
ലോസ് ഏഞ്ജലസ് സിറ്റി മേയർ പ്രൈമറിയിലെ വോട്ടെണ്ണൽ നീണ്ടു നീണ്ടു പോകുന്നതിനിടയിൽ മലയാളിയായ നിത്യാ രാമൻ വമ്പിച്ച മുന്നേറ്റം നടത്തി. മേയർ കാരൻ ബാസ് 34.81% (235,180 വോട്ട് ) നേടി നവംബർ 3 മത്സരം ഉറപ്പാക്കിയപ്പോൾ മൂന്നാം സ്ഥാനത്തു നിന്ന രാമൻ ശനിയാഴ്ച്ച എണ്ണിയ വോട്ടുകളിൽ 40% പിടിച്ചു രണ്ടാം സ്ഥാനത്തിന് 1% മാത്രം പിന്നിൽ എത്തി.
രണ്ടാമനായി നിൽക്കുന്ന റിപ്പബ്ലിക്കൻ ടി വി താരം സ്‌പെൻസർ പ്രാറ്റ് ഡെമോക്രാറ്റിക് കോട്ട തകർക്കുമെന്ന് അവകാശ വാദമൊക്കെ ഉന്നയിക്കുമ്പോഴും രാമൻ അദ്ദേഹത്തെ പിൻതള്ളാനുള്ള സാധ്യത ഉയർന്നു തന്നെ നിൽക്കുന്നു. പ്രാറ്റ് 27.32% (184,596 വോട്ട്) നേടിയിട്ടുണ്ടെങ്കിൽ രാമൻ ശനിയാഴ്ചത്തെ കുതിപ്പിൽ 26.21% (177,102 വോട്ട്) എത്തി.
ഏറ്റവുമധികം വോട്ടുകൾ നേടുന്ന രണ്ടു പേർ നവംബർ 3നു ഏറ്റുമുട്ടുന്ന തിരഞ്ഞെടുപ്പിൽ രാമൻ കൂടി സ്ഥാനാർത്ഥിയായാൽ മത്സരം രണ്ടു ഡെമോക്രാറ്റുകൾ തമ്മിലാവും. മത്സരം ബാസും രാമനും തമ്മിൽ തന്നെ ആയിരിക്കുമെന്നു ഡെമോക്രാറ്റുകൾ തറപ്പിച്ചു പറയുന്നു.
നഗരാസൂത്രണ വിദഗ്ദ്ധയായ രാമൻ തിരഞ്ഞെടുപ്പിൽ മുൻ കോൺഗ്രസ് അംഗവും ആദ്യത്തെ വനിതാ മേയറുമായ ആഫ്രിക്കൻ അമേരിക്കൻ കാരൻ ബാസിനെ തോൽപ്പിക്കാനുള്ള സാധ്യതയും നിരീക്ഷകർ കാണുന്നുണ്ട്. ലോസ് ഏഞ്ചലസിനെ വിഴുങ്ങിയ കാട്ടുതീ പോലുള്ള പ്രതിസന്ധികളിൽ ബാസ് മികവ് കാട്ടിയില്ല എന്ന വിമർശനം കടുത്തു നിൽക്കുന്നു. അതു കൊണ്ടാണ് 50% ആദ്യ റൗണ്ടിൽ തന്നെ നേടാൻ കഴിയാതെ പോയത്.
ശനിയാഴ്ച്ച ലോസ് ഏഞ്ജലസ് കൗണ്ടിയിലെ 58,558 വോട്ടുകളാണ് എണ്ണിയത്. അതിൽ 40.16% (23,514) രാമൻ നേടിയപ്പോൾ ബാസ് 33% (19,312), പ്രാറ്റ് 18% (10,336) എന്നിങ്ങനെ ആയിരുന്നു മറ്റുള്ളവർക്ക്.
ഇനിയും 550,000 മുതൽ 600,000 വരെ വോട്ടുകൾ എണ്ണാനുണ്ട് എന്നാണ് കരുതപ്പെടുന്നത്. പല ഭാഗങ്ങളിൽ നിന്നും വോട്ടുകൾ വൈകിയാണ് എത്തുന്നത്. വെള്ളിയാഴ്ചയും ശനിയാഴ്ചയും നേടിയ പോലെ വോട്ടുകൾ ലഭിച്ചാൽ രാമനു രണ്ടാം സ്ഥാനം പിടിക്കാൻ കഴിയും.
വോട്ടെടുപ്പിൽ തട്ടിപ്പു നടന്നതായി സൂചനയൊന്നും ഇല്ലെങ്കിലും പ്രസിഡന്റ് ട്രംപിന്റെ പിന്തുണയുള്ള പ്രാറ്റും പാർട്ടിയും അങ്ങിനെയൊരു ആരോപണം ഉന്നയിച്ചിട്ടുണ്ട്.
Nithya Raman surges in LA primary