Image

ചികിത്സക്കിടെ കൈ നഷ്ടമായ ഒമ്പത് വയസുകാരിക്ക് ഭാവിയില്‍ സര്‍ക്കാര്‍ ജോലി നല്‍കണം: ബാലാവകാശ കമ്മീഷന്‍

Published on 07 June, 2026
ചികിത്സക്കിടെ കൈ നഷ്ടമായ ഒമ്പത് വയസുകാരിക്ക് ഭാവിയില്‍ സര്‍ക്കാര്‍ ജോലി നല്‍കണം: ബാലാവകാശ കമ്മീഷന്‍

പാലക്കാട്: ചികിത്സക്കിടെ കൈ നഷ്ടമായ ഒമ്പത് വയസുകാരി വിനോദിനിക്ക് പ്രായപൂര്‍ത്തിയാകുമ്പോള്‍ സര്‍ക്കാര്‍ ജോലി നല്‍കണമെന്ന് ഉത്തരവിറക്കി സംസ്ഥാന ബാലാവകാശ കമ്മീഷന്‍. കുട്ടിയുടെ ഭാവിജീവിതവും തൊഴില്‍ സാധ്യതകളും ഗുരുതരമായി ബാധിക്കപ്പെട്ട സാഹചര്യത്തിലാണ് കമ്മീഷന്‍ ചീഫ് സെക്രട്ടറിക്ക് നിര്‍ണായക നിര്‍ദേശം നല്‍കിയത്.

കൈ നഷ്ടപ്പെട്ടതിനാല്‍ ഭാവിയില്‍ സാധാരണ തൊഴില്‍ ചെയ്യാനോ സ്ഥിര വരുമാനം കണ്ടെത്താനോ കുട്ടിക്ക് ബുദ്ധിമുട്ടുണ്ടാകുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ ജോലി നല്‍കണമെന്ന ശുപാര്‍ശ.

കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ കെവി മനോജ്കുമാറും അംഗം ഷാജേഷ് ഭാസ്‌കര്‍ പിയും ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്. കുട്ടിയുടെ വിദ്യാഭ്യാസവും ചികിത്സയും സര്‍ക്കാര്‍ തുടര്‍ന്നും ഏറ്റെടുക്കണമെന്നും കമ്മീഷന്‍ നിര്‍ദേശിച്ചു. 21 വയസ് വരെ പഠനച്ചെലവ് സര്‍ക്കാര്‍ വാഗ്ദാനം ചെയ്തിട്ടുള്ളതിനാല്‍ അത് ഉറപ്പാക്കേണ്ട ഉത്തരവാദിത്വം പാലക്കാട് ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍ക്കാണെന്ന് കമ്മീഷന്‍ വ്യക്തമാക്കി.

 തുടര്‍ചികിത്സയുടെ മുഴുവന്‍ ചെലവും ആരോഗ്യവകുപ്പ് വഹിക്കണമെന്നും നിര്‍ദേശമുണ്ട്. ഇതോടൊപ്പം മിഷന്‍ വാത്സല്യ പദ്ധതിയുടെ ആനുകൂല്യങ്ങളും പ്രത്യേക കുടുംബസാഹചര്യത്തില്‍ ആവശ്യമായ മാനസിക പിന്തുണയും കൗണ്‍സലിംഗും മാര്‍ഗനിര്‍ദേശങ്ങളും കുട്ടിക്കും കുടുംബത്തിനും ലഭ്യമാക്കണമെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക