Image

ബിരിയാണിയിൽ ചത്ത ഈച്ച! 10,000 രൂപ പിഴയും 10 പ്ലേറ്റ് ചിക്കൻ ബിരിയാണിയും സൗജന്യമായി നൽകാൻ വിധി

Published on 09 June, 2026
  ബിരിയാണിയിൽ ചത്ത ഈച്ച! 10,000 രൂപ പിഴയും  10 പ്ലേറ്റ് ചിക്കൻ ബിരിയാണിയും  സൗജന്യമായി നൽകാൻ വിധി

ചെന്നൈ: ബിരിയാണിയിൽ ചത്ത ഈച്ചയെ കണ്ടെത്തിയ സംഭവത്തിൽ റസ്റ്റോറന്റിന് 10,000 രൂപ പിഴ വിധിച്ച് പുതുച്ചേരി ജില്ലാ ഉപഭോക്തൃകോടതി. ഒപ്പം അപൂർവ ശിക്ഷാവിധിയും കോടതിയുടെ ഭാ​ഗത്ത് നിന്നുണ്ടായി. നഷ്ടപരിഹാരത്തിനൊപ്പം പരാതിക്കാരന് അഞ്ച് ആഴ്ചകളിലായി 10 പ്ലേറ്റ് ഹൈദരബാദി ചിക്കൻ ബിരിയാണി സൗജന്യമായി നൽകാനാണ് ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ നിർദേശിച്ചത്. പുതുച്ചേരിയിലെ ബിരിയാണ് ആൻഡ് കോ എന്ന റസ്റ്റോറന്റിനെതിരെയാണ് കോടതിയുടെ നടപടി.

എസ് മുത്തുവേൽ, എഎസ് സുവിത, ജി അറുമുഖം എന്നിവരടങ്ങിയ കമ്മീഷന്റേതാണ് ഉത്തരവ്. മോശം ഭക്ഷണം വിളമ്പുന്നത് 2019-ലെ ഉപഭോക്തൃ സംരക്ഷണ നിയമപ്രകാരം സേവനത്തിലെ ഗുരുതരമായ വീഴ്ചയാണെന്ന് കമ്മീഷൻ വ്യക്തമാക്കി.

കഴിഞ്ഞ വർഷം ഡിസംബറിലാണ് സംഭവം നടക്കുന്നത്. പി സുന്ദരകുമാര മണികണ്ഠൻ എന്ന യുവാവും സുഹൃത്തുമാണ് പരാതിക്കാർ. ഇരുവരും റസ്റ്റോറന്റിൽ നിന്ന് ബിരിയാണി കഴിച്ചിരുന്നു. ഇതിനിടെയാണ് ബിരിയാണി പ്ലേറ്റിൽ നിന്ന് ചത്ത ഈച്ചയെ കണ്ടെത്തിയത്. തുടർന്ന്  മണികണ്ഠൻ ഇതിന്റെ ദൃശ്യങ്ങൾ പകർത്തി.

വൃത്തിഹീനമായ സാഹചര്യത്തിലാണ് ഇവിടെ ഭക്ഷണം പാകം ചെയ്യുന്നതെന്ന് ആരോപിച്ച് മണികണ്ഠൻ നോട്ടീസ് അയച്ചിരുന്നു. എന്നാൽ തൃപ്തികരമായ മറുപടി ലഭിക്കാത്തതിനെ തുടർന്നാണ് ഉപഭോക്തൃ കോടതിയെ സമീപിച്ചത്. പരാതിക്കാരൻ സമർപ്പിച്ച വീഡിയോ ദൃശ്യങ്ങളിൽ ഈച്ചയുണ്ടെന്ന് കോടതിയിൽ വ്യക്തമായി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക