Image

മുന്നണി തർക്കം തെരുവിലേക്ക്; പാലായിൽ കോൺഗ്രസ് - സ്വതന്ത്ര പോര് മുറുകുന്നു, ഭരണം തുലാസിൽ

Published on 11 June, 2026
മുന്നണി തർക്കം തെരുവിലേക്ക്; പാലായിൽ കോൺഗ്രസ് - സ്വതന്ത്ര പോര് മുറുകുന്നു, ഭരണം തുലാസിൽ

​കോട്ടയം: പാലാ നഗരസഭയിൽ അധികാരമേറ്റ് കേവലം ആറുമാസം പിന്നിടുമ്പോൾ യു.ഡി.എഫ് ഭരണസമിതി ഗുരുതരമായ പ്രതിസന്ധിയിലേക്ക്. കോൺഗ്രസ് കൗൺസിലർമാരും പുളിക്കക്കണ്ടം കുടുംബത്തിന്റെ നേതൃത്വത്തിലുള്ള സ്വതന്ത്ര അംഗങ്ങളും തമ്മിലുള്ള ഭിന്നത രൂക്ഷമായതാണ് മുന്നണിയുടെ നിലനിൽപ്പിനെത്തന്നെ ബാധിക്കുന്ന തരത്തിലേക്ക് വളർന്നത്. സ്വതന്ത്ര കൗൺസിലറായ ദിയ പുളിക്കക്കണ്ടം കോൺഗ്രസ് കൗൺസിലർ ബിജു മാത്യൂസിനെതിരെ വാച്ചും ഫയലും മോഷ്ടിച്ചെന്ന് കാണിച്ച് പൊലീസിൽ പരാതി നൽകിയതോടെ തർക്കം പുതിയ തലത്തിലെത്തി. ഏതാനും ദിവസങ്ങൾക്ക് മുൻപ് ബിജു മാത്യൂസ് തന്നെ ശാരീരികമായി ആക്രമിച്ചെന്ന് കാണിച്ച് ദിയയുടെ പിതാവും കൗൺസിലറുമായ ബിനു പുളിക്കക്കണ്ടം പരാതി നൽകിയിരുന്നു. പരസ്പരം കേസുകളുമായി മുന്നോട്ട് പോകുന്നതിനിടെ പുളിക്കക്കണ്ടം കുടുംബത്തിലെ മൂന്ന് കൗൺസിലർമാർ 'ടീം യു.ഡി.എഫ്' വാട്‌സ്ആപ്പ് ഗ്രൂപ്പിൽ നിന്നും പുറത്തുപോയത് മുന്നണിയിലെ ഭിന്നതയുടെ ആഴം വ്യക്തമാക്കുന്നു.

​26 അംഗങ്ങളുള്ള നഗരസഭാ കൗൺസിലിൽ യു.ഡി.എഫിന് സ്വന്തമായി 10 അംഗങ്ങൾ മാത്രമാണുള്ളത്. ഇതിൽ ആറുപേർ കോൺഗ്രസിനും മൂന്നുപേർ കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിനും ഒരാൾ മാണി സി. കാപ്പന്റെ കെ.ഡി.പിക്കുമുണ്ട്. തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷം സ്വതന്ത്ര അംഗങ്ങളുടെ കൂട്ടായ്മയുടെയും ഒരു കോൺഗ്രസ് വിമതയുടെയും പിന്തുണയോടെയാണ് യു.ഡി.എഫ് അധികാരം പിടിച്ചത്. തുടക്കത്തിൽ തന്നെ ബിനു പുളിക്കക്കണ്ടവും മകളും ആദ്യ രണ്ടര വർഷത്തേക്ക് ചെയർപേഴ്‌സൺ, വൈസ് ചെയർപേഴ്‌സൺ സ്ഥാനങ്ങൾ ആവശ്യപ്പെട്ടിരുന്നു. തുടർന്ന് കെ.പി.സി.സിയും യു.ഡി.എഫ് നേതൃത്വവും ഇടപെട്ടാണ് താൽക്കാലിക ധാരണയുണ്ടാക്കിയത്. ഇതനുസരിച്ച് ദിയ പുളിക്കക്കണ്ടത്തിന് ചെയർപേഴ്‌സൺ സ്ഥാനവും കോൺഗ്രസ് വിമതയായ മായാ രാഹുലിന് ആദ്യ ആറുമാസത്തേക്ക് വൈസ് ചെയർപേഴ്‌സൺ സ്ഥാനവും നൽകുകയായിരുന്നു.

​ധാരണപ്രകാരം മായാ രാഹുലിന്റെ ആറുമാസത്തെ കാലാവധി ജൂൺ 26-ന് അവസാനിക്കാനിരിക്കെ, അടുത്ത വൈസ് ചെയർപേഴ്‌സൺ സ്ഥാനം ബിനു പുളിക്കക്കണ്ടത്തിന് കൈമാറണമെന്നാണ് വ്യവസ്ഥ. എന്നാൽ പിതാവും മകളും ഒരേസമയം നഗരസഭയുടെ സുപ്രധാനമായ രണ്ട് പദവികൾ വഹിക്കുന്നതിനോട് കോൺഗ്രസ് കൗൺസിലർമാർക്ക് വിയോജിപ്പുണ്ട്. കോൺഗ്രസ് കൗൺസിലർമാരുടെ ഈ കടുത്ത നിലപാടാണ് നിലവിലെ പരസ്യമായ ചേരിതിരിവിനും രാഷ്ട്രീയ പ്രതിസന്ത്ിക്കും പ്രധാന കാരണമായതെന്നാണ് രാഷ്ട്രീയ കേന്ദ്രങ്ങളിൽ നിന്നുള്ള സൂചന. തർക്കം മുറുകിയതോടെ നഗരസഭാ കൗൺസിൽ യോഗങ്ങൾ പോലും ചേരാൻ കഴിയാത്ത സ്ഥിതിയാണ് പാലായിലുള്ളത്.

​ഇതിനിടെ, കോൺഗ്രസിന് മേൽ ശക്തമായ സമ്മർദം ചെലുത്തുന്നതിനായി കൗൺസിലിനുള്ളിൽ പുതിയ അണിയറ നീക്കങ്ങൾ സജീവമായിട്ടുണ്ട്. കേരള കോൺഗ്രസ് ജോസഫ് വിഭാഗം, കെ.ഡി.പി പ്രതിനിധി, സ്വതന്ത്ര അംഗങ്ങളുടെ കൂട്ടായ്മ എന്നിവരെ ഉൾപ്പെടുത്തി ഏഴംഗ രാഷ്ട്രീയ ബ്ലോക്ക് രൂപീകരിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. ഈ നീക്കം വിജയിച്ചാൽ നഗരസഭയിൽ കോൺഗ്രസ് പൂർണ്ണമായും ഒറ്റപ്പെടുന്ന സാഹചര്യമുണ്ടാകും. വരും ദിവസങ്ങളിൽ കെ.പി.സി.സി നേതൃത്വം നേരിട്ട് ഇടപെട്ട് അനുരഞ്ജന ചർച്ചകൾ നടത്തിയില്ലെങ്കിൽ പാലാ നഗരസഭയിലെ യു.ഡി.എഫ് ഭരണത്തിന്റെ ഭാവി തന്നെ അപകടത്തിലാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക