Image

വിജയ് ഒഴിയുന്ന ട്രിച്ചി സീറ്റിൽ നടൻ രാഘവ ലോറൻസ് മത്സരിച്ചേക്കും

Published on 07 June, 2026
വിജയ് ഒഴിയുന്ന ട്രിച്ചി സീറ്റിൽ നടൻ രാഘവ ലോറൻസ് മത്സരിച്ചേക്കും

ചെന്നൈ: തമിഴ്നാട് രാഷ്ട്രീയത്തിലേക്ക് നടനും സംവിധായകനുമായ രാഘവ ലോറൻസ് എത്തുന്നതായി സൂചന. നിയമസഭാ തെരഞ്ഞെടുപ്പിൽ വിജയ് ജയിച്ച രണ്ട് സീറ്റുകളിലൊന്നായ ട്രിച്ചിയിൽ ടിവികെ സ്ഥാനാർഥിയായി രാഘവ ലോറൻസ് മത്സരിച്ചേക്കും. ജൂൺ 11ന് രാവിലെ 9.30ന് രാഘവ ലോറൻസ് വാർത്താ സമ്മേളനം പ്രഖ്യാപിച്ചിട്ടുണ്ട്. പ്രധാനപ്പെട്ട ഒരു പ്രഖ്യാപനം ഉണ്ടാകുമെന്നും താരം വ്യക്തമാക്കിയിട്ടുണ്ട്. ഉപ തെരഞ്ഞെടുപ്പിൽ മത്സരിക്കുമോ എന്ന് ചോദിച്ചു കൊണ്ട് നിരവധി പേരാണ് തനിക്ക് മെസേജയച്ചതെന്നും അഭ്യൂഹങ്ങൾ കനക്കുന്ന സാഹചര്യത്തിൽ അതിനൊരു വ്യക്തത വരുത്തേണ്ടതുണ്ടെന്നും ലോറൻസ് എക്സിൽ കുറിച്ചിട്ടുണ്ട്.

നിലവിൽ ബെൻസ് എന്ന സിനിമയുടെ ചിത്രീകരണത്തിലാണ് ലോറൻസ്. ജൂൺ 10നാണ് ചിത്രീകരണം അവസാനിക്കുക. ട്രിച്ചിയിലും പേരമ്പൂരിലും മത്സരിച്ച വിജയ് രണ്ടു സീറ്റുകളിലും വിജയിച്ചിരുന്നു. ട്രിച്ചിയിൽ ഡിഎംകെയുടെ ഇനിഗോ ഇരുദയരാജിനെ 27,416 വോട്ടുകൾക്കാണ് വിജയ് പരാജയപ്പെടുത്തിയത്.

നിലവിൽ പെരമ്പൂർ സീറ്റ് നില നിർത്താനാണ് വിജയ് തീരുമാനിച്ചിരിക്കുന്നത്. രാജി വയ്ക്കുന്ന സീറ്റിൽ തൃഷ മത്സരിച്ചേക്കുമെന്ന അഭ്യൂഹങ്ങൾ ശക്തമായിരുന്നു. അതിനിടെയാണ് രാഘവ ലോറൻസിന്‍റെ പേരും ഉയർന്നു വന്നിരിക്കുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക