
ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് 2023ൽ വൈറ്റ് ഹൗസിൽ നൽകിയ സ്റ്റേറ്റ് ഡിന്നറിനു മുൻപ് ഭക്ഷണം ഒരുക്കുന്നതിനെ കുറിച്ച് നിരവധി വ്യവസ്ഥകൾ ലഭിച്ചിരുന്നു എന്നു View from the East Wing: A Memoir എന്ന പുസ്തകത്തിൽ മുൻ പ്രഥമ വനിത ജിൽ ബൈഡൻ എഴുതുന്നു.
ജോ ബൈഡന്റെ ഭരണകാലത്തു ഏറ്റവും പ്രധാനപ്പെട്ട ഒരു സ്വീകരണ വിരുന്നായിരുന്നു അത്. "മാസങ്ങളോളം നീണ്ട ആസൂത്രണം കഴിഞ്ഞിട്ടും അവസാന ദിവസവും അപ്രതീക്ഷിത വെല്ലുവിളികൾ ഉണ്ടായി.
"സസ്യ ഭക്ഷണം ഒരുക്കിയാൽ പ്രശ്നം തീർന്നുവെന്നു ഞങ്ങൾ കരുതി. എന്നാൽ അവസാന നിമിഷം വേഗൻ ഭക്ഷണത്തിനു പല വ്യവസ്ഥകളും വന്നു. പാൽ ഉത്പന്നങ്ങൾ ഒഴിവാക്കണം, വെളുത്തുള്ളി ചേർക്കാൻ പാടില്ല എന്നിങ്ങനെ.
"അതിഥികളുടെ ആവശ്യങ്ങൾ നേരിടാൻ അടുക്കളയിൽ വലിയ പണിയായിരുന്നു."
പൂക്കളും മറ്റു അലങ്കാരങ്ങളും മുതൽ മെനുവും ഇരിപ്പിടങ്ങളും അതീവ ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ടി വന്നുവെന്നു ജിൽ ബൈഡൻ ഓർമിക്കുന്നു. പ്രഥമ വനിതയുടെ ചുമതലയിൽ അങ്ങിനെ നിരവധി സ്റ്റേറ്റ് ഡിന്നറുകൾ നടത്തി.
നൂറു കണക്കിന് ചടങ്ങുകൾ നടത്താൻ സഹായിച്ച വൈറ്റ് ഹൗസ് സോഷ്യൽ സെക്രട്ടറി കാർലോസ് എലിസൺഡോയെ അവർ ഓർമിച്ചു.
നൂറു കണക്കിന് അതിഥികളെ സ്വീകരിക്കുന്നതിന്റെ ശാരീരിക വെല്ലുവിളി മറന്നിട്ടില്ലെന്നു ജിൽ ബൈഡൻ പറയുന്നു. "ഒട്ടേറെപ്പേർക്കു കൈകൊടുത്തു പലപ്പോഴും കൈവേദന വന്നു. കൈ ഐസ് നിറച്ച ബക്കറ്റിൽ മുക്കിയിരുന്നു. ഹിലരി ക്ലിന്റൺ പഠിപ്പിച്ച സൂത്രം."
സംഭാഷണ പ്രിയനായ ജോ ബൈഡൻ കൂടുതൽ നേരം സംസാരിച്ചു പലപ്പോഴും ചടങ്ങുകൾ ദീർഘിപ്പിച്ചെന്നും അവർ എഴുതുന്നു. "ഞങ്ങൾ കാര്യങ്ങൾ വേഗത്തിൽ തീർക്കാൻ ശ്രമിക്കുമ്പോൾ ജോ എല്ലാവരോടും മണിക്കൂറുകളോളം സംസാരിക്കാൻ ശ്രമിക്കും."
സാംസ്‌കാരിക പരിഗണനകളും പ്രധാനമായിരുന്നുവെന്നു ജിൽ ബൈഡൻ എഴുതുന്നു. ഉദാഹരണത്തിന് ഇന്ത്യ, ചൈന, ജപ്പാൻ എന്നീ രാജ്യങ്ങളിൽ നിന്നുള്ളവർക്കു വിരുന്നൊരുക്കുമ്പോൾ വെള്ള നിറം ഒഴിവാക്കാൻ ശ്രമിക്കും. “കാരണം ആ രാജ്യങ്ങളിൽ വെള്ള മരണവുമായി ബന്ധപ്പെട്ടു കിടക്കുന്നു.”
Jill Biden recalls dietary requests ahead of Modi’s state dinner