
ലോസ് ഏഞ്ജലസ് മേയർ സ്ഥാനത്തേക്കുള്ള പ്രൈമറിയിൽ മേയർ കാരൻ ബാസും ഇന്ത്യൻ അമേരിക്കൻ നിത്യാ രാമനും ആയിരിക്കും വിജയികൾ എന്നു വ്യക്തമായി. വോട്ടെണ്ണൽ ഞായറാഴ്ച്ച 87% കഴിഞ്ഞപ്പോൾ രാമൻ റിപ്പബ്ലിക്കൻ ടെലിവിഷൻ താരം സ്‌പെൻസർ പ്രാറ്റിനെ പിന്തള്ളി രണ്ടാം സ്ഥാനത്തേക്കു കുതിച്ചു.
ആർക്കും 50% വോട്ടുകൾ കിട്ടാത്ത സാഹചര്യത്തിൽ ഏറ്റവും അധികം വോട്ട് ലഭിച്ച രണ്ടു പേർ നവംബർ 3നു മത്സരിക്കും. ബാസിനു 34.68%, രാമന് 27.12% എന്നിങ്ങനെയാണ് അവസാനത്തെ നില. പ്രാറ്റ് 26.69% വോട്ടുമായി മൂന്നാം സ്ഥാനത്താണ്.
ഡെമോക്രാറ്റിക് കോട്ടയിൽ കടന്നു കയറാനുളള റിപ്പബ്ലിക്കൻ ശ്രമം പരാജയപ്പെട്ടതോടെ മത്സരം രണ്ടു ഡെമോക്രാറ്റുകൾ തമ്മിലായി. ബാസ് വീണ്ടും വിജയം കാണുന്നു എന്നു പ്രവചനങ്ങൾ ഉണ്ടെങ്കിലും 6 വർഷം സിറ്റി കൗൺസിൽ അംഗമായിരുന്ന നഗരാസൂത്രണ വിദഗ്ദ്ധയായ രാമനു പ്രതീക്ഷ നൽകുന്നത് ബാസിന്റെ ഭരണം ദയനീയ പരാജയമാണ് എന്ന വിലയിരുത്തലാണ്.
മേയിൽ നടത്തിയ യുസി ബെർക്കിലി-ലോസ് ഏഞ്ജലസ് ടൈംസ് സർവേയിൽ ബാസിനു രാമന്റെ മേൽ ഒരൊറ്റ പോയിന്റ് ലീഡ് മാത്രമാണ് ഉള്ളത്. സമ്പന്നയായ കറുത്ത വർഗക്കാരി ബാസ് പക്ഷെ 50% നേടിയില്ല എന്ന വസ്‌തുത ബാക്കി നിൽക്കുന്നു.
കാട്ടുതീ കൈകാര്യം ചെയ്തതിൽ പരാജയപ്പെട്ടു, പാർപ്പിട പ്രശ്നം രൂക്ഷമായിട്ടും നടപടി ഉണ്ടായില്ല എന്നിങ്ങനെയുള്ള ആരോപണങ്ങൾ അവർക്കെതിരെ ഉയർന്നിട്ടുണ്ട്. എന്നാൽ വീടില്ലാത്തവരുടെ സാന്നിധ്യം നഗരത്തിൽ 17.5% മാത്രമായി കുറച്ചെന്ന അവകാശവാദമാണ് ബാസിന്റെ മറുപടി.
സിറ്റിംഗ് അംഗത്തെ തോൽപിച്ചു 2020ൽ സിറ്റി കൗൺസിലിൽ എത്തിയ രാമന്റെ വേരുകൾ കേരളത്തിലാണ്.
Nithya Raman forges ahead as 87% counted