജീവൻ ജോർജാണ് കേസിന്റെ അന്വേഷണം നടത്തുന്നത്. കഴിഞ്ഞ ഏപ്രിൽ പത്തിനാണ് നിതിൻ രാജിനെ മെഡിക്കൽ കോളജ് കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മരണത്തിന് പിന്നാലെ നിതിന്റെ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് 'ഇൻസ്റ്റ പേ ലോൺ' എന്ന ഓൺലൈൻ ആപ്പിന്റെ ക്രൂരമായ ഭീഷണികളാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്ന് വ്യക്തമായത്. ബി.എൻ.എസ് 308 (ആത്മഹത്യാ പ്രേരണ) ഉൾപ്പെടെയുള്ള ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
മരണപ്പെടുന്നതിന് തൊട്ടുതലേദിവസം മാത്രം ഇൻസ്റ്റ പേ ആപ്പിൽ നിന്ന് നിതിന്റെ ഫോണിലേക്ക് 98 കോളുകളും 9 വാട്‌സാപ് സന്ദേശങ്ങളും വന്നതായി പോലീസ് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. 36 ശതമാനം ഉയർന്ന പലിശ നിരക്കിലാണ് നിതിന് 15,000 രൂപ ഇവർ വായ്പയായി നൽകിയിരുന്നത്. ഈ തുക പലിശ സഹിതം തിരിച്ചടയ്ക്കാൻ ആവശ്യപ്പെട്ട് പ്രതികൾ ഫോണിലൂടെ നിരന്തരം ഭീഷണിപ്പെടുത്തുകയും മാനസികമായി കടുത്ത പ്രതിസന്ധിയിലാക്കുകയും ചെയ്തതാണ് വിദ്യാർത്ഥിയുടെ ദാരുണാന്ത്യത്തിന് കാരണമായതെന്ന് എഫ്.ഐ.ആറിൽ വ്യക്തമാക്കുന്നു.