Image

ഷിഗെല്ല രോഗബാധ തിരുവനന്തപുരത്തേക്കും; തോന്നയ്ക്കൽ, ചാക്ക, പുത്തൻതോപ്പ് മേഖലകളിൽ ജാഗ്രത, വയനാട് ഒരു കുട്ടിക്ക് കൂടി രോഗം സ്ഥിരീകരിച്ചു

Published on 11 June, 2026
ഷിഗെല്ല രോഗബാധ തിരുവനന്തപുരത്തേക്കും; തോന്നയ്ക്കൽ, ചാക്ക, പുത്തൻതോപ്പ് മേഖലകളിൽ ജാഗ്രത, വയനാട് ഒരു കുട്ടിക്ക് കൂടി രോഗം സ്ഥിരീകരിച്ചു

​കൊല്ലം: സംസ്ഥാനത്ത് മൂന്ന് ജില്ലകളിൽ ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചതോടെ ആരോഗ്യവകുപ്പ് പ്രതിരോധ നടപടികൾ ഊർജ്ജിതമാക്കി. തിരുവനന്തപുരം, കൊല്ലം, വയനാട് ജില്ലകളിലാണ് നിലവിൽ രോഗബാധ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. വൃത്തിഹീനമായ ഭക്ഷണത്തിലൂടെയോ മലിനമായ കുടിവെള്ളത്തിലൂടെയോ ആകാം രോഗം പടർന്നതെന്നാണ് ആരോഗ്യവകുപ്പിന്റെ പ്രാഥമിക വിലയിരുത്തൽ. രോഗബാധിതരായ ഭൂരിഭാഗം പേരും കുട്ടികളാണെന്നത് ആശങ്ക വർദ്ധിപ്പിക്കുന്നുണ്ടെങ്കിലും നിലവിൽ ആരുടെയും ആരോഗ്യനില ഗുരുതരമല്ലെന്ന് അധികൃതർ വ്യക്തമാക്കി.

​വയനാട് ജില്ലയിലാണ് രോഗബാധ ഏറ്റവും രൂക്ഷമായിരിക്കുന്നത്. ബത്തേരിക്ക് പിന്നാലെ നെൻമേനിയിലും ഒരു കുട്ടിക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ ജില്ലയിൽ ആകെ രോഗബാധിതരുടെ എണ്ണം ഒൻപതായി. കൂടാതെ 26 വിദ്യാർത്ഥികൾ രോഗലക്ഷണങ്ങളോടെ ചികിത്സയിലുണ്ട്. രോഗവ്യാപനം തടയുന്നതിന്റെ ഭാഗമായി നെൻമേനിയിൽ ആൾക്കൂട്ട നിയന്ത്രണം ഏർപ്പെടുത്തുകയും അമ്പലവയൽ, നൂൽപ്പുഴ ഗ്രാമപഞ്ചായത്തുകളിലെയും ബത്തേരി മുൻസിപ്പാലിറ്റിയിലെയും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജൂൺ 14 വരെ അവധി പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്.

​തിരുവനന്തപുരത്ത് തോന്നയ്ക്കൽ, ചാക്ക, പുത്തൻതോപ്പ് എന്നിവിടങ്ങളിൽ മൂന്ന് കുട്ടികൾക്കും കൊല്ലത്തെ പരവൂർ, പാലത്തറ മേഖലകളിൽ രണ്ട് വിദ്യാർത്ഥികൾക്കുമാണ് രോഗം സ്ഥിരീകരിച്ചത്. തിരുവനന്തപുരത്ത് രോഗം ബാധിച്ചവർ സ്വകാര്യ ആശുപത്രിയിലും കൊല്ലത്തെ വിദ്യാർത്ഥികൾ പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിലും ചികിത്സയിലാണ്. പരവൂർ മേഖലയിൽ മുൻപും ഷിഗെല്ല റിപ്പോർട്ട് ചെയ്തിട്ടുള്ളതിനാൽ പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കാൻ കൊല്ലം ജില്ലാ മെഡിക്കൽ ഓഫീസർ കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കണമെന്നും ആരോഗ്യവകുപ്പ് അഭ്യർത്ഥിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക