
കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സ്ത്രീകൾക്ക് നൽകുന്ന സൗജന്യ യാത്രക്കെതിരെ ഓൾ കേരള മെൻസ് അസോസിയേഷൻ രംഗത്ത്. സൗജന്യ യാത്ര ആരംഭിക്കുന്ന ജൂൺ 15ന് സെക്രട്ടറിയേറ്റിന് മുന്നിൽ പ്രതിഷേധിക്കുമെന്നും ബസുകൾ തടയുമെന്നുമാണ് പ്രഖ്യാപനം. അത് കൂടാതെ ബസിൽ കയറി ടിക്കറ്റ് എടുക്കാതെ യാത്ര ചെയ്യുമെന്നും അസോസിയേഷൻ പ്രസിഡന്റ് വട്ടിയൂർക്കാവ് അജിത്കുമാർ ഫേസ്ബുക്കിൽ പങ്കുവെച്ച വീഡിയോയിൽ പറയുന്നു.
പുരുഷനായി ജനിച്ചത് കൊണ്ട് ഒരിടത്തും നീതി കിട്ടുന്നില്ല. പുരുഷന്മാരും വോട്ട് ബാങ്ക് ആണ്. റേഷൻ കാര്‍ഡ് നോക്കി സാമ്പത്തികമായി പിന്നോക്കാവസ്ഥയിലുള്ളവർക്ക് സൗജന്യ യാത്ര കൊടുക്കുന്നത് കൊണ്ട് പ്രശ്നമില്ല. ലക്ഷങ്ങൾ ശമ്പളം വാങ്ങിക്കുന്നവർക്ക് പോലും എന്തിനാണ് സൗജന്യ യാത്രയെന്നാണ് അജിത് കുമാര്‍ ചോദിക്കുന്നത്.
സംസ്ഥാന സർക്കാരിന്‍റെ ഇന്ദിര ഗ്യാരന്‍റി പദ്ധതിയുടെ ഭാഗമയി 'പ്രിയദർശിനി' എന്ന് പേരിട്ടിരിക്കുന്ന ഈ പദ്ധതി ജൂൺ 15 മുതലാണ് നടപ്പിലാകുക. വരുമാനമോ പ്രായമോ പരിഗണിക്കാതെയും പ്രത്യേക നിബന്ധനകളില്ലാതെയുമാണ് ആദ്യഘട്ടത്തിൽ ഓർഡിനറി ബസുകളിലെ സൗജന്യ യാത്രാ സൗകര്യം ലഭ്യമാക്കുകയെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ അറിയിച്ചു. കേരളത്തിൽ ആദ്യമായാണ് ഇത്തരമൊരു പദ്ധതി നടപ്പാക്കുന്നത്. പദ്ധതി നടപ്പിലാക്കുന്നതോടെ കെഎസ്ആർടിസിക്ക് പ്രതിമാസം 65 മുതൽ 70 കോടി രൂപ വരെയും പ്രതിവർഷം 750 മുതൽ 800 കോടി രൂപ വരെയും വരുമാനക്കുറവുണ്ടാകുമെന്നാണ് കണക്കാക്കുന്നത്
ഈ തുക സർക്കാർ കെഎസ്ആർടിസിക്ക് അനുവദിക്കും. നിലവിൽ ശമ്പളവും പെൻഷനും നൽകുന്നതിനായി സർക്കാർ നൽകുന്ന വാർഷിക തുകയായ 1500 കോടി രൂപയ്ക്ക് പുറമെയായിരിക്കും ഈ അധിക സഹായം. അടുത്ത ആറുമാസത്തിനുള്ളിൽ വരുമാനം വർധിപ്പിക്കാൻ കെഎസ്ആർടിസിക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.