Image

പിഎം ശ്രീ : വിശദമായ ചർച്ചകൾക്ക് ശേഷം തീരുമാനമെന്ന് സർക്കാർ; നിലപാട് ഇരട്ടത്താപ്പെന്ന് പ്രതിപക്ഷം

Published on 07 June, 2026
പിഎം ശ്രീ :  വിശദമായ ചർച്ചകൾക്ക് ശേഷം  തീരുമാനമെന്ന് സർക്കാർ; നിലപാട് ഇരട്ടത്താപ്പെന്ന് പ്രതിപക്ഷം

തിരുവനന്തപുരം: കേന്ദ്ര സർക്കാരിൻ്റെ പ്രധാനപ്പെട്ട വിദ്യാഭ്യാസ പദ്ധതിയായ പിഎം ശ്രീ കേരളത്തിൽ വീണ്ടും കടുത്ത രാഷ്ട്രീയ പോരാട്ടത്തിന് വഴിയൊരുക്കിയിരിക്കുകയാണ്. സ്‌കൂളുകളുടെ നവീകരണത്തിനായി കേന്ദ്രം നടപ്പിലാക്കുന്ന ഈ പദ്ധതിയെച്ചൊല്ലി സംസ്ഥാന സർക്കാരും പ്രതിപക്ഷവും തമ്മിലുള്ള വാക്പോര് മുറുകുകയാണ്. വിശദമായ ചർച്ചകൾക്ക് ശേഷം മാത്രമെ അന്തിമ തീരുമാനം എടുക്കൂ എന്ന ഭരണകക്ഷിയായ യുഡിഎഫ് പ്രഖ്യാപനത്തെ ഇരട്ടത്താപ്പെന്ന് പ്രതിപക്ഷം വിമർശിച്ചു.

എല്ലാ വശങ്ങളും പരിശോധിച്ച് വിദഗ്‌ധരുമായി കൂടിയാലോചിച്ച ശേഷമാണ് പ്രധാനമന്ത്രി സ്‌കൂൾസ് ഫോർ റൈസിംഗ് ഇന്ത്യ പദ്ധതി നടപ്പാക്കുന്നതിനെക്കുറിച്ച് സർക്കാർ തീരുമാനിക്കുക എന്ന് പൊതുവിദ്യാഭ്യാസ മന്ത്രി എൻ ഷംസുദ്ധീൻ പറഞ്ഞതിന് തൊട്ടുപിന്നാലെയാണ് പ്രതികരണങ്ങൾ.

മുൻ എൽഡിഎഫ് സർക്കാർ കേന്ദ്രവുമായി കരാറിൽ ഒപ്പുവച്ചിട്ടുണ്ടെന്ന് മുതിർന്ന കോൺഗ്രസ് നേതാവും ആരോഗ്യ മന്ത്രിയുമായ കെ മുരളീധരൻ മാധ്യമപ്രവർത്തകരോട് പറഞ്ഞു. ഒരു സർക്കാർ ഒരു കരാറിൽ ഒപ്പുവച്ചുകഴിഞ്ഞാൽ, അതിൽ നിന്ന് പിന്മാറുക എളുപ്പമല്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, കോൺഗ്രസ് നേതൃത്വത്തിലുള്ള യുഡിഎഫ് സർക്കാർ തിടുക്കത്തിൽ ഇത്തരം പ്രാധാന്യമുള്ള വിഷയത്തിൽ തീരുമാനമെടുക്കില്ലെന്ന് മുരളീധരൻ പ്രതികരിച്ചു.

ഒരു തീരുമാനത്തിലെത്തുന്നതിനുമുമ്പ് എല്ലാ വശങ്ങളും വിശദമായി പരിശോധിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഭരണപക്ഷത്ത് അന്തിമ നിലപാട് എടുക്കുന്നതിന് മുമ്പ് ഈ വിഷയം ചർച്ച ചെയ്യുമെന്ന് മുതിർന്ന മുസ്ലീം ലീഗ് നേതാവ് പി എം എ സലാമും പറഞ്ഞു. യു ഡി എഫിലെ പ്രധാന പങ്കാളിയായ ഐ യു എം എൽ പദ്ധതിയോടുള്ള മുൻകാല എതിർപ്പ് മയപ്പെടുത്തുകയാണോ എന്ന ചോദ്യത്തിന്, ന്യായീകരിക്കാവുന്ന കാര്യങ്ങളിൽ വിട്ടുവീഴ്‌ച ചെയ്യാൻ ഞങ്ങൾ തയ്യാറാണ്. പക്ഷേ അല്ലാത്ത വിഷയങ്ങളിൽ അല്ല എന്നു താന്നെയാകും നിലപാടെന്ന് സലാം പറഞ്ഞു.

മതിയായ മന്ത്രിസഭാ ചർച്ച കൂടാതെയും സഖ്യകക്ഷികളെ അറിയിക്കാതെയും പിഎം ശ്രീ പദ്ധതി കരാറിൽ ഒപ്പുവച്ചുകൊണ്ട് മുൻ എൽ ഡി എഫ് സർക്കാർ അനുചിതമായി പ്രവർത്തിച്ചുവെന്ന് അദ്ദേഹം ആരോപിച്ചു. ആ തെറ്റായ സമീപനത്തെ ഞങ്ങൾ എതിർത്തു. ശേഷിക്കുന്ന വിഷയങ്ങൾ യു ഡി എഫിനുള്ളിൽ ചർച്ച ചെയ്യും, ശേഷം ഉചിതമായ തീരുമാനം എടുക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

എന്നിരുന്നാലും, കേന്ദ്രം അവതരിപ്പിച്ച നയങ്ങളെ ക്രമേണ യുഡിഎഫും ലീഗും അംഗീകരിക്കുകയാണെന്ന് മുതിർന്ന സി പി ഐ നേതാവും മുൻ മന്ത്രിയുമായ ജി ആർ അനിൽ ആരോപിച്ചു. പിഎം ശ്രീ പദ്ധതി മുൻപ് അവർ ഏറ്റവും ശക്തമായി എതിർത്ത പദ്ധതികളിലൊന്നായിരുന്നു. പ്രത്യേകിച്ച് ലീഗ് എന്നും അദ്ദേഹം പറഞ്ഞു. മുസ്ലിം ലീഗില്‍ നിന്നുള്ള ഒരു പൊതുവിദ്യാഭ്യാസ മന്ത്രിയുടെ കീഴിൽ പദ്ധതി ഇപ്പോൾ നടപ്പിലാക്കാൻ കഴിയുന്നത് വിരോധാഭാസമാണെന്നും മണ്ടത്തരമായ ന്യായീകരണങ്ങളാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

വിവാദത്തിൻ്റെ ഉത്തരവാദിത്തം മുൻ എൽഡിഎഫ് സർക്കാരിലേക്ക് മാറ്റാനും തങ്ങളെ കുറ്റമറ്റവരായി ചിത്രീകരിക്കാനും യുഡിഎഫ് ശ്രമിക്കുകയാണ്. ഇത് ഇരട്ടത്താപ്പാണ്, ഞങ്ങൾ അതിനെ ശക്തമായി എതിർക്കും ജി ആർ അനിൽ പറഞ്ഞു

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക