
ന്യൂഡല്‍ഹി: നീറ്റ് പുനഃപരീക്ഷയുടെ ചോദ്യപേപ്പര്‍ തയറാക്കുന്ന സംഘത്തിന് കര്‍ശന നിയന്ത്രണങ്ങളുമായി എന്‍ടിഎ. സംഘത്തെ പ്രത്യേക കേന്ദ്രത്തില്‍ പാര്‍പ്പിച്ചിരിക്കുകയാണ്. ഫോണും ഇന്റര്‍നെറ്റ് ഇല്ലാതെയാണ് അധ്യാപകര്‍ ഇവിടെ കഴിയുന്നത്.
സഹായികള്‍ക്കും പുറത്തുപോകാന്‍ അനുമതിയില്ല. 21 ന് പരീക്ഷ കഴിയുന്നത് വരെ ഇവിടെ തുടരണം. ലാപ് ടോപ്, സ്മാര്‍ട്ട് വാച്ചടക്കം ഉപയോഗിക്കുന്നതിനും നിയന്ത്രണമുണ്ട്. മറ്റ് ജീവനക്കാര്‍ പുറത്തേക്ക് പോകുന്നതും തിരിച്ചു വരുന്നതും കൃത്യമായി നിരീക്ഷിക്കും.
മുന്‍വര്‍ഷങ്ങളിലെ വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് ദേശീയ പരീക്ഷാ ഏജന്‍സി ഇത്രയും കടുത്ത സുരക്ഷാ വലയം തീര്‍ത്തിരിക്കുന്നത്. പെന്‍-പേപ്പര്‍ രീതിയില്‍ പുനഃപരീക്ഷ നടത്തുന്നതിലാണു ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നതെന്ന് എന്‍ടിഎ ഉദ്യോഗസ്ഥര്‍ പാര്‍ലമെന്ററി സമിതിയില്‍ വിശദീകരിച്ചു.
അടുത്തവര്‍ഷം മുതല്‍ പരീക്ഷ കംപ്യൂട്ടര്‍ അധിഷ്ഠിതമായി നടപ്പാക്കാന്‍ തീരുമാനിച്ചതായി എന്‍ടിഎ ഡയറക്ടര്‍ ജനറല്‍ അഭിഷേക് സിംഗ് പറഞ്ഞു. രണ്ട് പരീക്ഷാരീതികളുടെയും നേട്ടങ്ങളും പിഴവുകളും യോഗം വിശദമായി ചര്‍ച്ച ചെയ്തു.