
കേരളത്തിലെ നിയമസഭ തിരഞ്ഞെടുപ്പ് പ്രചരണത്തിൽ സിപിഎമ്മിനെതിരെ കോൺഗ്രസ് നേതാക്കൾ ഉയർത്തിയ ഡീൽ ആരോപണം 'ഇന്ത്യ' മുന്നണി യോഗത്തിൽ ഉന്നയിച്ച് സിപിഎം. പാർട്ടി പ്രതിനിധിയായി യോഗത്തിൽ പങ്കെടുത്ത രാജ്യസഭ എം.പി ജോൺ ബ്രിട്ടാസാണ് ഇക്കാര്യം യോഗത്തിൽ അവതരിപ്പിച്ചത്. മുന്നണിയിലെ ഏറ്റവും വലിയ കക്ഷിയെന്ന നിലയിൽ കോൺഗ്രസ് ദേശീയ താൽപര്യങ്ങൾക്ക് കൂടുതൽ പ്രാധാന്യം നൽകണമെന്നും സംസ്ഥാനതലത്തിലുള്ള രാഷ്ട്രീയ താൽപര്യങ്ങൾ പ്രതിപക്ഷ ഐക്യത്തെ തകർക്കാൻ ഇടയാക്കരുതെന്നും അദ്ദേഹം യോഗത്തിൽ ആവശ്യപ്പെട്ടു.
പ്രതിപക്ഷ സഖ്യത്തിലെ സഹകരണത്തിന്റെ മനോഭാവത്തിന് നിരക്കാത്തതാണ് ഇത്തരം ഡീൽ ആരോപണങ്ങളെന്ന് ചൂണ്ടിക്കാട്ടി സി.പി.എം ജനറൽ എം.എ ബേബി എ.ഐ.സി.സി പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെയ്ക്ക് കത്തയച്ചതോടെ യോഗത്തിന് തൊട്ടുമുമ്പ് തന്നെ ഈ വിഷയം വലിയ പ്രാധാന്യം നേടിയിരുന്നു. തിങ്കളാഴ്ച ഡൽഹിയിൽ നടന്ന യോഗത്തിൽ എം.എ ബേബി പങ്കെടുത്തിരുന്നില്ല. പകരം ജോൺ ബ്രിട്ടാസിനെ പാർട്ടി പ്രതിനിധിയായി നിയോഗിക്കുകയായിരുന്നു.
കേരളത്തിൽ സിപിഎമ്മിനെതിരെ കോൺഗ്രസ് നേതാക്കൾ ഉന്നയിക്കുന്ന ആരോപണങ്ങളെ രാഷ്ട്രീയമായി നേരിടാൻ സി.പി.എമ്മിന് സാധിക്കുമെന്നും എന്നാൽ പ്രതിപക്ഷ സഖ്യത്തിന്റെ പ്രധാന മുഖങ്ങളിലൊരാളായ രാഹുൽ ഗാന്ധിയിൽ നിന്ന് ഇത്തരം പരാമർശങ്ങൾ ഉണ്ടാകുന്നത് വ്യത്യസ്തമായ കാര്യമാണെന്നും ബ്രിട്ടാസ് നിലപാടെടുത്തു. ബി.ജെ.പി സർക്കാരിനെതിരെ പോരാടാനാണ് ഈ സഖ്യം രൂപീകരിച്ചതെന്ന് ഓർമിപ്പിച്ച ബ്രിട്ടാസ്, ഒരു സഖ്യകക്ഷി ഭരണകക്ഷിയെ സഹായിക്കുകയാണെന്ന് പരസ്യമായി ആരോപിച്ചാൽ പിന്നെ ഇങ്ങനെ ഒരുമിച്ചിരിക്കുന്നതിന്റെ അർത്ഥമെന്താണെന്ന് ചോദ്യം ചെയ്തു.
2004-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷം ബി.ജെ.പിയെ അധികാരത്തിൽ നിന്ന് മാറ്റിനിർത്താൻ യു.പി.എ സർക്കാരിന് ഇടതുപക്ഷം നൽകിയ പിന്തുണയും ജോൺ ബ്രിട്ടാസ് ഓർമിപ്പിച്ചു. ബി.ജെ.പിയോടുള്ള സിപിഎമ്മിന്റെ സമീപനത്തിന് കോൺഗ്രസിന്റെ യാതൊരു സർട്ടിഫിക്കറ്റും ആവശ്യമില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. നാഷണൽ ഹെറാൾഡ് കേസിൽ ഇടതുപക്ഷം രാഹുൽ ഗാന്ധിയെ പിന്തുണച്ച കാര്യം വ്യക്തമാക്കിയ അദ്ദേഹം, കേന്ദ്ര അന്വേഷണ ഏജൻസികളുടെ നടപടി വിവിധ സംസ്ഥാനങ്ങളിലും രാഷ്ട്രീയ സാഹചര്യങ്ങളിലും വ്യത്യസ്തമായ രീതിയിൽ കാണാൻ കഴിയില്ലെന്നും കൂട്ടിച്ചേർത്തു.
സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവും ആർ.ജെ.ഡി നേതാവ് തേജസ്വി യാദവും സഖ്യകക്ഷികളോടുള്ള സമീപനത്തിൽ കോൺഗ്രസ് കുറച്ചുകൂടി വലിയ മനസ്സ് കാണിക്കണമെന്ന് ആവശ്യപ്പെട്ടു. ഡി.എം.കെ യോഗത്തിൽ നിന്ന് വിട്ടുനിൽക്കാനിടയായ സംഭവവികാസങ്ങളിലും യോഗത്തിൽ ആശങ്ക ഉയർന്നു. സഖ്യകക്ഷികൾ ഉന്നയിച്ച ആശങ്കകൾ അംഗീകരിച്ച് സംസാരിച്ച രാഹുൽ ഗാന്ധി, സഖ്യത്തെ ഒന്നിച്ച് നിലനിർത്താൻ കോൺഗ്രസ് പ്രവർത്തിക്കുമെന്ന് തന്റെ സമാപന പ്രസംഗത്തിൽ ഉറപ്പുനൽകി.