
തിരുവനന്തപുരം: വരാനിരിക്കുന്ന സംസ്ഥാന ബജറ്റിൽ തിരുവല്ല നിയോജക മണ്ഡലത്തിന്റെ അടിയന്തര ആവശ്യങ്ങളും വികസന പദ്ധതികളും ഉൾപ്പെടുത്തുന്നത് സംബന്ധിച്ച് മുഖ്യമന്ത്രി വി.ഡി. സതീശനുമായി പ്രത്യേക കൂടിക്കാഴ്ച നടത്തി തിരുവല്ല എം.എൽ.എ അഡ്വ. വർഗീസ് മാമ്മൻ . സെക്രട്ടേറിയറ്റിലെ മുഖ്യമന്ത്രിയുടെ ഓഫീസിൽ വെച്ചായിരുന്നു കൂടിക്കാഴ്ച.
തിരുവല്ല മണ്ഡലത്തിന്റെ സമഗ്രമായ വികസനത്തിന് അടിയന്തരമായി നടപ്പിലാക്കേണ്ട പ്രധാന നിർദ്ദേശങ്ങൾ അടങ്ങിയ ബജറ്റ് ശുപാർശകൾ മുഖ്യമന്ത്രിക്ക് നേരിട്ട് കൈമാറിയതായും മണ്ഡലത്തിലെ പ്രധാന വികസന വിഷയങ്ങൾ താൽപ്പര്യപൂർവ്വം കേട്ട മുഖ്യമന്ത്രി, അവയെക്കുറിച്ച് വിശദമായി ചോദിച്ചറിഞ്ഞതായും അഡ്വ. വർഗീസ് മാമ്മൻ അറിയിച്ചു .
സംസ്ഥാനം നിലവിൽ നേരിടുന്ന സാമ്പത്തിക പരിമിതികൾക്കിടയിലും, തിരുവല്ല നിയോജക മണ്ഡലം ഉന്നയിച്ച അത്യാവശ്യ കാര്യങ്ങൾ തികഞ്ഞ ഗൗരവത്തോടെ പരിഗണിക്കുമെന്നും ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി ഉറപ്പുനൽകി.
മുഖ്യമന്ത്രിയുടെ ഓഫീസിൽ നടന്ന ഈ നിർണ്ണായക കൂടിക്കാഴ്ചയിൽ മുഖ്യമന്ത്രിയുടെ ഓഫീസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടി (OSD) ഉമേഷ് എൻ.എസ്.കെ.യും സന്നിഹിതനായിരുന്നു.
മണ്ഡലത്തിലെ അടിസ്ഥാന സൗകര്യ വികസനം, കാർഷിക-തീരദേശ മേഖലകളുടെ പുരോഗതി തുടങ്ങിയ ആവശ്യങ്ങൾക്ക് ഈ കൂടിക്കാഴ്ചയിലൂടെ അനുകൂലമായ തീരുമാനം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് എം.എൽ.എ പ്രതീക്ഷ പങ്കു വച്ചു.