
ഡാളസ്: ലോക മാധ്യമങ്ങളിലും സോഷ്യൽ മീഡിയകളിലും ചർച്ച ചെയ്യപ്പെടുന്ന ഇന്ത്യൻ വംശജൻ വൈഭവ് ആൾട്ടെക്കർ ഇന്ത്യയ്ക്കു പുതിയ അഭിമാനം.
ഹോർമുസ് കടലിടുക്കിനു സമീപം യുഎസിന്റെ അപ്പാച്ചെ ഹെലികോപ്റ്റർ ഇറാൻ വീഴ്ത്തിയപ്പോൾ കടലിൽ കുടുങ്ങിയ രണ്ട് സൈനിക പൈലറ്റുമാരെ രക്ഷിക്കാൻ യുഎസ് നേവി ആദ്യമായി ഒരു സെൽഫ്-ഡ്രൈവിങ് ബോട്ട് ഉപയോഗിച്ചു. 'കോർസെയർ' എന്ന ഹൈടെക് ഡ്രോൺ ബോട്ട് വികസിപ്പിച്ചെടുത്ത പ്രധാന കണ്ണി ആണ് ഇന്ത്യൻ വംശജനായ വൈഭവ് ആൾട്ടെക്കർ.
അത്യാധുനിക എഐ സാങ്കേതികവിദ്യയുള്ള ഡ്രോണ്‍ ബോട്ട് കൂടിയാണിത്. പൈലറ്റുമാരെ രക്ഷിക്കാന്‍ പാഞ്ഞെത്തിയത് ഈ ബോട്ടാണ്. രണ്ടു പേരെയും ജീവനോടെ കരയിൽ എത്തിക്കുകയും ചെയ്തു.
ടെക്സസ് ആസ്ഥാനമായുള്ള സറോണിക് ടെക്നോളജീസ് എന്ന കമ്പനിയുടെ സഹസ്ഥാപകരിൽ ഒരാളാണ് എഞ്ചിനീയർ ആൾട്ടെക്കർ. കമ്പനിയിലെ ചീഫ് ടെക്നോളജി ഓഫീസർ (സിടിഒ) കൂടിയാണ് അദ്ദേഹം. കൂടാതെ എഐ അധിഷ്ഠിത സെൽഫ്- ഡ്രൈവിങ് സാങ്കേതികവിദ്യയുടെ പിന്നിലെ പ്രധാന ബുദ്ധിയെന്നും വിശേഷിപ്പിക്കാം.
ഇലക്ട്രിക്കൽ എഞ്ചിനീയറിങ് വിദ്യാർഥിയാണ് ആൾട്ടെക്കർ. സോഫ്റ്റ്വെയർ ആർക്കിടെക്ചർ, അഡ്വാൻസ്ഡ് എഞ്ചിനീയറിങ് പ്രോഗ്രാമുകൾ എന്നിവയിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. മെഷീൻ ലേണിങ്, നാവിഗേഷൻ, പെർസെപ്ഷൻ, കമാൻഡ് ആൻഡ് കൺട്രോൾ സിസ്റ്റങ്ങൾ തുടങ്ങിയ അത്യാധുനിക മേഖലകളിലും അദ്ദേഹത്തിൻ്റെ ടീം പ്രവർത്തിക്കുന്നുണ്ട്.
പ്രതിരോധ സാങ്കേതിക കമ്പനിയായ ആൻഡൂറിലിലെ ആദ്യത്തെ എഞ്ചിനീയർമാരിൽ ഒരാളായിരുന്നു ആൾട്ടെക്കർ. ഓസ്ട്രേലിയൻ നാവികസേനയ്ക്കായി വികസിപ്പിച്ചെടുത്ത ഗോസ്റ്റ് ഷാർക്ക് ഡ്രോൺ അന്തർവാഹിനി പ്രോഗ്രാമിൽ നിർണായക പങ്ക് വഹിച്ചിട്ടുണ്ട്.
യുഎസ് ചരിത്രത്തിലെ ആദ്യ പരീക്ഷണമായിരുന്നു കോർസെയർ അഥവാ എഐ ബോട്ട് ഉപയോഗിച്ചുള്ള രക്ഷാപ്രവർത്തനം. ഡ്രൈവർ വേണ്ട എന്നതാണ് ഈ ബോട്ടിൻ്റെ പ്രത്യേകത. ഡീസലിൽ ഓടുന്ന 24 അടി നീളമുള്ള ഡ്രോൺ ബോട്ടാണ് കോർസെയർ. 35 നോട്ടിക്കൽ മൈൽ വരെ വേഗതയിൽ സഞ്ചരിക്കാൻ ഇതിന് സാധിക്കും.
അതും 1,000 നോട്ടിക്കൽ മൈലിലധികം ദൂരം കവർ ചെയ്യും. അതുപോലെ ഏകദേശം 1,000 പൗണ്ട് ഭാരം വഹിക്കാൻ ഈ ബോട്ടിന് കഴിയും, കൂടാതെ അതിൻ്റെ എഐ സാങ്കേതികവിദ്യ ഉപയോഗിച്ച് കടലിലെ വിവിധ ദൗത്യങ്ങൾ കൈകാര്യം ചെയ്യാനും മറ്റ് പ്രവർത്തനങ്ങളിൽ ഏർപ്പെടാനും സാധിക്കും.
പ്രത്യേക യൂണിറ്റായ യുഎസ് നാവികസേനയുടെ ടാസ്ക് ഫോഴ്സ് 59 ആണ് ഇത് ഉപയോഗിക്കുന്നത്.
Indian engineer hailed for self-driving boat