
കാസർകോട്: കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ അഡ്മിറ്റ് ആകുന്ന രോഗികൾക്ക് ഇനി പ്രഭാത ഭക്ഷണം സൗജന്യമായി കഴിക്കാം. ആശുപത്രിയിൽ കാസർകോട് ജില്ലാ പഞ്ചായത്തിൻ്റെ 'നല്ല ചായ നല്ല തുടക്കം' പ്രഭാത ഭക്ഷണ വിതരണ പദ്ധതി ആരംഭിച്ചു. സംസ്ഥാനത്ത് ആദ്യമായാണ് ഒരു ജില്ലാ പഞ്ചായത്ത് ജില്ലാ ആശുപത്രിയിൽ അഡ്മിറ്റ് ആകുന്ന രോഗികൾക്ക് പ്രഭാത ഭക്ഷണം നൽകുന്നത്. സാധാരണക്കാരായ രോഗികൾക്ക് വലിയ ആശ്വാസമാകുന്നതാണ് ഈ പദ്ധതി.
ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് സാബു അബ്രഹാമിൻ്റെ മേൽനോട്ടത്തിൽ ജില്ലയിലെ വികസന ക്ഷേമ പ്രവർത്തനങ്ങൾ നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് വിവിധ മേഖലയിൽ പ്രവർത്തിക്കുന്നവരുമായി സംവദിക്കുകയും 'എർണ കാസറഗോഡ്' എന്ന പേരിൽ അഭിപ്രായങ്ങളും നിർദേശങ്ങളും സ്വീകരിക്കുകയും ചെയ്തിരുന്നു. ഇതിൻ്റെ ഭാഗമായി ലഭിച്ച നിർദേശത്തിൻ്റെ അടിസ്ഥാനത്തിലാണ് പ്രഭാത ഭക്ഷണ പദ്ധതി ആസൂത്രണം ചെയ്തത്. ഇതിനായി ജില്ലാ പഞ്ചായത്തിൻ്റെ തനത് ഫണ്ടിൽ നിന്ന് 20 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്. പദ്ധതി മാനദണ്ഡപ്രകാരം കുടുംബശ്രീ സംരംഭങ്ങളിൽ നിന്ന് ക്വട്ടേഷൻ ക്ഷണിച്ചാണ് പദ്ധതി നടപ്പിലാക്കിയത്. കാഞ്ഞങ്ങാട് നഗരസഭയിലെ കണ്ണകി കുടുംബശ്രീ സംരംഭമാണ് പദ്ധതി ഏറ്റെടുത്തത്.
അഡ്വ. ഗോവിന്ദൻ പള്ളിക്കാപ്പിൽ എംഎൽഎ പദ്ധതി ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്തിൻ്റെ മനുഷ്യത്വം ഉയർത്തിപ്പിടിക്കുന്ന പദ്ധതിയാണ് നല്ല ചായ നല്ല തുടക്കം പ്രഭാത ഭക്ഷണ വിതരണത്തിലൂടെ നടപ്പിലാക്കുന്നതെന്ന് എംഎൽഎ പറഞ്ഞു. ആശുപത്രിയിൽ അഡ്മിറ്റാവുന്ന നൂറുകണക്കിന് സാധാരണക്കാരായ രോഗികൾക്ക് വലിയ പ്രയോജനമാണ് ഈ പദ്ധതി വഴി ലഭിക്കുന്നത്. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന രോഗികൾക്ക് ഈ പദ്ധതി വലിയൊരു കൈത്താങ്ങാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് സാബു അബ്രഹാം പരിപാടിയിൽ അധ്യക്ഷത വഹിച്ചു.