
ഇന്ത്യൻ വംശജൻ ഉൾപ്പെടെ വിവിധ കുറ്റങ്ങൾ ചുമത്തപ്പെട്ട 17 കുടിയേറ്റക്കാരുടെ പൗരത്വം റദ്ദാക്കാൻ ജസ്റ്റിസ് ഡിപ്പാർട്മെന്റ് (ഡി ഓ ജെ) നടപടി തുടങ്ങി. നാച്ചുറലൈസേഷൻ പ്രക്രിയയിലൂടെ പൗരത്വം നേടിയവരാണ് ഇവർ.
പ്രായപൂർത്തി ആവാത്തവർക്ക് എതിരായ ലൈംഗിക കുറ്റങ്ങൾ, ആരോഗ്യ രക്ഷാ തട്ടിപ്പ്, കള്ളപ്പണം വെളുപ്പിക്കൽ തുടങ്ങിയ കുറ്റങ്ങൾ ഇവർക്കെതിരെയുണ്ടെന്നു അധികൃതർ പറയുന്നു.
ഇന്ത്യൻ വംശജനായ നീരജ് ശർമ (50) എച്-1 ബി വിസ ലഭിക്കാനുളള 11 വ്യാജ അപേക്ഷകളിൽ ഒപ്പിട്ടു എന്നതാണ് കുറ്റം. ന്യൂ ജഴ്‌സിയിൽ മാഗ്‌നവിഷൻ എന്ന സ്റ്റാഫിംഗ് കമ്പനി നടത്തിയിരുന്നു അദ്ദേഹം.
അദ്ദേഹം സമർപ്പിച്ച അപേക്ഷകളിൽ വൻ കമ്പനി എക്സിക്യൂട്ടീവുകളുടെ വ്യാജ ഒപ്പുകൾ ഉണ്ടെന്നു ഡി ഓ ജെ പറയുന്നു. 2017ൽ പൗരത്വത്തിനു അപേക്ഷിക്കുമ്പോൾ തന്റെ പേരിൽ കുറ്റങ്ങളൊന്നും ആരോപിക്കപ്പെട്ടിട്ടില്ലെന്നു അദ്ദേഹം എഴുതി കൊടുത്തു. അറസ്റ്റ് ചെയ്യപ്പെട്ടിട്ടില്ല താനും. യുഎസ് അധികൃതരോട് നുണ പറഞ്ഞിട്ടില്ലെന്നും വ്യാജ വിവരങ്ങൾ നൽകിയിട്ടില്ലെന്നും പറഞ്ഞു.
2017 ഡിസംബറിൽ ശർമ യുഎസ് പൗരനായി. എന്നാൽ അതിനു ശേഷം, 2015 ഏപ്രിലിനും 2017 ഏപ്രിലിനും ഇടയിൽ ചെയ്ത കുറ്റകൃത്യങ്ങളുടെ പേരിൽ അദ്ദേഹം വിസ തട്ടിപ്പു നടത്തിയതായി കണ്ടെത്തി. നിയമവിരുദ്ധ നടപടികൾ വെളിപ്പെടുത്തിയില്ല, വ്യാജ മൊഴി നൽകി, നാച്ചുറലൈസേഷൻ സമയത്തു വസ്തുതകൾ മറച്ചു വച്ചു എന്നിങ്ങനെയുള്ള ആരോപണങ്ങളാണ് പൗരത്വം റദ്ദാക്കാൻ അദ്ദേഹത്തിനെതിരെ ആരോപിച്ചിട്ടുള്ളത്.
വിദേശിയരായ ക്രിമിനലുകൾ നിയമം ലംഘിച്ചു പൗരത്വം നേടാൻ ശ്രമിക്കുമ്പോൾ അതിനു പ്രത്യാഘാതങ്ങൾ ഉണ്ടാവുമെന്നു ആക്റ്റിംഗ് അറ്റോണി ജനറൽ ടോഡ് ബ്ലാഞ്ച് പറഞ്ഞു. ലഹരി വിൽക്കുന്നവരും കുട്ടികളെ പീഢിപ്പിക്കുന്നവരും തട്ടിപ്പുകാരും ഉൾപ്പെടെ വിദേശ ക്രിമിനലുകൾ കുറ്റകൃത്യങ്ങൾ മറച്ചു വച്ചതായാണ് കാണുന്നത്.
പൗരത്വം റദ്ദാക്കാനുള്ള 17 കേസുകളിൽ ശർമയ്ക്കു പുറമേ ചൈന, ഹെയ്ത്തി, ക്യൂബ, കൊളംബിയ, മെക്സിക്കോ, സൊമാലിയ, ഫിലിപ്പൈൻസ് എന്നിവിടങ്ങളിൽ നിന്നുള്ളവരും ഉണ്ട്.
US to revoke citizenship of 17 immigrants