
കൊച്ചി: താരസംഘടനയായ 'അമ്മ'യിലെ ആഭ്യന്തര തർക്കങ്ങൾ പുതിയ തലത്തിലേക്ക്. സംഘടനയുടെ മുൻ ജോയിന്റ് സെക്രട്ടറിയും നടിയുമായ അൻസിബ ഹസന് സംഘടന കാരണം കാണിക്കൽ നോട്ടീസ് നൽകി. മാധ്യമങ്ങൾക്ക് തുടർച്ചയായി അഭിമുഖങ്ങൾ നൽകി സംഘടനയെ തകർക്കാൻ ശ്രമിച്ചെന്നും പരസ്യപ്രസ്താവനകൾ വഴി സംഘടനയ്ക്ക് കളങ്കമുണ്ടാക്കിയെന്നുമാണ് നോട്ടീസിലെ പ്രധാന ആരോപണം. ഈ മാസം 17-ാം തീയതിക്ക് മുൻപ് വ്യക്തമായ മറുപടി നൽകിയില്ലെങ്കിൽ സംഘടനയിൽ നിന്ന് പുറത്താക്കുമെന്ന കടുത്ത മുന്നറിയിപ്പും നോട്ടീസിലുണ്ട്. പ്രശ്നങ്ങൾ സംഘടനയ്ക്കുള്ളിൽ രമ്യമായി പരിഹരിക്കാമായിരുന്നിട്ടും അൻസിബ അതിന് തയ്യാറായില്ലെന്നാണ് 'അമ്മ'യുടെ നിലപാട്.
കഴിഞ്ഞ ഫെബ്രുവരി 14-ന് നടന്ന സംഘടനയുടെ കുടുംബസംഗമത്തിന്റെ സ്പോൺസർഷിപ്പുമായി ബന്ധപ്പെട്ട തർക്കങ്ങളാണ് നിലവിലെ പ്രതിസന്ധിക്ക് ആധാരം. വെണ്ണല തൈക്കാട് മഹാദേവ ക്ഷേത്രമായിരുന്നു പരിപാടിയുടെ സ്പോൺസർമാർ. ഒരു മതസ്ഥാപനം സംഘടനയുടെ പരിപാടി സ്പോൺസർ ചെയ്യുന്നതിനെ എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ അൻസിബ ഉൾപ്പെടെയുള്ളവർ ശക്തമായി എതിർത്തിരുന്നു. ദല്ലാൾ നന്ദകുമാർ പ്രസിഡന്റായുള്ള ക്ഷേത്ര കമ്മിറ്റിയായിരുന്നു ഇത്. കുടുംബസംഗമത്തിന് പിന്നാലെ അൻസിബ ജോയിന്റ് സെക്രട്ടറി സ്ഥാനം രാജി വച്ചിരുന്നു. വ്യക്തിപരമായ കാരണങ്ങളാലാണ് രാജിയെന്നാണ് പ്രെസിഡന്റ് ശ്വേത മേനോൻ വ്യക്തമാക്കിയതെങ്കിലും, നടൻ ടിനി ടോമുമായുള്ള ഭിന്നതയാണ് രാജിവെക്കാൻ കാരണമെന്ന് അൻസിബ പിന്നീട് പരസ്യമായി വെളിപ്പെടുത്തി.
തനിക്കെതിരെ ടിനി ടോം വംശീയവും മതപരവുമായ ആക്ഷേപങ്ങൾ ഉന്നയിച്ചതായി അൻസിബ ആരോപിച്ചിരുന്നു. താൻ ആളുകളെ മതം മാറ്റാൻ ശ്രമിക്കുന്നുവെന്ന് ടിനി ടോം പ്രചരിപ്പിച്ചെന്നും മറ്റുള്ളവരുമായി ചേർത്ത് മോശം കഥകൾ സൃഷ്ടിച്ചെന്നുമാണ് അൻസിബയുടെ ആക്ഷേപം. പേര് അൻസിബ ഹസൻ എന്നായതുകൊണ്ട് വ്യക്തിവിരോധം തീർക്കാൻ സമൂഹത്തിന് തെറ്റായ സന്ദേശം നൽകാനാണ് ടിനി ടോം ശ്രമിച്ചതെന്നും, ഒരു സെക്കുലർ സംസ്ഥാനത്തോടാണ് അദ്ദേഹം ഈ ദ്രോഹം ചെയ്തതെന്നും അൻസിബ പ്രതികരിച്ചിരുന്നു. ഈ വിഷയവുമായി ബന്ധപ്പെട്ട് തൃപ്പൂണിത്തുറ എസ്.ഐ രേഷ്മ, നടി ലക്ഷ്മിപ്രിയ എന്നിവർക്കെതിരെ അൻസിബ മുഖ്യമന്ത്രിക്കും ഡി.ജിപിക്കും പരാതി നൽകുകയും, മുഖ്യമന്ത്രി ഈ പരാതി പൊലീസ് മേധാവിക്ക് കൈമാറുകയും ചെയ്തിട്ടുണ്ട്.
എന്നാൽ, ഈ തർക്കവിഷയങ്ങൾ ചർച്ച ചെയ്യുന്നതിനായി പലതവണ ആവശ്യപ്പെട്ടിട്ടും അൻസിബ സംഘടനയ്ക്ക് മുൻപാകെ ഹാജരായില്ലെന്നാണ് 'അമ്മ' നേതൃത്വത്തിന്റെ ആക്ഷേപം. ഇത് കടുത്ത അച്ചടക്കലംഘനമായാണ് സംഘടന കാണുന്നത്. സംഘടനയുടെ ചട്ടങ്ങൾ നിരന്തരം ലംഘിക്കുകയും ആഭ്യന്തര കാര്യങ്ങൾ മാധ്യമങ്ങളിലൂടെ വിളിച്ച് പറഞ്ഞ് അപകീർത്തിപ്പെടുത്താൻ ശ്രമിക്കുകയും ചെയ്ത സാഹചര്യത്തിലാണ് അൻസിബയ്ക്കെതിരെ കാരണം കാണിക്കൽ നോട്ടീസുമായി മുന്നോട്ട് പോകാൻ 'അമ്മ' എക്സിക്യൂട്ടീവ് കമ്മിറ്റി തീരുമാനിച്ചത്. നിയമനടപടികളുമായി മുന്നോട്ട് പോകുമെന്ന് അൻസിബയും നിലപാട് കടുപ്പിച്ചതോടെ സംഘടനയ്ക്കുള്ളിലെ ഭിന്നത വരും ദിവസങ്ങളിൽ കൂടുതൽ രൂക്ഷമാകാനാണ് സാധ്യത.