Image

മാസപ്പടി കേസിൽ കുരുക്ക് മുറുകുന്നു; നിർണായക രേഖകൾ ഇഡിക്ക് കൈമാറണം

Published on 08 June, 2026
മാസപ്പടി കേസിൽ കുരുക്ക് മുറുകുന്നു; നിർണായക രേഖകൾ ഇഡിക്ക് കൈമാറണം

കൊച്ചി: എക്സാലോജിക്-സി.എം.ആർ.എൽ (CMRL) വിവാദത്തിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ വിജയനും സി.എം.ആർ.എല്ലിനും വൻ തിരിച്ചടി. കേസിൽ അതീവ നിർണ്ണായകമായ രേഖകൾ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് (ഇ.ഡി) കൈമാറാൻ കൊച്ചിയിലെ കമ്പനികാര്യ കോടതി ഉത്തരവിട്ടു. എസ്.എഫ്.ഐ.ഒ (SFIO) കുറ്റപത്രത്തിനൊപ്പമുള്ള നിർണ്ണായക രേഖകൾ കൈമാറാൻ ഇ.ഡി നൽകിയ അപേക്ഷ കോടതി അനുവദിച്ചതോടെ കേസിൽ അന്വേഷണം പുതിയ തലത്തിലേക്ക് കടക്കുകയാണ്.

ഏകദേശം 54 വാല്യങ്ങളിലായി സൂക്ഷിച്ചിരുന്ന 134 അതിപ്രധാന രേഖകളാണ് ഇ.ഡിക്ക് കൈമാറുന്നത്. എക്സാലോജിക് കമ്പനിയും വീണ വിജയനും സി.എം.ആർ.എല്ലുമായി ഉണ്ടാക്കിയ കരാറുകൾ, കമ്പനിയുടെ ബാങ്ക് സ്റ്റേറ്റ്‌മെന്റുകൾ, വീണയുടെ ആദായ നികുതി റിട്ടേണുകൾ തുടങ്ങിയ അതീവ തന്ത്രപ്രധാനമായ രേഖകൾ ഇതിൽ ഉൾപ്പെടുന്നു. എസ്.എഫ്.ഐ.ഒ റിപ്പോർട്ടിലെ തുടർനടപടികൾ സ്റ്റേ ചെയ്തിട്ടുണ്ടെന്ന വാദമുയർത്തി സി.എം.ആർ.എൽ ഈ നീക്കത്തെ ശക്തമായി എതിർത്തെങ്കിലും കോടതി ആ വാദങ്ങൾ തള്ളിക്കളഞ്ഞു. അന്വേഷണ ഏജൻസിയെന്ന നിലയിൽ രേഖകൾ കൈമാറുന്നതിൽ തടസ്സമില്ലെന്ന് കോടതി നിരീക്ഷിച്ചു.

വീണ വിജയനെ നേരിട്ട് ചോദ്യം ചെയ്യുന്നതിന് മുന്നോടിയായി പഴുതടച്ച തെളിവുകൾ ശേഖരിക്കാനാണ് ഇ.ഡിയുടെ നീക്കം. സി.എം.ആർ.എൽ ഹൈക്കോടതിയിൽ നൽകിയ ഹർജികൾ നേരത്തെ തള്ളിയ സാഹചര്യത്തിൽ, കോടതിയുടെ ഈ തീരുമാനം അന്വേഷണ ഏജൻസികൾക്ക് വലിയ ഊർജ്ജമാണ് പകരുന്നത്

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക