
ഇന്ത്യയിലെ 28 യൂണിവേഴ്സിറ്റികളുടെ പേരിൽ നൽകപ്പെട്ട ഒരു ലക്ഷത്തിലധികം വ്യാജ ബിരുദ സർട്ടിഫിക്കറ്റുകൾ അധികൃതർ കണ്ടെത്തിയതോടെ, യുഎസിൽ തൊഴിൽ അന്വേഷിച്ചു എത്തിയ ഒട്ടേറെപ്പേർ വ്യാജ ബിരുദങ്ങൾ ഉപയോഗിച്ചിട്ടുണ്ടെന്ന ആശങ്ക ഉയർന്നു. ഇന്ത്യയിൽ നടത്തിയ വിപുലമായ അന്വേഷണത്തിലാണ് നിരവധി യൂണിവേഴ്സിറ്റികളിൽ വ്യാപിച്ചു കിടക്കുന്ന തട്ടിപ്പു കണ്ടെത്തിയത്.
ഒരൊറ്റ യൂണിവേഴ്സിറ്റി തന്നെ 36,000 വ്യാജ ബിരുദങ്ങൾ നൽകിയെന്നു തെളിഞ്ഞു. അതിൽ മെഡിക്കൽ, എൻജിനിയറിംഗ്, നഴ്‌സിംഗ് ബിരുദങ്ങളുണ്ട്.
ഓരോ ബിരുദ സർട്ടിഫിക്കറ്റിനും വെറും $1,400 വരെ താഴ്ത്തിയാണ് വിറ്റു വന്നത്. അതുകൊണ്ടു യുഎസ് ഉൾപ്പെടെ വിദേശരാജ്യങ്ങളിൽ ജോലി തേടുന്നവർക്കു അവ വാങ്ങാൻ ഏറെ ബുദ്ധിമുട്ടുണ്ടായില്ല.
യുഎസ് അധികൃതർക്കുള്ള സംശയം അതിൽ കുറെ വ്യാജ ബിരുദങ്ങൾ എച്-1 ബി വിസ അപേക്ഷകൾക്കൊപ്പം സമർപ്പിച്ചിരിക്കാം എന്നാണ്. ഈ പ്രോഗ്രാമിൽ സമർപ്പിക്കുന്ന ബിരുദ സര്ടിഫിക്കറ്റുകൾ പരിശോധിക്കാറുണ്ടെങ്കിലും വ്യാജന്മാർ അതിനെ അതിജീവിച്ചോ എന്ന സംശയം ബാക്കിയാണ്.
വ്യാജ ബിരുദങ്ങൾ ഉപയോഗിച്ച് ജോലി നേടാൻ കഴിഞ്ഞിട്ടുണ്ടോ എന്ന് അന്വേഷിക്കണമെന്നു യുഎസ് ജനപ്രതിനിധികൾ ആവശ്യപ്പെട്ടിട്ടുണ്ട്. തട്ടിപ്പു തടയാനുളള പരിഷ്കരണവും അവർ ആവശ്യപ്പെടുന്നു.
വിസയുടെ കാലാവധി കുറയ്ക്കുക, സ്ഥിരതാമസത്തിനുള്ള അനുമതി അതിൽ നിന്നു വേർപെടുത്തുക, തൊഴിൽ ഉടമയുടെ ഉത്തരവാദിത്തം വർധിപ്പിക്കുക എന്നീ ആവശ്യങ്ങളും അവർ ഉയർത്തുന്നു.
എച്-1 ബി പ്രോഗ്രാമിനോടു തന്നെ ട്രംപ് ഭരണകൂടം എതിർപ്പു കാട്ടിയിരിക്കെ പരിശോധന ഇനി കൂടുതൽ കർശനമാവും.
അന്വേഷണ സംഘം പറയുന്നത് വ്യാജ രേഖകൾ സൂക്ഷ്‌മ പരിശോധനയെ അതിജീവിക്കാൻ കഴിയുന്ന വിധം തയാറാക്കിയിരുന്നു എന്നാണ്. യുഎസ് കോൺസലേറ്റിന്റെ പരിശോധന കടന്നു അമേരിക്കൻ സാങ്കേതിക കമ്പനികൾ, ആശുപത്രികൾ, എൻജിനിയറിംഗ് സ്ഥാപനങ്ങൾ എന്നിങ്ങനെ പലേടത്തും അവ പ്രയോജനപ്പെടുത്തിയിരിക്കാം.
Vast network of fake varsity degrees detected in India