Image

ഫ്‌ലോറിഡയില്‍ റെക്കോര്‍ഡ് വേട്ട: 3,600 കിലോഗ്രാമിലധികം ബര്‍മീസ് മലമ്പാമ്പുകളെ പിടികൂടി

പി പി ചെറിയാന്‍ Published on 11 June, 2026
ഫ്‌ലോറിഡയില്‍ റെക്കോര്‍ഡ് വേട്ട: 3,600 കിലോഗ്രാമിലധികം ബര്‍മീസ് മലമ്പാമ്പുകളെ പിടികൂടി

നേപ്പിള്‍സ്, ഫ്‌ലോറിഡ: തെക്കുപടിഞ്ഞാറന്‍ ഫ്‌ലോറിഡയിലെ പരിസ്ഥിതിക്ക് വന്‍ ഭീഷണിയായ 177 ബര്‍മീസ് മലമ്പാമ്പുകളെ  കണ്‍സര്‍വന്‍സി ബയോളജിസ്റ്റുകള്‍ പിടികൂടി. ആകെ 8,080 പൗണ്ട് (ഏകദേശം 3,665 കിലോഗ്രാം) തൂക്കം വരുന്ന പാമ്പുകളെയാണ് ഇത്തവണ നീക്കം ചെയ്തത്. ഇത് മുന്‍വര്‍ഷത്തെ റെക്കോര്‍ഡുകളെയെല്ലാം കാറ്റില്‍പ്പറത്തിക്കൊണ്ടുള്ള റെക്കോര്‍ഡ് വേട്ടയാണ്. കഴിഞ്ഞ വര്‍ഷം 6,300 പൗണ്ട് പാമ്പുകളെയായിരുന്നു പിടികൂടിയിരുന്നത്.

ആണ്‍പാമ്പുകളില്‍ റേഡിയോ ടെലിമെട്രി ചിപ്പുകള്‍ ഘടിപ്പിച്ച് കാട്ടിലേക്ക് വിട്ടാണ് ബയോളജിസ്റ്റുകള്‍ പെണ്‍പാമ്പുകളെയും അവയുടെ താവളങ്ങളെയും കണ്ടെത്തിയത്. മുട്ടയിടുന്നതിന് മുന്‍പ് തന്നെ ഇവയെ പിടികൂടാന്‍ സാധിച്ചു.

ഇത്തവണ പിടികൂടിയതില്‍ ഏറ്റവും വലിയ പെണ്‍പാമ്പിന് 153 പൗണ്ട് (ഏകദേശം 69 കിലോ) തൂക്കവും 17 അടി നീളവുമുണ്ടായിരുന്നു.

ഈ സീസണില്‍ മാത്രം പാമ്പുകളുടെ 4,100-ലധികം മുട്ടകളും പരിസ്ഥിതിയില്‍ നിന്ന് വിജയകരമായി നീക്കം ചെയ്തു. പിടികൂടിയ പെണ്‍പാമ്പുകളുടെ വയറ്റില്‍ നിന്ന് മാന്‍ അടക്കമുള്ള ജീവികളുടെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്.

2013 മുതല്‍ ഇതുവരെ 53,000 പൗണ്ടിലധികം (24,000 കിലോ) മലമ്പാമ്പുകളെയാണ് ഈ പ്രദേശത്തുനിന്ന് മാത്രം പിടികൂടിയത്. ഇവയുടെ പെരുപ്പം തടയുന്നതിനായി ഫ്‌ലോറിഡ സര്‍ക്കാര്‍ നടത്തുന്ന 'ഫ്‌ലോറിഡ പൈത്തണ്‍ ചലഞ്ച്' ഈ വര്‍ഷം ജൂലൈ 10 മുതല്‍ 19 വരെ നടക്കും.
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക