
ഇറാനിൽ യുഎസ് തുടർച്ചയായി രണ്ടാം ദിവസവും ആക്രമണം നടത്തിയതിനു പിന്നാലെ വ്യാഴാഴ്ച ഇറാൻ ഗൾഫിലെ അമേരിക്കൻ താവളങ്ങൾ ആക്രമിച്ചു. ബഹ്‌റൈൻ, കുവൈറ്റ് എന്നിവിടങ്ങളിലും ജോർദാനിലും രണ്ടു ദിവസത്തിനുള്ളിൽ രണ്ടാമത്തെ ആക്രമണം ആയിരുന്നു അത്.
കുവൈറ്റ് മണിക്കൂറുകളോളം വ്യോമാതിർത്തി അടച്ചു. എന്നാൽ നാശനഷ്ടങ്ങൾ ഉണ്ടോ എന്നു വ്യക്തമല്ല.
ഇറാന്റെ 20 മിസൈലുകൾ തടഞ്ഞെന്നു ജോർദാൻ അറിയിച്ചു. യുഎസ് സൈനിക താവളം ആയിരുന്നു ലക്‌ഷ്യം. ആളപായമില്ല.
ബഹ്‌റൈനിൽ 11 വയസുള്ള ഒരു പെൺകുട്ടിക്കു പരുക്കേറ്റെന്നും കാറുകൾക്കും വീടുകൾക്കും നാശനഷ്ടം ഉണ്ടായെന്നും ആഭ്യന്തര വകുപ്പ് അറിയിച്ചു.
യുഎസ് നടത്തിയ ആക്രമണങ്ങൾ വെടിനിർത്തലിനെ ഫലത്തിൽ അർഥശൂന്യമാക്കിയെന്നു ഇറാൻ വിദേശകാര്യ വകുപ്പ് പറഞ്ഞു. സ്വയം പ്രതിരോധത്തിനു വേണ്ടിയാണു ആക്രമണമെന്നു യുഎസ് വാദിച്ചിരുന്നു. രണ്ടാം ദിവസം യുഎസ് ലക്‌ഷ്യം വച്ചതു സൈനിക കേന്ദ്രങ്ങളാണെന്നു ഇറാൻ പറഞ്ഞു.
സംയമനം പാലിക്കണമെന്നു റഷ്യ
യുഎസും ഇറാനും സമാധാന ചർച്ച വീണ്ടും ആരംഭിക്കണമെന്നു റഷ്യ ആഹ്വാനം ചെയ്തു. “ബന്ധപ്പെട്ട കക്ഷികൾ സംയമനം പാലിക്കണമെന്നു ഞങ്ങൾ ആഹ്വാനം ചെയ്യുന്നു. ചർച്ചകളിലേക്ക് മടങ്ങണം.”
യുഎസുമായി ചർച്ച നടത്തിയ ഖത്തറിന്റെ ഒരു സംഘം ഇറാനിൽ എത്തി ഉദ്യോഗസ്ഥരെ കണ്ടതായി ദോഹയിൽ നിന്നുള്ള റിപ്പോർട്ടിൽ പറയുന്നു.
സംഘർഷം ഉയരുന്നതിൽ പാക്കിസ്ഥാൻ ആശങ്ക പ്രകടിപ്പിച്ചു. വെടിനിർത്തൽ പാലിക്കാൻ അവർ യുഎസിനോടും ഇറാനോടും അഭ്യർഥിച്ചു.
ഇറാന്റെ 'ശത്രുതാപരമായ' ആക്രമണങ്ങളെ യു എ ഇ അപലപിച്ചു. "സഹോദര രാജ്യങ്ങളുടെ പരമാധികാരം ലംഘിക്കുന്ന ആക്രമണങ്ങളാണിവ," വിദേശകാര്യ വകുപ്പു പറഞ്ഞു. “അവരുടെ ഭദ്രതയ്ക്കും സമാധാനത്തിനും വെല്ലുവിളിയാണിത്.”
Iran attacks Gulf bases after US assault