Image

ഏദനിലെ താമസക്കാർ (നോവല്‍-18: ലൈല അലക്‌സ്)

Published on 08 June, 2026
ഏദനിലെ താമസക്കാർ (നോവല്‍-18: ലൈല അലക്‌സ്)

രാജീവ് പറഞ്ഞത് അനുസരിച്ച് രണ്ടു ദിവസം കഴിഞ്ഞാണ് കമല വനജയെ വിളിച്ചത്. ഫോൺ കൈയ്യിൽ പിടിച്ചുകൊണ്ടു ഒരു നിമിഷം ആലോചിച്ചു. എങ്ങനെയാണ് എന്താണ് പറഞ്ഞു തുടങ്ങേണ്ടത്?
ബാലുവിൻറെ അന്വേഷണത്തിൽ അറിഞ്ഞ കാര്യങ്ങൾ ഒന്നുകൂടെ ഓർത്തു നോക്കി. കുരുവിളയുടെ ഓഫീസിലെ പാർക്കിംഗ് ലോട്ടിൽ നിന്നും ആ സമയത്തു പുറത്തു പോയ കാർ, ഒരു തമിഴ് നാട് രെജിസ്ട്രേഷൻ  ഉള്ളതാണ്. അതിൽ വന്നതാകട്ടെ, ബീനയുടെ ഡാഡിയുടെ സ്റ്റാഫ്. ബീന അപ്പോൾ അവിടെ ചെന്നത് അവരെ കാണാനായിരുന്നു എന്ന് സ്പഷ്ടം. അവർ കള്ളന്മാരോ പിടിച്ചുപറിക്കാരോ അല്ല. അവർക്കു വനജയുമായി ഒരു തരത്തിലുള്ള ബന്ധവും ഇല്ല. എന്ന് വെച്ചാൽ,  ആ കാറിൽ വന്നവരെ സംശയിക്കേണ്ട കാര്യമില്ല. 
വനജ പറഞ്ഞ ഷോപ്പിങ് മാളിൽ, രാജീവൻ പറഞ്ഞതുപോലെ വനജ ചെന്നതായിപ്പോലും തോന്നുന്നില്ല. അവിടെ എങ്ങും സംശയാസ്പദമായ എന്തെങ്കിലും നടന്നതായി അറിയാൻ കഴിഞ്ഞിട്ടില്ല. വനജയോ, കാറോ ഒന്നും ഒരു സി.സി ടി.വിയിലും പതിഞ്ഞിട്ടുമില്ല.
ഏതായാലും വനജയോടുള്ള സംഭാഷണത്തിൽ ഇതൊന്നും ഉൾപ്പെടുത്തേണ്ട കാര്യമില്ല. 
കമല ഫോൺ ഡയൽ ചെയ്തു. അങ്ങേത്തലക്കൽ ഒട്ടും താമസമില്ലാതെ  വനജ ഫോണെടുത്തു.  
'വനജാ, രാജീവൻ പറഞ്ഞ്  ഞാൻ ഇന്നാണ് സംഭവം അറിഞ്ഞത്. ഹൗ  ആർ യു? എന്താ സംഭവിച്ചത്?'  കമല ചോദിച്ചു.
‘ഓ കമല... ഹെൽപ് മി.. ദേർ ഇസ് സംവൺ ഇൻ ദിസ് ഹൗസ്...'
'എന്താ?' കമല ചോദിച്ചു.
'ഐ അം ഇൻ ഡെയ്ഞ്ചർ...' വനജയുടെ ശബ്ദം.
'വാട്ട്?' 
‘ഐ കാൻ ഫീൽ ഇറ്റ്, സംബഡി ഈസ് ആഫ്റ്റർ മി. എനിക്ക് പേടിയാണ്...’. 
‘വനജാ  നീ എന്താണ് ഇപ്പറയുന്നത് ?'.’
‘അവർ എന്നെ കൊല്ലും. എൻറെ കുഞ്ഞുങ്ങൾ.. ദേ ആർ നോട് സേഫ്' ഒറ്റ ശ്വാസത്തിൽ വനജ പറഞ്ഞു. അവൾ കിതക്കുന്നത്‌ കമലയ്ക്കു കേൾക്കാമായിരുന്നു.
‘ജോലിക്കാർ ആരും ഇല്ലേ അവിടെ?' കമല തിരക്കി.
'നോ....' വനജ നിലവിളിച്ചു. 
പെട്ടെന്ന് ഒരു വലിയ ശബ്ദം കേട്ടെന്നു കമലയ്ക്കു തോന്നി. 'ഗോഡ്! വാട്‍സ് ഹാപ്പനിംഗ്?' കമല സ്വയം പറഞ്ഞു.
'വനജാ, കാം ഡൗൺ.... ഞാൻ അങ്ങോട്ട് വരാം. ഗിവ് മി എ കപ്ൾ അഫ്  മിനിറ്റ്‌സ്... ഐ അം ഓൺ മൈ വെയ്....'
കമല പറഞ്ഞുതീരും മുൻപേ ഫോൺ കട്ടായി.
കമല പിന്നെ ഒരു നിമിഷം പോലും സംശയിച്ചു നിന്നില്ല. കയ്യെത്തി പേഴ്സും കാറിൻറെ കീയും എടുത്തുകൊണ്ടു പുറത്തേക്കു ഓടുന്നതിനിടയിൽ ഓഫീസ് അസിസ്റ്റന്റിനെ വിളിച്ചു താൻ പുറത്തേക്കു പോകുകയാണെന്നും, അന്നത്തെ ബാക്കിയുള്ള അപ്പോയ്ന്റ്മെൻസ്  ക്യാൻസൽ ചെയ്യാനും പറഞ്ഞു. ഒപ്പം രാജീവന് ടെക്സ്റ്റ് ചെയ്തു:
'ഐ ആം ഓൺ മൈ വെയ് റ്റു യുവർ ഹൗസ്. കം...'
ക്ണീം ...
ആ മെസേജ് വരുമ്പോൾ രാജീവൻ ഓഫീസിൽ തിരക്കിലായിരുന്നു; ഷെയർ ഹോൾഡേഴ്സ് മീറ്റിംഗിനെക്കുറിച്ചു രാജുവുമായി ഡിസ്കഷനിൽ. അധികം താമസിക്കാതെ ഡിസ്കഷൻ അവസാനിപ്പിച്ച്, രാജീവൻ എഴുന്നേറ്റു
'രാജു, ഞാൻ ഒന്ന് വീട്ടിലേക്കു പോകുന്നു.'
'ആയിക്കോട്ടെ' രാജു പറഞ്ഞു.
കൂടുതൽ ഒന്നും പറയാൻ രാജീവൻ നിന്നില്ല.
ദൂരെ നിന്നേ രാജീവൻ കണ്ടു. തുറന്നിട്ട ഗേറ്റിനുള്ളിൽ ആംബുലൻസ്.... ലോണിലേക്കു കയറ്റി അലക്ഷ്യമായി പാർക്ക് ചെയ്ത കമലയുടെ കാർ...
തൊട്ടു പിന്നിൽ ഒരു പോലീസ് കാറിൻറെ സൈറൻ രാജീവന് കേൾക്കാമായിരുന്നു.
എന്താണ് സംഭവിക്കുന്നത്?  രാജീവൻ കാർ പാർക്ക് ചെയ്തു ഇറങ്ങുമ്പോഴേക്കും, ആ പോലീസ് കാറും അകത്തേക്ക് കയറി, അതിൽ  നിന്നും ബാലു ഇറങ്ങി. മെഡിക്കൽ ടെക്നിഷ്യൻസ് വനജയെ സ്‌ട്രെച്ചറിൽ പുറത്തേക്ക് കൊണ്ടുവരികയായിരുന്നു അപ്പോൾ. ഒരു വലിയ ബാൻഡേജ് അവളുടെ നെറ്റിയിൽ ചുറ്റിയിരുന്നു. അണിഞ്ഞിരുന്ന സാരിയിലാകെ രക്തം....
രാജീവൻ അവരുടെ അടുത്തേക്ക് ഓടി.
'എന്താ? എന്താ സംഭവിച്ചത്?' അയാൾ ഉറക്കെ ചോദിച്ചു.
'രാജീവ്, വരൂ. ലെറ്റ് അസ് ഗോ വിത് ദി ആംബുലൻസ്.' കമല അയാളെ ബലമായി അവളുടെ കാറിലേക്ക് നയിച്ചു . 
'പൊയ്ക്കോളൂ...' ബാലുവും പറഞ്ഞു. 'ഇവിടെ ഞാൻ മാനേജ്  ചെയ്തോളാം...'
'രാജീവൻ, വനജയുടെ മുറിവ് പേടിക്കാനില്ല. ഞാൻ വരുമ്പോൾ ഇവിടെ മുൻ വാതിൽക്കൽ വീണു കിടക്കുകയായിരുന്നു. ചോരയിൽ കുതിർന്നു.... ആംബുലൻസ് വിളിച്ചതും, ബാലുവിനെ വിളിച്ചതും ഞാനാണ്....' ഡ്രൈവ് ചെയ്യുന്നതിനിടയിൽ കമല പറഞ്ഞു. 
ഞെട്ടിത്തരിച്ചിരിക്കയായിരുന്നു രാജീവ്. അയാളെക്കൊണ്ട് ഡ്രൈവ് ചെയ്യിക്കാഞ്ഞത് നന്നായി എന്നൊരു ചിന്ത കമലയുടെ മനസ്സിൽ മിന്നി. 
'രാജീവ്... രാജീവ്..' കമല വിളിച്ചു.
'ങും...ങും...' രാജീവ് ഞെട്ടലിൽ നിന്ന് ഉണർന്നു. 
'വനജ?' അയാൾ ചോദ്യഭാവത്തിൽ കമലയുടെ മുഖത്തേക്ക് നോക്കി.
'പേടിക്കാൻ ഒന്നുമില്ല. നെറ്റിയിലെ മുറിവ് ഡീപ് ആണ്... ബട് നതിങ് റ്റു വറി.' 
ഒന്ന് നിർത്തി കമല തുടർന്നു .
'ഒന്നുകിൽ ഭയന്ന്, അല്ലെങ്കിൽ ഏതോ അക്രമിയിൽ നിന്നും രക്ഷപെടാൻ, പുറത്തേക്കു ഓടുമ്പോൾ വീണതാവണം...' 
'അക്രമിയോ?' ബാലു അന്വേഷണത്തിനുശേഷം വിളിച്ചു പറഞ്ഞതായിരുന്നു രാജീവൻ അപ്പോൾ ഓർത്തത്. ആക്രമണത്തിൻറെ ഒരു ലക്ഷണവും അവിടെയെങ്ങു൦ നിന്ന് കണ്ടെടുക്കാനായില്ല എന്ന്. രാജീവൻ ഒന്നും മനസിലാവാതെ, കമലയുടെ മുഖത്തേക്ക് നോക്കി.   
വനജയുമായി ഉണ്ടായ ഫോൺ സംഭാഷണത്തെക്കുറിച്ചു കമല രാജീവനോട് പറഞ്ഞു. 
'ആരോ ഒരാൾ ഈ വീട്ടിലുണ്ട്... എന്നാണ് വനജ പറഞ്ഞത്. സ്ത്രീയോ പുരുഷനോ എന്നൊന്നും ചോദിയ്ക്കാൻ അവസരം കിട്ടിയില്ല. ഫോൺ കട്ടായി. പക്ഷേ, അതിനു മുൻപ് എന്തോ ഒരു ശബ്ദം ഞാൻ കേട്ടു. ഒരു വലിയ ശബ്ദം... ഗൺ ഷോട്ട് ആണോ എന്ന് പോലും ഞാൻ ഭയന്നു.' 
'വാട്?.... എന്തൊക്കെയാണ് താൻ ഇപ്പറയുന്നത്?' രാജീവൻ രണ്ടു കയ്യും കൊണ്ടു തല താങ്ങികുനിഞ്ഞിരുന്നു. 
അയാൾ ആകെ ഉലഞ്ഞിരിക്കുന്നു എന്ന് കമലയ്ക്കു മനസിലായി. 
‘ബാലുവിനെ വിളിച്ചത് അത് കൊണ്ടുകൂടിയാണ്...’
കുറെ നേരത്തേക്ക് അവർ രണ്ടുപേരും ഒന്നും മിണ്ടിയില്ല. മുൻപേ പോകുന്ന ആംബുലൻസിൻറെ ഒപ്പം നില്ക്കാൻ കിണഞ്ഞു പരിശ്രമിക്കുകയായിരുന്നു കമല. അധികം താമസിക്കാതെ ആംബുലൻസ് ആശുപത്രി വളപ്പിലേക്ക് കയറി. 
കാർ പാർക്ക് ചെയ്തു കമലയും രാജീവും കാഷ്വൽറ്റിയിലേക്കു  ചെല്ലുമ്പോൾ വനജയെ  അകത്തേക്ക് കൊണ്ടുപോയിക്കഴിഞ്ഞിരുന്നു. നഴ്സിനോട് വിവരങ്ങൾ പറഞ്ഞ ശേഷം അവർ വെയ്റ്റിംഗ് റൂമിൽ ഇരുന്നു. ആകെ തകർന്ന മട്ടിലുള്ള കൂട്ടുകാരൻറെ ഇരുപ്പു കണ്ടപ്പോൾ കമലയ്ക്കു സങ്കടം തോന്നി. ഒന്നും മിണ്ടാതെ, അയാളുടെ തോളിൽ കൈ വെച്ചുകൊണ്ട് കമല കുറെ നേരം ഇരുന്നു.
പിന്നെ ചോദിച്ചു: 'രാജീവാ, നിങ്ങളുടെ വീട്ടിൽ ജോലിക്കാർ ആരുമില്ലേ? '
'ഉണ്ടല്ലോ. അടുക്കളയിൽ ഒരാളും, പിന്നെ പുറം പണിയ്ക്കു ഒരാളും. അവർ അവിടെ കാണും...'
'പക്ഷേ ഞാൻ ചെല്ലുമ്പോൾ അവിടെ ആരുമില്ലായിരുന്നു എന്ന് തോന്നുന്നു. ആരെയും കണ്ടില്ല. ഞാൻ നോക്കിയും ഇല്ല....'
'ങേ?' 
പെട്ടെന്ന് രാജീവൻ ചാടി എഴുന്നേറ്റു. 'കുട്ടികൾ സ്‌കൂളിൽ നിന്നും വരുമ്പോൾ....' അപ്പോഴാണ് അയാൾ അത് ഓർത്തത്: അയാൾ വാച്ചിലേക്ക് നോക്കി. എന്നിട്ടു പോക്കറ്റിൽ നിന്നും ഫോൺ എടുത്തു ഡയൽ  ചെയ്തുകൊണ്ട് കമലയോടു പറഞ്ഞു. 
'അവരെ സ്‌കൂളിൽ നിന്നും പിക് ചെയ്യാൻ മമ്മയോട് പറയട്ടെ...' കാര്യങ്ങൾ അറിഞ്ഞപ്പോൾ, സാറാക്കുട്ടിയുടെ അന്ധാളിച്ച 'അയ്യോ' ഫോണിൽ ആയിരുന്നെങ്കിലും കമല വ്യക്തമായി കേട്ടു .
രാജീവൻ മമ്മയുമായി സംസാരിക്കുന്നതു നോക്കി കമല ഇരുന്നു.
രാജീവനോട് ചോദിക്കേണ്ട ഒരുപാടു ചോദ്യങ്ങളുണ്ടായിരുന്നു അവളുടെ മനസ്സിൽ. പക്ഷേ  ഒന്നും ചോദിക്കാനുള്ള അവസരം ഉണ്ടായില്ല. അതിനു മുൻപേ, അറിഞ്ഞും കേട്ടും  ഓരോരുത്തരായി വന്നു തുടങ്ങി. ആദ്യം എത്തിയത് രാജു ആയിരുന്നു.
'എന്താ സംഭവിച്ചത്? വനജയ്ക്കു എങ്ങനെ ഇരിക്കുന്നു?' രാജു ചോദിച്ചു.
'വീഴ്ചയിൽ പറ്റിയ മുറിവേ ഉള്ളൂ. കുഴപ്പമില്ല.' 
'ങും...' രാജു മൂളി. 
'രാജു എങ്ങനെയാ അറിഞ്ഞത്?' രാജീവൻ ചോദിച്ചു.
'വീട്ടിൽ നിന്നും സുമ വിളിച്ചു...'
സുമയെ മുറ്റത്തു കണ്ടത് രാജീവൻ ഓർത്തു. തൻറെ കാർ  ഗേറ്റിനുള്ളിലേക്കു കയറുമ്പോളായിരുന്നു സുമയും ഓടി അകത്തേക്ക് കയറിയത്. ആംബുലൻസ് കണ്ടു ഓടി വന്നതാണെന്ന് ഉറപ്പു. അന്നേരത്തെ തിരക്കിൽ ഒന്നും മിണ്ടിയുമില്ല.  
'ങും... സുമ അങ്ങോട്ട് വരുന്നത് ഞാൻ കണ്ടിരുന്നു. രാജൂ, ഓഫീസിൽ  വലിയ പബ്ലിസിറ്റി കൊടുക്കേണ്ട... ആന്വൽ മീറ്റിംഗ് വരികയല്ലേ...'
'ഏയ്. അതൊന്നും ഓർത്തു വിഷമിക്കേണ്ട... ഓഫീസ് കാര്യങ്ങൾ ഞാൻ നോക്കിക്കൊള്ളാം. അല്ല, ഇനി മീറ്റിംഗ് മാറ്റിവെക്കണമെങ്കിൽ അതും ആവാം. രാജീവൻ ഇപ്പോൾ അതൊന്നും ഓർത്തു തല പുണ്ണാക്കേണ്ട. ഇവിടുത്തെ കാര്യം നോക്കൂ...' അയാൾ യാത്ര പറഞ്ഞു ഇറങ്ങി.
രാജീവ്  കമലയോടു പറഞ്ഞു: 'കമലയും പൊയ്ക്കോളൂ. ഇവിടെ ഒരാൾ ഇരുന്നാൽ പോരെ?' 
'ഏയ്... ഡോക്ടർ എന്ത് പറയുന്നു എന്ന് നോക്കാം. അതുവരെ ഞാനും ഇരിക്കാം.'

Read More:  https://www.emalayalee.com/writer/69

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക