Image

കെഎസ്ആർടിസി സൗജന്യ യാത്ര: ആദ്യ 100 ദിവസം ഓർഡിനറി ബസുകളിൽ മാത്രം

Published on 08 June, 2026
കെഎസ്ആർടിസി സൗജന്യ യാത്ര: ആദ്യ 100 ദിവസം ഓർഡിനറി ബസുകളിൽ മാത്രം

തിരുവനന്തപുരം: കെ എസ് ആർ ടി സി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര നൽകുന്നതിൽ വിശദാംശങ്ങള്‍ വരും ദിവസങ്ങളിൽ വ്യക്തമാക്കുമെന്ന് ഗതാഗത മന്ത്രി സിപി ജോൺ. ഏതൊക്കെ ബസുകളിൽ സേവനം ലഭ്യമാകുമെന്ന കാര്യത്തിൽ ജൂൺ 10ന് നടക്കുന്ന മന്ത്രിസഭാ യോഗത്തിന് ശേഷം മുഖ്യമന്ത്രി വി ഡി സതീശൻ പ്രഖ്യാപിക്കുമെന്നും അദ്ദേഹം പറഞ്ഞു.

സൗജന്യ യാത്രാ പദ്ധതി ഓഡിനറിക്ക് പുറമേ മറ്റ് ബസ് സർവീസുകളിലേക്ക് വ്യാപിപ്പിച്ചേക്കും. പദ്ധതിയുടെ ആദ്യ 100 ദിവസം ഓർഡിനറി ബസുകളിൽ മാത്രമായിരിക്കും സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കുക. ഇതിനുശേഷം ഫാസ്റ്റ്, സൂപ്പർഫാസ്റ്റ് ഉൾപ്പെടെയുള്ള കൂടുതൽ ബസുകളിലേക്ക് സൗജന്യം വ്യാപിപ്പിക്കുന്ന കാര്യം സർക്കാരിൻ്റെ സജീവ പരിഗണനയിലാണെന്ന് ഗതാഗത മന്ത്രി വ്യക്തമാക്കി. പദ്ധതി ഓർഡിനറി ബസുകളിൽ മാത്രം നടപ്പാക്കിയാൽ 712 കോടി രൂപയുടെ ചെലവാണ് വരുന്നത്. എന്നാൽ എല്ലാ ബസുകളിലും അനുവദിച്ചാൽ ഇത് 1300 കോടി രൂപയായി ഉയരുമെന്നും മന്ത്രി പറഞ്ഞു.

എന്നാൽ, സാമ്പത്തിക നഷ്‌ടത്തെക്കുറിച്ച് കെഎസ്ആർടിസി ഒട്ടും ആശങ്കപ്പെടേണ്ടതില്ലെന്നും സർക്കാർ സാമ്പത്തിക സഹായത്തോടെയായിരിക്കും പദ്ധതി നടപ്പാക്കുകയെന്നും മന്ത്രി ഉറപ്പുനൽകി. കെ എസ് ആർ ടി സി ജീവനക്കാർക്കും ഇതിൽ ആശങ്ക വേണ്ടെന്ന് മന്ത്രി കൂട്ടിച്ചേർത്തു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക