
യുഎസും ഇറാനും തമ്മിൽ ഒരു പ്രാഥമിക ധാരണാപത്രം ഉടൻ ഒപ്പുവയ്ക്കാൻ വഴി തുറന്നതോടെയാണ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് വ്യാഴാഴ്ച്ച രാത്രി ഇറാനിൽ നടത്താനിരുന്ന മൂന്നാം ദിവസത്തെ 'അത്യുഗ്ര ആക്രമണം' ഒഴിവാക്കിയതെന്നു റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
അടുത്ത ആഴ്ച്ച ആദ്യം ധാരണാപത്രം ഒപ്പിടാൻ കഴിയുമെന്നാണ് ചർച്ചകളുമായി ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ചു സി ബി എസ് റിപ്പോർട്ട് ചെയ്യുന്നത്. അതു കഴിഞ്ഞാൽ 60 ദിവസം നീളുന്ന ചർച്ചകളിലൂടെ യുഎസ്-ഇറാൻ സ്ഥിരം കരാർ ഉണ്ടാവും. വേണ്ടി വന്നാൽ ചർച്ചയ്ക്കു കൂടുതൽ സമയം അനുവദിക്കും.
ധാരണാപത്രം ഒപ്പുവച്ചാലുടൻ ഹോർമുസ് കടലിടുക്ക് തുറക്കുമെന്നു ട്രംപ് വ്യാഴാഴ്ച്ച വൈറ്റ് ഹൗസിൽ റിപ്പോർട്ടർമാരോടു പറഞ്ഞു. ഇറാൻ വിതറിയെന്നു കരുതപ്പെടുന്ന മൈനുകൾ നീക്കം ചെയ്യുന്നുണ്ട്.
ധാരണപത്രം തയാറായെന്നു ഇറാൻ
യുദ്ധം അവസാനിപ്പിക്കാനുള്ള ധാരണാപത്രം ഏറെക്കുറെ തയാറായെന്നു ഇറാൻ വിദേശകാര്യ വകുപ്പ് വൃത്തങ്ങളും സ്ഥിരീകരിക്കുന്നു. ധാരണാപത്രം അനുസരിച്ചു ഇറാൻ 15-20 വർഷത്തേക്കു യുറേനിയം സമ്പുഷ്ടമാക്കില്ലെന്നു ഉറപ്പു നൽകും. ആണവ കേന്ദ്രങ്ങൾ പൊളിച്ചു കളയുകയും ചെയ്യും.
ഇറാന് അണ്വായുധം ഉണ്ടെന്നു കരുതുന്നില്ലെന്നു യുഎസ് വൃത്തങ്ങൾ പറയുന്നു. ഉണ്ടാക്കാൻ ശ്രമിച്ചെന്നും കരുതുന്നില്ല. എന്നാൽ യുറേനിയം അണ്വായുധ നിർമാണത്തിന് ആവശ്യമായ തലത്തിലേക്കു ശുദ്ധീകരിക്കാൻ അവർ ശ്രമിക്കയാണ് എന്നാണു കാണുന്നത്.
പകരമായി, മരവിപ്പിച്ചിട്ടുള്ള പണം അവർക്കു പല ഗഡുക്കളായി തിരിച്ചു കിട്ടും.
അടുത്തയാഴ്ച്ച ഫ്രാൻസിൽ ജി 7 ഉച്ചകോടിക്കു പോകുന്ന ട്രംപ് ഇറാനുമായുളള കരാർ എവിടെ, എപ്പോൾ ഒപ്പിടുമെന്നു വ്യക്തമാക്കിയില്ല. ഒപ്പിടാൻ വൈസ് പ്രസിഡന്റ് ജെ ഡി വാൻസ് പോകുമെന്ന് അദ്ദേഹം പറഞ്ഞു.
ഇറാനിൽ ഭരണമാറ്റം ഉണ്ടായെന്നു ട്രംപ്
യുദ്ധത്തിന്റെ ലക്ഷ്യങ്ങളിൽ ഒന്നായിരുന്ന ഭരണമാറ്റം ഇറാനിൽ സാധ്യമായെന്നു ട്രംപ് അവകാശപ്പെട്ടു. "പഴയ ആളുകളേക്കാൾ ന്യായവും യുക്തിയും ഉള്ളവരാണ് ഇപ്പോൾ ഭരിക്കുന്നത്. ആദ്യത്തെയും രണ്ടാമത്തെയും നേതൃത്വ നിറയെ നമ്മൾ തീർത്തു. ഇപ്പോഴുള്ളത് കൂടുതൽ മികവുള്ള, ന്യായം കാണുന്ന നേതൃത്വമാണ്. അവർ ധാരണപാത്രത്തിന്റെ കരട് അംഗീകരിച്ചിട്ടുണ്ട്.
"എല്ലാവരും ഡീൽ അംഗീകരിച്ചു കഴിഞ്ഞു."
യുഎസ് ആക്രമണങ്ങൾ കൊണ്ടാണ് അവരെ ബോധ്യപ്പെടുത്തിയതെന്നു അദ്ദേഹം കൂട്ടിച്ചേർത്തു.
എന്നാൽ കരാർ സംബന്ധിച്ച ട്രംപിന്റെ അവകാശവാദങ്ങൾ ശരിയല്ലെന്ന് ഇറാൻ വിപ്ലവഗാർഡുകളുമായി ബന്ധമുളള ഫാർസ് ന്യൂസ് ഏജൻസി പറഞ്ഞു.
സി ബി എസ് റിപ്പോർട്ടിൽ പറയുന്നത് ലെബനനിലെ ഇസ്രയേലി ആക്രമണം അവസാനിപ്പിക്കാനുളള വ്യവസ്ഥകളും ധാരണാപത്രത്തിൽ ഉണ്ടെന്നാണ്. അക്കാര്യത്തിൽ ഇറാന് ഉറച്ച നിലപാടുണ്ട്.
US-Iran MoU on horizon