
ഒമാനു സമീപം ഒരാഴ്ചയ്ക്കിടയിൽ മൂന്നാമതൊരു ഇന്ത്യൻ കപ്പൽ കൂടി ആക്രമിച്ചതായി യുഎസ് സൈന്യം വ്യാഴാഴ്ച്ച അറിയിച്ചു. കപ്പലിന്റെ എൻജിൻ റൂമിലേക്കു ഹെൽഫെയർ മിസൈലുകൾ അടിച്ചെന്നു യുഎസ് സെൻട്രൽ കമാൻഡ് പറഞ്ഞു.
ഗിനി-ബസു കൊടി പറത്തിയ എം ടി ജലവീർ എന്ന കപ്പലാണ് ആക്രമിക്കപ്പെട്ടത്. പേർഷ്യൻ ഗൾഫിൽ ഉപരോധം നടപ്പാക്കുന്ന യുഎസ് സേനയുടെ ഉത്തരവുകൾ അവഗണിച്ചതാണ് കാരണമെന്നു അവർ പറഞ്ഞു.
ഒമാന് സമീപം യുഎസ് സേനയുടെ ആക്രമണത്തിൽ ഇന്ത്യൻ കപ്പലിലെ മൂന്നു ജീവനക്കാർ കൊല്ലപ്പെട്ടതിനു പിന്നാലെ, മറ്റൊരു ഇന്ത്യൻ കപ്പൽ ഒമാന്റെ ഷിനാസ് തുറമുഖത്തിനു സമീപം ആക്രമിക്കപ്പെട്ടതായി മസ്‌കറ്റിലെ ഇന്ത്യൻ എംബസിവ്യാഴാഴ്ച അറിയിച്ചിരുന്നു.
ജൂൺ 8നു ഹോർമുസ് കടലിടുക്കിൽ മാരിവെക്‌സ് എന്ന കപ്പലിൽ യുഎസ് സേനയുടെ മിസൈൽ അടിച്ചു തീപിടിത്തം ഉണ്ടായി.
അതിനു പിന്നാലെ ജൂൺ 10നു സെറ്റെബെല്ലോ എന്ന വാണിജ്യ കപ്പലിൽ ഒമാൻ തീരത്തു വച്ച് യുഎസ് ആക്രമണം നടത്തി.
ഇന്ത്യ പ്രതിഷേധിച്ചു
തുടർച്ചയായ ആക്രമണങ്ങളിൽ അഗാധമായ ആശങ്കയുണ്ടെന്ന് വ്യാഴാഴ്ച്ച ഇന്ത്യ അമേരിക്കൻ അധികൃതരെ അറിയിച്ചു. ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയെന്നു ഡൽഹിയിൽ വിദേശകാര്യ മന്ത്രാലയം പറഞ്ഞു.
ആക്രമണങ്ങൾ അവസാനിപ്പിക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടതായി മന്ത്രാലയം വക്താവ് രൺധീർ ജയ്‌സ്വാൾ പറഞ്ഞു. മന്ത്രാലയത്തിലെ അഡിഷണൽ സെക്രട്ടറി നാഗരാജ് നായിഡു യുഎസ് എംബസിയിലെ ഷാരെ ദഫാരെ ജേസൺ മേക്‌സിനെ വിളിച്ചു വരുത്തി പ്രതിഷേധം അറിയിച്ചു.
മൂന്നു കപ്പലുകളും വിദേശ കൊടിയാണ് പറത്തിയിരുന്നതെന്നും ജയ്‌സ്വാൾ കൂട്ടിച്ചേർത്തു.
Another ship incident reported off Oman