Image

എൻ ബി സി ലേഖികയുമായി ഇടഞ്ഞു ട്രംപ് ഇന്റർവ്യൂ പൊടുന്നനെ അവസാനിപ്പിച്ചു (പിപിഎം)

Published on 08 June, 2026
എൻ ബി സി ലേഖികയുമായി ഇടഞ്ഞു ട്രംപ് ഇന്റർവ്യൂ പൊടുന്നനെ അവസാനിപ്പിച്ചു (പിപിഎം)

2020 പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ തട്ടിപ്പു നടന്നു എന്ന  പ്രസിഡന്റ് ഡോണൾഡ്‌  ട്രംപിന്റെ ആരോപണത്തിനു തെളിവില്ല എന്നു ചൂണ്ടിക്കാട്ടിയ എൻ ബി സി ലേഖിക ക്രിസ്റ്റൻ വെൽകെറോട് ക്ഷോഭിച്ചു ട്രംപ് ഞായറാഴ്ച്ച അവർക്കു നൽകിയ ഇന്റർവ്യൂ പൊടുന്നനെ അവസാനിപ്പിച്ചു.

ജോ ബൈഡൻ തന്നിൽ നിന്നു വിജയം തട്ടിയെടുത്തു എന്ന ആരോപണത്തിനു യാതൊരു തെളിവും ട്രംപിനു ഹാജരാക്കാൻ കഴിഞ്ഞിട്ടില്ലെന്നു വിസ്കോൺസിനിൽ വെൽകർ പറഞ്ഞത് കാലിഫോർണിയ ഗവർണർ പ്രൈമറിയിൽ തട്ടിപ്പു നടന്നു എന്ന ആരോപണം ട്രംപ് ഉന്നയിച്ചപ്പോഴാണ്.  ട്രംപ് പിന്തുണച്ച റിപ്പബ്ലിക്കൻ സ്ഥാനാർഥി സ്റ്റീവ് ഹിൽട്ടൺ പരാജയം നേരിടുമ്പോഴാണ്  അദ്ദേഹം  തട്ടിപ്പു ആരോപണം ഉയർത്തിയത്. 

"നിങ്ങൾ ഒരു പക്ഷം പിടിക്കുന്ന തട്ടിപ്പു നെറ്റ്വർക്കാണ്," ട്രംപ് പറഞ്ഞു. "നമുക്കിവിടെ നിർത്താം, എനിക്കു മതിയായി, നന്ദി പ്രിയമുള്ളവളേ, ശുഭാശംസ."

വിസ്കോൺസിനിലേക്കു പാടുപെട്ടാണ് എത്തിയതെന്നു ചൂണ്ടിക്കാട്ടി, അനുവദിച്ച അഭിമുഖം പൂർത്തിയാക്കണമെന്നു വെൽകെർ അഭ്യർഥിച്ചെങ്കിലും ട്രംപ് വഴങ്ങിയില്ല. "ഞാൻ ഈ മഴയത്തു നിങ്ങളോടൊപ്പം ഒരു മണിക്കൂർ ഇരുന്നു," അദ്ദേഹം പറഞ്ഞു. "നിങ്ങൾക്കു ഞാൻ ധാരാളം സമയം തന്നിട്ടുണ്ട്. നിങ്ങളുടെ മാധ്യമം നേരേയാക്കണം. സത്യസന്ധത ഇല്ലാത്ത മാധ്യമങ്ങൾ കൊണ്ട് ഒരു രാജ്യത്തിനും മഹത്വം നേടാൻ കഴിയില്ല."

ട്രംപുമായി പിന്നീട് സംസാരിച്ചപ്പോൾ അദ്ദേഹം മറ്റൊരു ഇന്റർവ്യൂ നടത്താൻ സമയം ഉറപ്പു നൽകിയെന്നു വെൽകെർ പിന്നീട് അറിയിച്ചു. എടുത്ത ഇന്റർവ്യൂ ഞായറാഴ്ച്ച സംപ്രേക്ഷണം ചെയ്തു.

അവസാന ആറു മിനിറ്റിൽ ട്രംപിന്റെ $1.776 ബില്യൺ ആന്റി-വെപ്പനൈസേഷൻ ഫണ്ടിനെ കുറിച്ച് ചോദിച്ചതാണ് പ്രകോപനമായത്. സ്വന്തം അനുയായികൾക്ക് പൊതുഖജനാവിൽ നിന്നു പണം എടുത്തു കൊടുക്കുന്ന ഫണ്ടിനെ അതിരൂക്ഷമായി വിമർശിച്ചു കോടതി തള്ളിയതോടെ ട്രംപ് അതു പിൻവലിക്കയായിരുന്നു. എന്നാൽ ഫണ്ടിന്റെ ആശയം മഹത്തരം ആയിരുന്നുവെന്നു ട്രംപ് പറയുന്നു.

Trump quits interview after clash with NBC

 

 

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക