
കൊച്ചി: സംസ്ഥാനത്ത് ലഹരി മാഫിയയ്‌ക്കെതിരെ കേരള പോലീസ് ആരംഭിച്ച അതിശക്തമായ റെയ്ഡും നടപടിയുമായ ‘ഓപ്പറേഷൻ തൂഫാന്’ പൂർണ്ണ പിന്തുണയും അഭിനന്ദനവുമായി നടൻ ഉണ്ണി മുകുന്ദൻ. ലഹരി വിരുദ്ധ വേട്ടയിൽ അതിവേഗത്തിലും കാര്യക്ഷമമായും നടപടി സ്വീകരിക്കുന്ന കേരള പോലീസിനെയും സർക്കാരിനെയും സോഷ്യൽ മീഡിയയിലൂടെയാണ് താരം പ്രശംസിച്ചത്. മുഖ്യമന്ത്രി വി.ഡി. സതീശൻ, ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല എന്നിവരുടെ പേരുകൾ എടുത്തുപറഞ്ഞാണ് ഉണ്ണി മുകുന്ദൻ നന്ദി അറിയിച്ചത്.
ഭരണകൂടത്തിലുള്ള ജനങ്ങളുടെ വിശ്വാസം ഉറപ്പിക്കുന്നതാണ് പോലീസിന്റെ ഈ അതിവേഗ നടപടിയെന്ന് ഉണ്ണി മുകുന്ദൻ കുറിച്ചു. ഏതാനും ദിവസങ്ങൾക്ക് മുൻപ് പെരുമ്പാവൂരിൽ പരസ്യമായി ലഹരി ഉപയോഗിക്കുന്നത് ചൂണ്ടിക്കാണിച്ചുകൊണ്ട് ഉണ്ണി മുകുന്ദൻ ഒരു വീഡിയോ പങ്കുവെച്ചിരുന്നു പെരുമ്പാവൂരിലെ പൊതുസ്ഥലത്ത് വെച്ച് ലഹരിമരുന്ന് കുത്തിവെക്കുന്ന ഇതരസംസ്ഥാന യുവാക്കളുടെ ദൃശ്യങ്ങളായിരുന്നു അത്. ‘പെരുമ്പാവൂർ സ്റ്റോറീസ്’ എന്ന ഇൻസ്റ്റഗ്രാം പേജ് വഴി പുറത്തുവന്ന ഈ വീഡിയോ, കേരള പോലീസിനെ ടാഗ് ചെയ്തുകൊണ്ട് ഉണ്ണി മുകുന്ദൻ സോഷ്യൽ മീഡിയയിൽ പങ്കുവെക്കുകയായിരുന്നു. വീഡിയോ പങ്കുവെച്ച് മണിക്കൂറുകൾക്കകം തന്നെ ദൃശ്യങ്ങളിലുണ്ടായിരുന്ന ഇതരസംസ്ഥാന യുവാക്കളെ പോലീസ് തിരിച്ചറിയുകയും അറസ്റ്റ് ചെയ്യുകയും ചെയ്തു