Image

​'ഭരിക്കുന്നവൻ ശരിയല്ലെങ്കിൽ നിപ വരുമെന്നത് വിഡ്ഢിത്തം'; കെ. മുരളീധരന് മറുപടിയുമായി കെ.കെ ശൈലജയും വീണാ ജോർജും

Published on 11 June, 2026
​'ഭരിക്കുന്നവൻ ശരിയല്ലെങ്കിൽ നിപ വരുമെന്നത് വിഡ്ഢിത്തം'; കെ. മുരളീധരന് മറുപടിയുമായി കെ.കെ ശൈലജയും വീണാ ജോർജും

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും നിപ സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ, മുൻപ് എൽ.ഡി.എഫ് സർക്കാരിനെതിരെ കോൺഗ്രസ് നേതാവ് കെ. മുരളീധരൻ നടത്തിയ വിവാദ പരാമർശങ്ങൾക്ക് മറുപടിയുമായി മുൻ ആരോഗ്യ മന്ത്രിമാരായ കെ.കെ ശൈലജയും വീണാ ജോർജും രംഗത്ത്. 'എരണംകെട്ടവർ നാടുഭരിച്ചാൽ നാടുമുടിയു'മെന്നും കരുണാകരന്റെയും ആന്റണിയുടെയും കാലത്ത് വവ്വാലുകൾ ഉണ്ടായിട്ടും നിപ വരാത്തത് ഇപ്പോഴത്തെ ഭരണാധികാരികളുടെ കുഴപ്പം കൊണ്ടാണെന്നുമുള്ള മുരളീധരന്റെ പഴയ പ്രസംഗം സമൂഹമാധ്യമങ്ങളിൽ വീണ്ടും ചർച്ചയായതോടെയാണ് എൽ.ഡി.എഫ് നേതാക്കളുടെ പ്രതികരണം. വൈറസുകൾ വരുന്നത് ഏത് സർക്കാരാണെന്ന് നോക്കിയിട്ടല്ലെന്നും, ഇത്തരം പ്രതിസന്ധികളിൽ കക്ഷിരാഷ്ട്രീയം നോക്കാതെ ഒറ്റക്കെട്ടായി ജനങ്ങളെ ചേർത്തുപിടിക്കുകയാണ് വേണ്ടതെന്നും നേതാക്കൾ ഓർമ്മിപ്പിച്ചു.

​വൈറസുകൾ സമൂഹത്തിലുണ്ടെന്നും പ്രത്യേക സാഹചര്യങ്ങളിൽ അവയുടെ ആധിക്യം കൂടുകയും മനുഷ്യരിലേക്ക് പകരുകയുമാണ് ചെയ്യുന്നതെന്നും കെ.കെ ശൈലജ വ്യക്തമാക്കി. മുൻപ് യു.ഡി.എഫ് നേതാക്കൾ തന്നെ 'നിപ റാണി' എന്ന് വിളിച്ച് പരിഹസിച്ച കാര്യവും ഈ സാഹചര്യത്തിൽ രാഷ്ട്രീയ വൃത്തങ്ങളിൽ ചർച്ചയാകുന്നുണ്ട്. രോഗകാലത്ത് ജനങ്ങൾക്ക് ബുദ്ധിമുട്ടില്ലാതെ കൂട്ടായി ഇടപെടുന്ന ശൈലിയാണ് ആവശ്യമെന്നും അവർ കൂട്ടിച്ചേർത്തു. മുരളീധരന്റെ പഴയ പ്രസംഗത്തിന്റെ ശരിതെറ്റുകൾ കാലം തെളിയിക്കട്ടെ എന്നായിരുന്നു വീണാ ജോർജിന്റെ പ്രതികരണം. മഹാമാരികളുടെ കാലത്ത് ശാസ്ത്രീയമായ പ്രതിരോധം തീർക്കുക എന്നതാണ് ഇടതുപക്ഷ സമീപനമെന്നും അവർ വ്യക്തമാക്കി.

​കോഴിക്കോട് മെഡിക്കൽ കോളജിലെ മൈക്രോബിയോളജി ലാബിൽ നടത്തിയ ആർ.ടി.പി.സി.ആർ പരിശോധനയിലാണ് പുതിയ നിപ കേസ് സ്ഥിരീകരിച്ചത്. പുനെ എൻ.ഐ.വിയിൽ നിന്നുള്ള ഔദ്യോഗിക ഫലം വരുന്നതിന് മുൻപ് തന്നെ, മുൻ അനുഭവങ്ങളുടെ പശ്ചാത്തലത്തിൽ കേരളം ചിട്ടപ്പെടുത്തിയ ചികിത്സാ പ്രോട്ടോക്കോളും ഗൈഡ്‌ലൈനും അനുസരിച്ച് അടിയന്തര തുടർനടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് വീണാ ജോർജ് അറിയിച്ചു. അതേസമയം, മുരളീധരന്റെ പഴയ പ്രസംഗം നിലവിലെ സാഹചര്യത്തിൽ ഭരണപക്ഷത്തിന് അനുകൂലമായ ട്രോളുകളായും പരിഹാസങ്ങളായും സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക