
യുഎസുമായി ഒപ്പുവയ്ക്കാനുള്ള ധാരണാ പത്രത്തിന്റെ കരട് പൂർത്തിയായി എന്നു ഇറാനും സമ്മതിച്ചതായി ഇറേനിയൻ മാധ്യമങ്ങൾ വെളിപ്പെടുത്തി. യുഎസ് പ്രസിഡന്റ് ട്രംപ് നേരത്തെ പറഞ്ഞ പോലെ ധാരണയായി എന്നു മെഹർ ന്യൂസ് ഏജൻസിയാണ് സ്ഥിരീകരിച്ചത്.
ഞായറാഴ്ച്ച ജനീവയിൽ ധാരണാപത്രം ഒപ്പുവയ്ക്കും എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. തിങ്കളാഴ്ച്ച ഫ്രാൻസിലെ ആൽപ്സിലുള്ള ഏവിയനിൽ ആരംഭിക്കുന്ന ജി 7 ഉച്ചകോടിക്കു ട്രംപ് എത്തുമ്പോൾ വൈസ് പ്രസിഡന്റ് ജെ ഡി വാൻസ് ജനീവയിൽ ഒപ്പിടാൻ ഉണ്ടാവും.
ഇറാൻ എണ്ണയുടെ മേലുള്ള ഉപരോധം നീക്കാൻ യുഎസ് സമ്മതിച്ചെന്നു ഇറാൻ മാധ്യമങ്ങൾ പറയുന്നു. ഇറാൻ ആവട്ടെ, ഹോർമുസ് കടലിടുക്ക് തുറന്നു അന്താരാഷ്ട്ര കപ്പൽ ഗതാഗതം സുഗമമാക്കും.
പതിനാല് വ്യവസ്ഥകൾ ഉൾക്കൊള്ളുന്ന ധാരണാപത്രത്തിൽ ഇറാന്റെ മരവിപ്പിച്ച പണം വിട്ടു കൊടുക്കാനും വ്യവസ്ഥയുണ്ടെന്നു മെഹർ പറയുന്നു. പേർഷ്യൻ ഗൾഫിലെ നാവിക ഉപരോധം യുഎസ് അവസാനിപ്പിക്കും.
ഇറാനു സമീപത്തു നിന്ന് യുഎസ് സേന പിന്മാറണം എന്ന വ്യവസ്ഥയുണ്ട്. ഇറാന്റെ പുനർനിർമാണത്തിനു $300 ബില്യൺ യുഎസും സഖ്യരാജ്യങ്ങളും കൂടി നൽകണമെന്നു ഇറാൻ ആവശ്യപ്പെടുന്നു.
US-Iran MoU could be signed Sunday