Image

ഒമാൻ തീരത്തെ ആക്രമണത്തിൽ മൂന്ന് ഇന്ത്യൻ നാവികരും മരിച്ചതായി സ്ഥിരീകരണം

Published on 11 June, 2026
 ഒമാൻ തീരത്തെ ആക്രമണത്തിൽ മൂന്ന് ഇന്ത്യൻ നാവികരും മരിച്ചതായി സ്ഥിരീകരണം

ഡൽഹി: ഒമാൻ തീരത്ത് അമേരിക്കൻ സേന ഇന്ത്യൻ വാണിജ്യ കപ്പലിന് നേരെ നടത്തിയ ആക്രമണത്തിൽ കാണാതായ മൂന്ന് ഇന്ത്യൻ നാവികരും കൊല്ലപ്പെട്ടതായി റിപ്പോർട്ട്. റോയിട്ടേഴ്സാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 24 ഇന്ത്യക്കാരുണ്ടായിരുന്ന കപ്പലിലെ 21 പേരെയും കഴിഞ്ഞ ദിവസം തന്നെ രക്ഷപ്പെടുത്തിയിരുന്നു. 

ഒമാൻ തീരത്ത് ഹോർമുസ് കടലിടുക്കിന് പുറത്ത് യുഎസ് ഏർപ്പെടുത്തിയ ഉപരോധം ലംഘിക്കാൻ ശ്രമിച്ചതിനെ തുടർന്നാണ് സെറ്റബെല്ലോ എന്ന എണ്ണക്കപ്പലിനെ ആക്രമിച്ചതെന്ന് യുഎസ് സൈന്യം അറിയിച്ചു.

ഇന്ത്യൻ കപ്പലിന് നേരെ ഉണ്ടായ ആക്രമണത്തെ ഇന്ത്യ അപലപിച്ചു. ന്യൂഡൽഹിയിലെ മുതിർന്ന യുഎസ് നയതന്ത്രജ്ഞനെ ഇന്ത്യ വിളിച്ചുവരുത്തി. സംഭവത്തിൽ യുഎസ് ചാർജ് ഡി അഫയേഴ്സ് ജേസൺ മീക്സിനെ ഇന്ത്യ വിളിച്ചുവരുത്തിയതായി ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. യുഎസ് അംബാസഡർ സെർജിയോ ഗോർ കസാക്കിസ്ഥാനിൽ പര്യടനത്തിലായതിനാൽ രാജ്യത്തുണ്ടായിരുന്നില്ല. 

ഒമാൻ തീരത്ത് വാണിജ്യ കപ്പലായ സെറ്റബെല്ലോയ്ക്ക് നേരെ നടന്ന ആക്രമണത്തെ അപലപിക്കുന്നു. കപ്പലിലുണ്ടായിരുന്ന 24 ഇന്ത്യൻ ജീവനക്കാരിൽ 21 പേരെ ഇതുവരെ രക്ഷപ്പെടുത്തിയിട്ടുണ്ട്, 3 ഇന്ത്യക്കാരെ കാണാതായതായാണ് റിപ്പോർട്ട്. ഒമാനിലെ ഇന്ത്യൻ എംബസി സാഹചര്യം സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്, കൂടാതെ നിലവിലുള്ള തിരച്ചിലിനും രക്ഷാപ്രവർത്തനത്തിനുമായി ഒമാൻ അധികൃതരുമായി സജീവമായി ഏകോപനം നടത്തുന്നുമുണ്ട്." വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

മേഖലയിൽ കപ്പലുകൾക്ക് നേരെയുള്ള ആക്രമണങ്ങൾ തുടരുന്നതിലെ ആശങ്കയും ഇന്ത്യ അറിയിച്ചു. ഇത് ഈ മേഖലയിൽ നിലവിലുള്ള സംഘർഷത്തിന്റെ നേരിട്ടുള്ള ഫലമാണെന്നും സംഘർഷങ്ങൾ ഉടനടി ലഘൂകരിക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു. നയതന്ത്ര പരിഹാരത്തിനായുള്ള ചർച്ചകൾ പൂർത്തിയാക്കാൻ ആവശ്യപ്പെട്ട ഇന്ത്യ ഇതിലൂടെ മേഖലയിലേക്ക് സമാധാനവും സുസ്ഥിരതയും തിരിച്ചുകൊണ്ടുവരാൻ സാധിക്കുമെന്നും അഭിപ്രായപ്പെട്ടു. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക